“വിനിഷ്യസിന്റെ ഹാട്രിക്കിന്റെ ബലത്തിൽ ആറു ഗോൾ ജയവുമായി റയൽ മാഡ്രിഡ് ,ആഴ്‌സണലിനെ തകർത്ത് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി ടോട്ടൻഹാം”

സ്പാനിഷ് ലാ ലീഗയിൽ ഇന്നലെ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ലെവന്റെയെ ഗോളിൽ മുക്കി റയൽ മാഡ്രിഡ്. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. ബ്രസീലിയൻ തരാം വിനീഷ്യസ് ജൂനിയർ നേടിയ ഹാട്രിക്കിന്റെ ബലത്തിൽ ആയിരുന്നു റയലിന്റെ ജയം.ഫെർലാൻഡ് മെൻഡി , കരിം ബെൻസെമ, റോഡ്രിഗോ എന്നിവരാണ് റയലിന്റെ മറ്റു സ്കോറര്മാര്.

തോൽവിയോടെ 36 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള ലെവാന്റെ സ്പെയിനിന്റെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. മത്സരത്തിന്റെ 13 ആം മിനുട്ടിൽ ലൂക്കാ മോഡ്രിച്ച് കൊടുത്ത മനോഹരമായ പാസിൽ നിന്നും ലെഫ്റ്റ് ബാക്ക് ഫെർലാൻഡ് മെൻഡി റയലിന്റെ ആദ്യ ഗോൾ നേടി. 19 ആം മിനുട്ടിൽ ബെൻസൈമാ റയലിന്റെ രണ്ടാം ഗോൾ നേടി. റയലിന് വേണ്ടി താരത്തിന്റെ 323-ാമത്തെ ഗോളായിരുന്നു ഇത് .മാഡ്രിഡ് ഇതിഹാസമായ റൗളിനൊപ്പം ക്ലബ്ബ് ചരിത്രത്തിലെ രണ്ടാമത്തെ സ്കോററായി ഫ്രഞ്ച് താരം മാറി.

450 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മുന്നിൽ.ഈ സീസണിലെ അദ്ദേഹത്തിന്റെ 27-ാമത്തെ സ്‌ട്രൈക്ക് കൂടിയാണിത്. 34 ആം മിനുട്ടിൽ റോഡ്രിഗോയ്ക്ക് തന്റെ കരിയറിലെ ഏറ്റവും എളുപ്പമുള്ള ഫിനിഷിംഗ് നൽകിക്കൊണ്ട് മോഡ്രിച്ച് സ്കോർ 3 -0 ആക്കി ഉയർത്തി. 45 ആം മിനുറ്റിൽ വിനീഷ്യസ് ജൂനിയർ സ്കോർ 4 -0 ആക്കി ഉയർത്തി. ഗോളിന് പിന്നിലും മോഡ്രിച് തന്നെയായിരുന്നു. 68 ആം മിനുട്ടിൽ വിനീഷ്യസ് മത്സരത്തിന്റെ രണ്ടാം ഗോൾ നേടി. 83 ആം മിനുട്ടിൽ ലൂക്കാ ജോവിച്ചിൽ നിന്ന് ഒരു ത്രൂ ബോളിൽ നിന്നും വിനീഷ്യസ് തന്റെ ഹാട്രിക്ക് തികച്ചു.

മറ്റൊരു മത്സരത്തിൽ വിയ്യ റയൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റയോ വയ്യോക്കാനോയെ പരാജയപ്പെടുത്തി.അൽഫോൻസോ പെദ്രസ (3′, 88′)ജുവാൻ ഫോയ്ത്ത് (27′)പാക്കോ അൽകാസർ (38′)പോ ടോറസ് (45’+1′) എന്നിവരാണ് വിയ്യ റയലിന്റെ ഗോളുകൾ നേടിയത്.സെർജിയോ ഗാർഡിയോള (21′) വയ്യോക്കാനോയുടെ ആശ്വാസ ഗോൾ നേടി. 36 മത്സരങ്ങളിൽ നിന്നും 56 പോയിന്റുമായി വിയ്യാറയൽ ഏഴാം സ്ഥാനത്താണ്.

പ്രീമിയർ ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള കടുത്ത പോരാട്ടത്തിൽ ആഴ്സനലിനെ തോൽപ്പിച്ചു ടോട്ടൻഹാം.പ്രീമിയർ ലീഗിൽ രണ്ടുവീതം മത്സരങ്ങൾ ശേഷിക്കെ ആഴ്സണൽ ടോട്ടൻഹാമിനെക്കാൾ ഒരു പോയിന്റ് മുന്നിലാണ്.ഇന്നലത്തെ നിർണായക മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ടോട്ടൻഹാം വിജയിച്ചത്, ടോട്ടൻഹാമിനു വേണ്ടി സൂപ്പർതാരങ്ങളായ കെയ്ൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ സോൺ ഒരു ഗോൾ നേടി പട്ടിക പൂർത്തിയാക്കി.വിജയത്തോടെ ടോട്ടൻഹാം അവരുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി.

1983 ന് ശേഷം നോർത്ത് ലണ്ടൻ ഡെർബിയിൽ തങ്ങളുടെ ഏറ്റവും വലിയ ലീഗ് വിജയം റെക്കോർഡ് ചെയ്യാൻ ടോട്ടൻഹാമിന്‌ സാധിച്ചു.22 മിനിറ്റിനുള്ളിൽ സെഡ്രിക് സോറസ് സോൺ ഹ്യൂങ്-മിന്നിൽ നടത്തിയ ഫൗളിനെ തുടർന്ന് പെനാൽറ്റി സ്പോട്ടിൽ നിന്ന് കെയ്ൻ ടോട്ടൻഹാമിനെ മുന്നിലെത്തിച്ചു. 37 ആം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്നും കെയ്ൻ ഗോൾ ഗോൾ നേടി. ഈ ഗോളോടെ നോർത്ത് ലണ്ടൻ ഡെർബികളിൽ 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ എന്ന റെക്കോർഡ് കെയ്‌നിലെത്തി.

33 ആം മിനുട്ടിൽ സോണിനെ ഫൗൾ ചെയ്തതിനു റോബ് ഹോൾഡിങ്ങിന് ചുവപ്പ് കാർഡ് ലഭിച്ചു. 47 ആം മിനുട്ടിൽ സോൺ ഗോൾ പട്ടിക തികച്ചു. താരത്തിന്റെ 21 മത്തേ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. ജയത്തോടെ 36 മത്സരങ്ങളിൽ നിന്നും 65 പോയിന്റുമായി ടോട്ടൻഹാം അഞ്ചാം സ്ഥാനത്താണ്. 66 പോയിന്റുമായി ആഴ്‌സണൽ നാലാം സ്ഥാനത്താണ്.

Rate this post