❝ഫുട്ബോൾ ❤️👏 ആരാധകരുടെ ഹൃദയവും 🇩🇰😍 മനസ്സും കവർന്ന ഡെന്മാർക്ക് ❞

യൂറോ കപ്പിലെ ആരംഭം മുതൽ ആരാധകരുടെ ഹൃദയം കവർന്ന ടീമായിരുന്നു ഡെൻമാർക്ക്‌. ഈയടുത്ത കാലത്തൊന്നും ഒരു ടീമിന് വേണ്ടിയും ഫുട്ബോൾ ആരാധകർ ഇത്രയധികം പ്രാർത്ഥിച്ചിട്ടുണ്ടാവില്ല , കരഞ്ഞിട്ടുമുണ്ടാവില്ല ,ജയിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഇന്നലെ വെബ്ലിയിൽ യൂറോ സെമിയിൽ ഇംഗ്ലണ്ടിനെതിരെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടങ്ങിയെങ്കിലും മുഴുവൻ ഫുട്ബോൾ പ്രേമികളുടെയും ഹൃദയം സ്വന്തമാക്കിയാണ് അവർ മടങ്ങുന്നത് .ഈ യൂറോ കപ്പിലെ ഡെന്മാർക്കിനെ ഒരു ഫുട്ബോൾ പ്രേമിയും ഒരിക്കലും മറക്കാൻ പോകുന്നില്ല എന്ന് ഉറപ്പിച്ചു പറയാൻ ആകും.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ റഷ്യയെ നേരിടാനെത്തുമ്പോൾ അവസാന സ്ഥാനക്കാരായ ഡെന്മാർക്കിന് പ്രീ ക്വാർട്ടർ പ്രതീക്ഷകൾ കുറവായിരുന്നു. ഏറെക്കുറെ ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായ അവസ്ഥയിൽ തന്നെയായിരുന്നു ഡെന്മാർക്ക്. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് ഗ്രൗണ്ടിൽ വീണു പോയ എറിക്സന്റെ തിരിച്ചു വരവിൽ പ്രചോദനം ഉൾകൊണ്ട ഡാനിഷ് പട ഒന്നിനെതിരെ നാല് ഗോളുകൾക്ക് റഷ്യയെ തകർത്തെറിഞ് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് അവർ പ്രീ ക്വാർട്ടറിൽ എത്തിയത്.

ഫിൻലാൻഡിനെതിരായ ഡെന്മർക്കിന്റെ ടൂർണമെന്റിലെ ആദ്യ ദിവസം ആരും മറക്കില്ല. ഡെന്മാർക്ക് അനായാസം വിജയിക്കുമെന്ന് എല്ലാവരും കരുതിയ മത്സരം. അതിനിടയിൽ ഫുട്ബോൾ ലോകത്തെ ആശങ്കയിലാക്കി എറിക്സൺ ഗ്രൗണ്ടിൽ വീണതും അത് ഡെന്മാർക്ക് താരങ്ങളെ എങ്ങനെ ബാധിച്ചു എന്നതും അന്നത്തെ മത്സരത്തിന്റെ ബാക്കി നിമിഷങ്ങളിൽ കണ്ടതാണ്. അന്ന് ഫിൻലാൻഡിനോടും പിന്നാലെ ബെൽജിയത്തോടും ഡെന്മാർക്ക് പരാജയപ്പെട്ടു. ഈ യൂറോ ഡെന്മാർക്കിന് സങ്കടത്തിന്റേത് മാത്രമാണ് എന്ന് വിലയിരുത്തപ്പെട്ടു. ഡെന്മാർക്ക് പ്രീക്വാർട്ടറിലേക്ക് പൊരുതി കയറും എന്ന് ആരും കാര്യമായി പ്രതീക്ഷിച്ചില്ല.എന്നാൽ എറിക്സൺ ആശുപത്രി വിട്ടതും റഷ്യക്ക് എതിരായ മത്സരത്തിന് മുന്നോടിയായി തന്റെ സഹതാരങ്ങളോട് സംസാരിച്ചതും ഡെന്മാർക്ക് ക്യാമ്പിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെയാണ് ഡെന്മാർക്ക് പറന്നുയർന്നത്.സിമൊൺ കാറിനെയും കാസ്പെർ ഷിമൈക്കിളിനെയും വെസ്റ്റ്ഗാർഡിനെയും ഡാംസ്ഗാർഡിനെയും ഡോഒൽബർഗിനെയും ക്രിസ്റ്റൻസിനെയും ഒക്കെ ഫുട്ബോൾ ആരാധകർ നെഞ്ചിലേറ്റി.

പിന്നീട് പ്രീക്വാർട്ടറിൽ വെയിൽസിന് ഡെന്മാർക്കിനോട് മുട്ടി നിൽക്കാൻ പോലും ആയില്ല. അന്ന് 4-0ന്റെ വിജയം. ക്വാർട്ടറിൽ ചെക്ക് റിപബ്ലിക്കിനെയും അനായാസം ഡെന്മാർക്ക് മറികടന്നു. സെമിയിൽ ഡെന്മാർക്കിനു മുന്നിൽ ഉള്ള കടമ്പ വളരെ വലുതായിരുന്നു. ഇംഗ്ലണ്ടിൽ തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഇംഗ്ലണ്ടിനെതിരെ കളിക്കുക എന്നത്. ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഇംഗ്ലീഷ് വലയിൽ ഒരു ഗോൾ എത്തിക്കാൻ ഡെന്മാർക്കിനായി. ദാംസ്ഗാർഡിന്റെ ആ ഗോൾ വീണപ്പോൾ ഡെന്മാർക്ക് 1992 ആവർത്തിക്കുമോ എന്ന് ആശ്ചര്യപ്പെട്ടു. പക്ഷെ ഒരു സെൽഫ് ഗോളും ഒരു പെനാൾട്ടിയും ഡെന്മാർക്ക് സ്വപ്നങ്ങൾക്ക് മേൽ വീണു. ഫൈനൽ കാണാതെ അവർ മടങ്ങി.

29 വര്ഷം മുൻപ് പുറത്തെടുത്ത അത്ഭുതം ഈ വർഷം ഡെന്മാർക്കിൽ നിന്നും ഉണ്ടാവും എന്നാണ് ആരാധകർ കണക്കു കൂട്ടിയത് എങ്കിലും സെമിയിൽ വീണുപോയി . 5.8 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ഡെന്മാർക്കിന്റെ വിജയത്തിനായി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരധകർ ഒരു പോലെ ആഗ്രഹിച്ചിരുന്നു . ഡെന്മാർക്ക് ടൂണമെന്റിൽ എവിടെ വരെ എത്തി എന്നതിന് വലിയ പ്രസക്തിയില്ല പക്ഷെ ആരാധകരുടെ ഇടയിൽ ഡാനിഷ് ടീമിന്റെ സ്ഥാനം ഹൃദയത്തിൽ തന്നെയാവും.എങ്കിലും ഡെന്മാർക്ക് ഈ യൂറോ കപ്പ് കൊണ്ട് സമ്പാദിച്ച ആരാധകർ അവർ നേടിയ ഏതു കിരീടങ്ങളേക്കാളും വലുതായിരിക്കും.