പെഡ്രി : ❝ സ്പാനിഷ് ടീമിൽ ഇനിയേസ്റ്റക്കും,സാവിക്കും ഒത്ത പകരക്കാരൻ ❞

ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡ് സാങ്കേതിക വിദഗ്ധരിൽ സംഭാവന ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. ആൻഡ്രസ് ഇനിയേസ്റ്റ, സാവി , സാബി അലോൺസോ, സെസ്ക് ഫാബ്രിഗാസ് തുടങ്ങി നിരവധി താരങ്ങളാണ് സ്പെയിനിൽ നിന്നും ഉയർന്നു വന്നിരിക്കുന്നത്. അവരുടെ ഇടയിലേക്ക് യൂറോ കപ്പോടെ ഉയർന്നു വന്ന കൗമാര താരമാണ് 18 കാരനായ പെഡ്രി. പെഡ്രി എന്ന പേരിൽ അറിയപ്പെടുന്ന പെഡ്രോ ഗോൺസാലസ് ലോപ്പസ് യൂറോ കപ്പിൽ പരിചയ സമ്പന്നരായ കളിക്കാരേക്കാൾ മികവ് പുലർത്തിയിട്ടുണ്ട്.പെഡ്രി ഇതിനകം ബാഴ്‌സലോണയ്ക്കും സ്‌പെയിനിനുമായി 60+ ഗെയിമുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യൂറോ കപ്പിൽ ആറ് മത്സരങ്ങളിലായി 630 മിനുട്ടുകൾ കളിച്ച പെഡ്രി പ്രായത്തെ വെല്ലുന്ന പ്രകടനമാണ് നടത്തിയത്.

ഇറ്റലിക്ക് എതിരായ സെമി ഫൈനലിൽ ഉൾപ്പെടെ ടൂർണമെന്റിൽ ഉടനീളം പെഡ്രി ഗംഭീര പ്രകടനമാണ് നടത്തിയത്. ഇറ്റലിക്ക് എതിരെ 90 മിനുട്ട് കഴിഞ്ഞപ്പോൾ പെഡ്രിയുടെ പാസിങ് സക്സസ് റേറ്റ് 100% ആയിരുന്നു. യൂറോ കപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഫോർവേഡ് പാസ് കൊടുത്ത താരവും പെഡ്രിയാണ്.പെഡ്രി ഈ ടൂർണമെന്റിൽ ചെയ്തതൊക്കെ സ്പെഷ്യൽ ആയ കാര്യമാണ്. ആരും ഇതുവരെ പെഡ്രിയെ പോലൊരു താരത്തെയോ ഇത്തരം ഒരു കളിയോ ആരും കണ്ടിട്ടില്ല. സ്പെയിൻ പരിശീലകൻ എൻറികെ പറഞ്ഞു. സാക്ഷാൽ ഇനിയേസ്റ്റ പോലും പതിനെട്ടാം വയസ്സിൽ ഇത്ര നല്ല കളി ആയിരുന്നില്ല എന്നും ലൂയിസ് എൻറികെ പറഞ്ഞു. പെഡ്രിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ കാര്യം ഒരിക്കലും ഗോൾ സ്കോർ ചെയ്യുന്നതോ ഗോളവസരം ഒരുക്കുകയോ ചെയ്യുന്ന തരത്തിലുള്ള മിഡ്ഫീൽഡറല്ല 18 കാരൻ. എന്നിരുന്നാലും ടീമിനുള്ളിലെ അദ്ദേഹത്തിന്റെ പ്രാധാന്യം ഒരിക്കലും ചോദ്യം ചെയ്യാനാവില്ല.

വളരെ സമർഥനായ ബാഴ്സ താരം എതിർ താരങ്ങളെ ഡ്രിബിൾ ചെയ്ത് വിങ്ങുകളിലേക്കും മുന്നേറ്റ നിരക്കും കാര്യക്ഷമമായി വിതരണം ചെയ്യുന്ന പെഡ്രി ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. മാനേജർ ലൂയിസ് എൻറിക് യൂറോയിൽ ഏറ്റവും കൂടുതൽ ആശ്രയിച്ചിട്ടുള്ള കളിക്കാരനാണ് പെഡ്രി .18 വയസ്സ് കാരനാണെങ്കിലും ഉയർന്ന ആത്മവിശ്വാസത്തിൽ കളിക്കുന്നതാണ് സ്പാനിഷ് പരിശീലകൻ താരത്തിൽ കൂടുതൽ വിശ്വാസം അർപ്പിച്ചത്.കഴിഞ്ഞ സീസണിൽ ബാഴ്സയുടെ ആദ്യ ടീമിലെത്തിയ കൗമാരക്കരന്റെ സ്ഥിതി വിവര കണക്കുകൾ മികച്ചതാണ്. ബാഴ്സയ്ക്കൊപ്പം 37 ഗെയിമുകൾ കളിച്ച പെഡ്രി 88% പാസിംഗ് അക്ക്യൂറസി രേഖപ്പെടുത്തി, ഡ്രിബ്ലിങ് വിജയസാധ്യത 71%, 42 അവസരങ്ങൾ സൃഷ്ടിക്കുകയും 39 കീ പാസുകൾ നൽകുകയും ചെയ്തു.

സ്പെയിൻ ഒളിമ്പിക്സിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ പെഡ്രിയെ തിരഞ്ഞെടുത്തതിൽ അതിശയിക്കാനില്ല. സ്പാനിഷ് ടീമിനൊപ്പം ഒളിമ്പിക് മെഡലാണ് പെഡ്രി ലക്ഷ്യമിടുന്നത്. ഇനിയേസ്റ്റയുടെയോ, സാവിയുടെയോ പ്രതിഭകൊത്ത പ്രകടനം നടത്തുന്ന ഒരു പകരക്കാരനെ സ്പാനിഷ് ടീമിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ പെഡ്രിയുടെ ബാഴ്സക്ക് വേണ്ടിയും യൂറോയിലെ പ്രകടനവും എല്ലാം കാണുമ്പോൾ അതിനൊരു ഉത്തരം കിട്ടിയെന്നു തോന്നിപ്പോവും.

Rate this post