റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് സെവിയ്യ : എംബാപ്പയുടെ മികവിൽ ജയവുമായി പിഎസ്ജി : തകർപ്പൻ ജയത്തോടെ ഇന്റർ മിലാൻ : ഡാലോട്ടിന്റെ വണ്ടർ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്
സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് സെവിയ്യ. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. 74 ആം മിനുട്ടിൽ ഡേവിഡ് അലബയുടെ സെൽഫ് ഗോളിൽ സെവിയ്യ ലീഡ് നേടിയെങ്കിലും നാല് മിനിറ്റിനു ശേഷം ക്യാപ്റ്റൻ ഡാനി കാർവാജലിന്റെ ഒരു ഹെഡർ റയൽ മാഡ്രിഡിന് സമനില സമ്മാനിച്ചു.മാഡ്രിഡ് 10 കളികളിൽ നിന്ന് 25 പോയിന്റിലേക്ക് മുന്നേറി.
21 പോയിന്റുമായി മൂന്നാമതുള്ള ബാഴ്‌സലോണ ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോയെ നേരിടും. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളടിക്കാൻ മാത്രം സാധിച്ചില്ല. മത്സരം പലപ്പോഴും കയ്യാങ്കളിയിലേക്ക് പോവുകയും ചെയ്തു. 74 ആം മിനുട്ടിൽ അക്യൂനയുടെ ഒരു ക്രോസ്സ് തടനയുള്ള അലാബയുടെ ശ്രമം സ്വന്തം പോസ്റ്റിൽ ഗോളായി മാറി. എന്നാൽ 78 ആം മിനുട്ടിൽ ക്രൂസിന്റെ ഫ്രീകിക്കിൽ നിന്നുള്ള കാർവാജലിന്റെ ഹെഡ്ഡർ റയലിന് സമനില നേടിക്കൊടുത്തു. 80 ആം മിനുട്ടിൽ റാമോസിന്റെ ഹെഡ്ഡർ കേപ്പ സേവ് ചെയ്തു.
ഫ്രഞ്ച് ലീഗിൽ ആർസി സ്ട്രാസ്ബർഗിനെതിരെ മൂന്നു ഗോൾ വിജയവുമായി പിഎസ്ജി.ഒരു ഗോളും ഒരു അസിസ്റ്റുമായി സൂപ്പർ താരം കൈലിയൻ എംബാപ്പെ കളം നിറഞ്ഞു കളിച്ചു. ജയത്തോടെ 9 മത്സരങ്ങളിൽ 18 പോയിന്റുമായി പിഎസ്ജി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.കളി തുടങ്ങി 10 മിനിറ്റിനുള്ളിൽ ടീമംഗം ഗോങ്കലോ റാമോസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ എംബാപ്പെ പിഎസ്ജിയെ മുന്നിലെത്തിച്ചു.കാർലോസ് സോളർ തൊട്ടുപിന്നാലെ പിഎസ്ജിയുടെ ലീഡ് ഉയർത്തി.77-ാം മിനിറ്റിൽ പാർക് ഡെസ് പ്രിൻസസിലെ മൂന്നാം ഗോൾ നേടി.നൈസ് 19 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. 18 പോയിന്റുമായി പിഎസ്ജി രണ്ടാമതാണ്.
ഇറ്റാലിയൻ സിരി എ യിൽ മാർക്കസ് തുറാം, ലൗട്ടാരോ മാർട്ടിനെസ്, ഹകൻ കാൽഹനോഗ്ലു എന്നിവർ നേടിയ ഗോളുകൾക്ക് ഇന്റർ മിലാൻ ടോറിനോയെ തോൽപ്പിച്ചു. വിജയത്തോടെ 9 മത്സരങ്ങളിൽ നിന്നും 22 പോയിന്റുമായി ഇന്റർ മിലാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.ഒമ്പത് പോയിന്റുമായി പതിനാലാം സ്ഥാനത്താണ് ടൊറിനോ.ഈ മാസമാദ്യം സ്വന്തം തട്ടകത്തിൽ ബൊലോഗ്‌നയ്‌ക്കെതിരെ 2-2ന് സമനില വഴങ്ങിയതിനെ തുടർന്ന് അന്താരാഷ്ട്ര ഇടവേളയ്ക്ക് തൊട്ടുമുമ്പ് സിമോൺ ഇൻസാഗിയുടെ ടീമിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്.സ്കോട്ട് മക്‌ടോമിനയ്,ഡിയോഗോ ദലോട്ട് എന്നിവരാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ഗോളുകൾ നേടിയത്.വിജയത്തോടെ എറിക് ടെൻ ഹാഗിന്റെ ടീം ഒമ്പത് മത്സരങ്ങൾക്ക് ശേഷം 15 പോയിന്റുമായി സ്റ്റാൻഡിംഗിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഒരു പോയിന്റുമായി ഷെഫീൽഡ് യുണൈറ്റഡ് അവസാന സ്ഥാനത്താണ്.രണ്ടാഴ്‌ച മുമ്പ് ബ്രെന്റ്‌ഫോർഡിനെതിരെ യുണൈറ്റഡ് 2-1 ന് വിജയിച്ച മത്സരത്തിൽ രണ്ട് ലാസ്റ്റ് ഗാസ്‌പ് ഗോളുകൾ നേടിയ മക്‌ടോമിനയ് 28-ാം മിനിറ്റിൽ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.ആറ് മിനിറ്റിനുശേഷം ഒലി മക്‌ബർണി പെനാൽറ്റിയിലൂടെ ഷെഫീൽഡിന്റെ സമനില ഗോൾ നേടി.77-ാം മിനിറ്റിൽ 25 വാര അകലെ നിന്ന് ഡലോട്ട് ഒരു മികച്ച സ്‌ട്രൈക്കിലൂടെ സ്‌കോർ ചെയ്തു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ബ്രൈറ്റണെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ആദ്യ പകുതിയില്‍ എര്‍ലിങ് ഹാലണ്ടും ജൂലിയന്‍ അല്‍വാരസും സിറ്റിക്ക് വേണ്ടി വല കുലുക്കി. അന്‍സു ഫാത്തിയാണ് ബ്രൈറ്റന്റെ ആശ്വാസഗോള്‍ നേടിയത്.ഏഴാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ആയിരുന്നു സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. വിങ്ങര്‍ ജെറെമി ഡോകുവിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. 19-ാം മിനിറ്റില്‍ എര്‍ലിങ് ഹാലണ്ട് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. പകരക്കാരനായി ഇറങ്ങിയ അന്‍സു ഫാത്തി 71-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചുവെങ്കിലും പരാജയം ഒഴിവാക്കാന്‍ കഴിഞ്ഞില്ല. വിജയത്തോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ബ്രൈറ്റണ്‍ 16 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.