❝തലയോട്ടി പൊട്ടിയതിനെത്തുടർന്ന് താൻ കളിക്കളത്തിലേക്ക് തിരിച്ചുവന്നത് ഒരു അത്ഭുതമാണെന്ന് റൗൾ ജിമെനെസ്❞

2020-21 പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു വോൾവ്സ് താരം റൗൾ ജിമെനെസിനു ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ വർഷം നവംബറിൽ ആഴ്‌സണലിനെതിരെ കളിക്കുന്നതിനിടെ ഡിഫൻഡർ ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ച് വോൾവ്സ് സ്ട്രൈക്കറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചതിനാൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനാൽ ജീവൻ രക്ഷിക്കാൻ സാധ്യതയുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കുശേഷം വോൾവ്സിന്റെ മെഡിക്കൽ ടീമിനൊപ്പം നിരീക്ഷണത്തിലായിരുന്നു മെക്സിക്കൻ താരം.

ഗുരുതരമായ പരിക്കിനെ തുടർന്ന് കഴിഞ്ഞ സീസൺ മുഴുവൻ താരത്തിന് നഷ്ടമാവുകയും ചെയ്തു. എന്നാൽ ഫുട്ബോൾ ലോകത്തെ അത്ഭുതപെടുത്തുന്ന തിരിച്ചു വരവാണ് മെക്സിക്കൻ നടത്തിയത്.ശനിയാഴ്ച നടന്ന വോൾവർഹാംപ്ടൺ വാണ്ടറേഴ്സിന്റെ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ 90 മിനിറ്റും മുഴുവൻ കളിക്കാനായ ജിമനെസ് വീണ്ടും ഫുട്ബാളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തലക്ക് സംരക്ഷണം എന്ന പോലെ ഹെഡ്‌ബാൻഡ് ധരിച്ചാണ് താരം കളിക്കാനിറങ്ങിയത്. ഇനിയുള്ള കളി ജീവിതത്തിൽ താരത്തിന് ഇത് ധരിച്ച തീരു. 9 മാസം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് സ്‌ട്രൈക്കർ വീണ്ടും ഫുട്ബോൾ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയത്.

തലയോട്ടി തകരുകയും തലച്ചോറിനുള്ളിൽ ചെറിയ രക്തസ്രാവമുണ്ടായെന്നും അത്കൊണ്ടാണ് അടിയന്തിര ശസ്ത്രക്രിയ നടത്തിയതെന്നും മെക്സിക്കൻ ഫോർവേഡ് പറഞ്ഞു. തന്റെ തിരിച്ചു വരവിനു കാരണകകരായ എല്ലാ ഡോക്ടര്മാരോടും ജിമനെസ് നന്ദി അറിയിക്കുകയും ചെയ്തു. ഏറ്റുമുട്ടലിനെക്കുറിച്ച് തനിക്ക് യഥാർത്ഥ ഓർമ്മയില്ലെന്നും ആശുപത്രിയിൽ ഉണർന്നത് മാത്രമേ ഓർമയുള്ളൂവെന്നും. ഇനിയൊരിക്കലും കളിക്കാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും എന്നാൽ തിരിച്ചുവരുമെന്ന് തനിക്ക് എപ്പോഴും ഉറപ്പുണ്ടായെന്നും ഫോർവേഡ് പറഞ്ഞു.”എന്റെ കരിയർ പൂർത്തിയാക്കുന്നതിനെക്കുറിച്ചോ കളി നിർത്തുന്നതിനെക്കുറിച്ചോ ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അതിനുള്ള അവസരമുണ്ടായിരുന്നു, പക്ഷേ ഞാൻ മടങ്ങിവരുമെന്ന് എനിക്ക് എപ്പോഴും ആത്മവിശ്വാസമുണ്ടായിരുന്നു.”ജിമനെസ് കൂട്ടിച്ചേർത്തു.

2018 ൾ വോൾവ്‌സിൽ എത്തിയ മെക്സിക്കൻ സ്‌ട്രൈക്കർ അവർക്കായി 111 കളികളിൽ നിന്നും 48 ഗോളുകൾ നേടിയിട്ടുണ്ട്. വോൾവ്‌സിൽ എത്തുന്നതിനു മുൻപ് മൂന്നു സീസൺ ബെൻഫിക്കയിലും ഒരു സീസൺ അത്ലറ്റികോ മാഡ്രിഡിലും താരം കളിച്ചിട്ടുണ്ട്. മെക്സിക്കോക്കായി 86 മത്സരങ്ങളിൽ നിന്നും 27 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post