റൊണാൾഡോ വിവരമില്ലാത്തവൻ, വിചിത്രമായ കാരണവുമായി മുൻ യുവൻറസ് പ്രതിരോധതാരം

യുവൻറസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോക്കെതിരെ വിചിത്രമായ കാരണമുയർത്തി രൂക്ഷ വിമർശനം നടത്തി ഇറ്റാലിയൻ ക്ലബിന്റെ മുൻ പ്രതിരോധ താരമായ പാസ്ക്വൽ ബ്രൂണോ. യുവന്റസിലെത്തി രണ്ടു വർഷമായിട്ടും ഇറ്റാലിയൻ ഭാഷ പഠിക്കാത്ത റൊണാൾഡോക്ക് സഹതാരങ്ങളോട് യാതൊരു ബഹുമാനവുമില്ലെന്നാണ് 1987 മുതൽ 1990 വരെയുള്ള സമയത്ത് യുവന്റസിനു വേണ്ടി കളിച്ചിട്ടുള്ള ബ്രൂണോ പറയുന്നത്.

“റൊണാൾഡോ വിവരമില്ലാത്തവനാണ്. അദ്ദേഹം ഇറ്റലിയിലെത്തി രണ്ടു വർഷമായിട്ടും ഇതുവരെ ഞങ്ങളുടെ ഭാഷ പഠിച്ചിട്ടില്ല. സ്പാനിഷാണ് താരം ഇപ്പോഴും ഉപയോഗിക്കുന്നത്. അദ്ദേഹത്തിന് ഇറ്റലിയിലുള്ളവരോടും തന്റെ സഹതാരങ്ങളോടും യാതൊരു മതിപ്പുമില്ല.” ടിക്കി ടാക്കയെന്ന പരിപാടിക്കിടെ അദ്ദേഹം പറഞ്ഞത് ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്തു.

എന്നാൽ ബ്രൂണോയുടെ കമൻറുകൾ റൊണാൾഡോയെ ഒരു തരത്തിലും ബാധിക്കില്ലെന്നതു വ്യക്തമാണ്. ഇറ്റാലിയൻ ഭാഷ പഠിച്ചിട്ടില്ലെങ്കിലും യുവൻറസ് സഹതാരങ്ങളിൽ നിന്നും പരിശീലകനിൽ നിന്നും മികച്ച പിന്തുണയാണ് താരത്തിനു ലഭിക്കുന്നത്. റൊണാൾഡോ സഹതാരങ്ങൾക്കും ഡ്രസിംഗ് റൂമിനും നൽകുന്ന ആത്മവിശ്വാസം അത്ര വലുതാണെന്നാണ് ഇതു വ്യക്തമാക്കുന്നത്.

കൊറോണ വൈറസ് ബാധിതനായതിനു ശേഷം റൊണാൾഡോ തിരിച്ചെത്തിയ മത്സരത്തിലെല്ലാം മികച്ച പ്രകടനമാണ് യുവന്റസ് നടത്തിയത്. സ്പെസിയക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ താരം ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു അസിസ്റ്റും നേടിയിരുന്നു.

Rate this post