പിഎസ്ജി ക്ക് ജയം ,അവസാന നിമിഷം തോൽ‌വിയിൽ നിന്നും രക്ഷപെട്ട് റയൽ ; ഒരു ഗോൾ ജയത്തോടെ ബാഴ്സലോണ ; വിജയവുമായി ചെൽസി ; യുവന്റസിന് സമനില ; ബയേണിന് സമനില

ലാലിഗയിൽ ഇന്ന് എൽചെയെ നേരിട്ട റയൽ മാഡ്രിഡ് അവസാനം സമനിലയുമായി രക്ഷപ്പെട്ടു. 82 മിനുട്ട് വരെ 2 ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചു കൊണ്ടാണ് റയൽ മാഡ്രിഡ് സമനില കണ്ടെത്തിയത്. അവസാന 15 മിനിറ്റിൽ രണ്ടെണ്ണം മടക്കിയാണ് വിലയേറിയ ഒരു പോയിന്റ് റയൽ സ്വന്തമാക്കിയത്. 42ആം മിനുട്ടിൽ ലൂകാസ് ബോയെയിലൂടെ എൽചെ ലീഡ് കണ്ടെത്തി. രണ്ടാം പകുതിയിലും ബെർണബെയുവിൽ എൽചെ തന്നെ മികച്ചു നിന്നു. 76ആം മിനുട്ടിൽ പെരെ മില്ലയുടെ ഗോളിൽ എൽചെയുടെ രണ്ടാം ഗോൾ വന്നു‌.

76 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വെറ്ററൻ താരം ലൂക്ക മോഡ്രിച്ച് ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ, സ്റ്റോപ്പേജ് ടൈമിൽ ബ്രസീലിയൻ താരം എഡർ മിലിറ്റാവോ തകർപ്പൻ ഹെഡർ ഗോളിലൂടെ റയൽ മാഡ്രിഡിന് സമനില നേടി കൊടുത്തു.നേരത്തെ റയൽ മാഡ്രിഡിന് ലഭിച്ച പെനാൽറ്റി സൂപ്പർ താരം കരീം ബെൻസിമ നഷ്ടപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോപ്പ ഡെൽ റേ റൗണ്ട് ഓഫ് 16 മത്സരത്തിൽ ലീഡ് വഴങ്ങിയ ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച് ലോസ് ബ്ലാങ്കോസ് വിജയം നേടുകയായിരുന്നു. 50 പോയിന്റുമായി റയൽ മാഡ്രിഡ് ലാ ലിഗയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. നാല് പോയിന്റ് പിന്നിലുള്ള സെവിയയാണ് രണ്ടാമത്‌.

മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അലാവസിനെ തോൽപ്പിച്ച് ബാഴ്സലോണ ലാലീഗ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് തിരിച്ചെത്തി.ബാഴ്സലോണക്ക് വേണ്ടി ഡിജോങ്‌ ആണ് വിജയഗോൾ നേടിയത്. സമനിലയിലേക്ക് പോകുമെന്ന് തോന്നിയ മത്സരത്തിന്റെ 87 ആം മിനുട്ടിലാണ് ബാഴ്സ വിജയ ഗോൾ നേടിയത്.ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ നിന്നും കോപ്പ ഡെൽ റേയിൽ നിന്നും ഇതിനകം പുറത്തായ ബാഴ്‌സലോണ വിജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.22 കളികളിൽ നിന്ന് 17 പോയിന്റുമായി അലാവസ് 19-ാം ആം സ്ഥാനത്താണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ചെൽസി ടോട്ടൻഹ്മാവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 47 ആം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നുള്ള മനോഹരമായ കർലിംഗ് ഗോളിലൂടെ ഹക്കീം സിയേഷാണ് ചെൽസിയെ മുന്നിൽ എത്തിച്ചത്. അധികം വൈകാതെ കോർണർ കിക്കിൽ നിന്ന് വെറ്ററൻ ഡിഫൻഡർ തിയാഗോ സിൽവ ചെൽസിയുടെ ലീഡ് രണ്ടായി ഉയർത്തി. ആന്റോണിയോ കോണ്ടെ പരിശീലകനായി എത്തിയതിന് ശേഷം പ്രീമിയർ ലീഗിൽ ആദ്യമായാണ് സ്പർസ് തോൽവി നേരിടുന്നത്. 47 പോയിന്റുള്ള ചെൽസി ലിവർപൂളിന് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, 36 പോയിന്റുമായി ടോട്ടൻഹാം ഏഴാമതാണ്.

ഫ്രഞ്ച് ലീഗിൽ പിഎസ്ജി ക്ക് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് അവർ റെയിംസിനി പരാജയപ്പെടുത്തി. പാരീസ് ക്ലബിന് വേണ്ടി ഇറ്റാലിയൻ മിഡ്ഫീൽഡർ മാർകോ വെറാറ്റി 2019 നു ശേഷം ക്ലബ്ബിനായി ആദ്യമായി ഗോൾ നേടിയപ്പോൾ സെർജിയോ റാമോസ് പിഎ സ്ജി ജേഴ്സിയിൽ ആദ്യ ഗോൾ കണ്ടെത്തി.ലയണൽ മെസ്സി ഈ വർഷത്തെ തന്റെ ആദ്യ മത്സരത്തിൽ ഇറങ്ങുകയും ചെയ്തു.വൗട്ട് ഫേസിന്റെ ഒരു സെൽഫ്‌ ഗോളും , ഡാനിലോ പെരേര മറ്റൊരു ഗോളും പട്ടിക തികച്ചു. വിജയത്തോടെ പിഎസ്ജി 22 മത്സരങ്ങളിൽ നിന്ന് 53 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഇറ്റാലിയൻ സിരി എയിലെ വമ്പന്മാരുടെ പോരാട്ടത്തിൽ യുവന്റസ് എ സി മിലാനെ ഗോൾ രഹിത സമനിലയിൽ തളച്ചു. സമനിലയോടെ മിലാൻ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. ഇന്നലെ നേടിയ ജയത്തോടെ നാപോളി മിലാനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 23 മത്സരങ്ങളിൽ നിന്നും മിലാണ്‌ 49 ഉം യുവന്റസിന് 42 പോയിന്റുമാണുള്ളത്. അഞ്ചാം സ്ഥാനത്താണ് യുവന്റസ്.

ജർമൻ ബുണ്ടസ്‌ലീഗയിൽ തകർപ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അവർ ഹെർത്ത ബെർലിനെ പരാജയപ്പെടുത്തി.കോറെന്റിൻ ടോളിസോ (25′)തോമസ് മുള്ളർ (45′)ലെറോയ് സാനെ (75′)സെർജ് ഗ്നാബ്രി (79′) എന്നിവർ ബയേണിനായി സ്കോർ ചെയ്തപ്പോൾ ജുർഗൻ എക്കെലെൻകാമ്പ് (80′) ഹെർത്തയുടെ ആശ്വാസ ഗോൾ നേടി.ബുണ്ടസ്‌ലിഗയിൽ തുടർച്ചയായ 67 മത്സരങ്ങളിൽ ഒരിക്കലെങ്കിലും സ്‌കോർ ചെയ്‌തിട്ടുള്ള ടീമായി ബയേൺ മാറി. 20 മത്സരങ്ങളിൽ നിന്നും 49 പോയിന്റുമായി ബയേൺ രണ്ടമതുള്ള ഡോർട്ട്മുണ്ടിനെക്കാൾ ആറു പോയിന്റ് ലീഡിലാണ്.