ബയേൺ സൂപ്പർ താരം റയൽ മാഡ്രിഡിലേക്ക്? ഏജന്റ് ക്ലബുമായി ചർച്ചകൾ ആരംഭിച്ചു.

ഈ സീസൺ അവസാനിക്കുന്നതോട് കൂടി ഫ്രീ ഏജന്റ് ആവുന്ന പ്രമുഖ താരങ്ങളിൽ ഒരാളാണ് ബയേൺ മ്യൂണിക്കിന്റെ ഡേവിഡ് അലാബ. 2021 സമ്മർ ട്രാൻസ്ഫറിൽ താരം ഫ്രീ ഏജന്റ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബയേണുമായി കരാർ പുതുക്കാൻ താരം ഇതുവരെ തയ്യാറായിട്ടില്ല. അവസാനമായി ബയേൺ മുന്നോട്ട് വെച്ച ഓഫറും താരം തള്ളികളയുകയായിരുന്നു.

ഇപ്പോഴിതാ താരം റയൽ മാഡ്രിഡിലേക്ക് എന്ന അഭ്യൂഹമാണ് ശക്തമായി പ്രചരിക്കുന്നത്. താരത്തിന് വേണ്ടി ദിവസങ്ങൾക്ക് മുമ്പാണ് റയൽ മാഡ്രിഡ്‌ രംഗപ്രവേശനം ചെയ്തത്. എന്നാൽ റയൽ മാഡ്രിഡ്‌ ശക്തമായി തന്നെ രംഗത്തുണ്ട് എന്നാണ് സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അലാബയുടെ ഏജന്റ് ആയ പിനി സഹാവി റയൽ മാഡ്രിഡുമായി ചർച്ചകൾ ആരംഭിച്ചു എന്നാണ് ഏറ്റവും പുതിയ വാർത്തകൾ.

മികച്ച ക്ലബുകളിലേക്ക് തന്നെ കൂടുമാറണം എന്നാണ് അലാബയുടെ ആഗ്രഹം. എന്നാൽ താരത്തിന് വമ്പൻ സാലറിയും ആവിശ്യമാണ്. ഇരുപത് മില്യൺ യൂറോയോളം സാലറി താരത്തിന് വേണമെന്നാണ് മുമ്പ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നത്. എന്നാൽ റയൽ മാഡ്രിഡ്‌ ഇത് അംഗീകരിക്കുമോ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്.ഈ ജനുവരിയിൽ തന്നെ പ്രീ കോൺട്രാക്റ്റിൽ ഏതെങ്കിലും ക്ലബുമായി എത്താനാണ് അലാബ ശ്രമിക്കുന്നത്.

താരത്തിന് വേണ്ടി ഒട്ടേറെ മികച്ച ക്ലബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്. റയലിന് പുറമേ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, യുവന്റസ് എന്നിവർക്കെല്ലാം തന്നെ താരത്തെ ടീമിൽ എത്തിക്കാൻ താല്പര്യമുണ്ട്. ഡിഫൻസിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ കഴിയും എന്നുള്ളതാണ് താരത്തിന്റെ സവിശേഷത. എന്നാൽ ബയേണിനാവട്ടെ താരത്തെ കൈവിടാൻ താല്പര്യവുമില്ല. പക്ഷെ ആവിശ്യപ്പെട്ട സാലറി ലഭിച്ചില്ലെങ്കിൽ ക്ലബ് വിടുമെന്ന തീരുമാനത്തിൽ തന്നെയാണ് താരം.