റയൽ ക്യാപ്റ്റൻ സെർജിയോ റാമോസിനായി വമ്പന്മാർ രംഗത്ത്, കരാർ പുതുക്കാനായില്ലെങ്കിൽ റയൽ വിട്ടേക്കും
റയൽ മാഡ്രിഡിന്റെയും സ്പെയിനിന്റെയും എക്കാലത്തെയും മികച്ച പ്രതിരോധഭടന്മാരിൽ ഒരാളാണ് ക്യാപ്റ്റനായ സെർജിയോ റാമോസ്. ക്രിസ്ത്യാനോക്ക് പകരക്കാരനെ കണ്ടെത്താൻ വിഷമിക്കുന്ന റയലിനു ഭാവിയിൽ വെല്ലുവിളിയാവുക മുപ്പത്തിനാലുകാരൻ പ്രതിരോധതാരമായ റാമോസിന് പകരക്കാരനെ കണ്ടെത്തുകയെന്നതു തന്നെയാണ്. പ്രതിരോധമികവ് ക്ഷയിക്കുന്നത് മുമ്പേ പുതിയ താരത്തെ എത്തിക്കാൻ റയൽ നിർബന്ധിതമായേക്കും.
ഇതുവരെയും റയൽ മാഡ്രിഡുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഒന്നും നടക്കാത്ത സാഹചര്യത്തിൽ ഇത്തവണ റാമോസ് ക്ലബ്ബ് വിടാനുള്ള സാഹചര്യവും കാണുന്നുണ്ട്. 2021 വരെയാണ് റാമോസിന് റയൽ മാഡ്രിഡിൽ കരാറുള്ളത്. ഇതുവരെ ഓരോ സീസൺ അവസാനവും കരാർ ഒരു വർഷത്തേക്ക് നീട്ടുകയായിരുന്നു റയൽ ചെയ്തിരുന്നത്.
Sergio Ramos has flirted with a Real Madrid exit before
— AS English (@English_AS) October 14, 2020
And rumours are that Juve and PSG are prepared to tempt him again
Here's the round-up:https://t.co/Cg6VSVvug5
താരത്തിന്റെ വയസു കൂടി കണക്കിലെടുത്തു റയൽ മാഡ്രിഡ് പുതിയ കരാർ നൽകുമോയെന്നതാണ് റയൽ മാഡ്രിഡ് ആരാധകരും കാത്തിരിക്കുന്നത്. പകരക്കാരനായി ആർബി ലൈപ്സിഗിന്റെ ദയോട്ട് ഉപ്പമെക്കാനോയെയും സെവിയ്യയുടെ ജൂൾസ് കൂണ്ടേയെയും റയൽ നോട്ടമിടുന്നതും രമോസിന്റെ ക്ലബ്ബിലെ ഭാവിയെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ ഈ അവസരം മുതലെടുത്തു ലോകത്തിലെ തന്നെ മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ റാമോസിനെ റാഞ്ചാനായി വമ്പന്മാർ തന്നെ രംഗത്തുണ്ട്. സ്പാനിഷ് മാധ്യമമായ എൽ ചിരിങ്യിറ്റൊയുടെ റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും ഫ്രഞ്ച് ശക്തികളായ പിഎസ്‌ജിയും താരത്തിനായി ഓഫറുകൾ സമർപ്പിച്ചിരിക്കുകയാണ്. റയൽ മാഡ്രിഡുമായി മികച്ച കരാറിലെത്താനായില്ലെങ്കിൽ റാമോസ് ക്ലബ്ബ് വിടാനുള്ള സാധ്യതകളാണ് കാണുന്നത്.