❝ ജർമ്മൻ സ്നൈപ്പർ ❞ : കൃത്യതയോടെ പര്യായമായി മാറിയ മിഡ്ഫീൽഡ് മാസ്റ്റർ ടോണി ക്രൂസ് |Toni Kroos

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യുക്രൈൻ ക്ലബായ ഷക്തറിനെതിരെ ഇഞ്ചുറി ടൈമിൽ ജർമൻ ഡിഫൻഡർ റൂഡിഗർ നേടിയ ഗോളിൽ റയൽ മാഡ്രിഡ് സമനിലയുമായി രക്ഷപ്പെട്ടിരുന്നു.ഇതോടെ ഈ സീസണിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലെന്ന നേട്ടം നിലനിർത്താൻ റയൽ മാഡ്രിഡിനു കഴിഞ്ഞു.

മിഡ്ഫീൽഡ് മാസ്റ്റർ ടോണി ക്രൂസ് കൊടുത്ത മനോഹരമായ അളന്നുമുറിച്ച ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെയാണ് റൂഡിഗാർ റയലിന്റെ സമനില ഗോൾ കണ്ടെത്തിയത്. പരിചയസമ്പന്നനായ ജർമൻ താരത്തിന്റെ സാന്നിധ്യം കളിക്കളത്തിൽ റയൽ മാഡ്രിഡ് പോലൊരു ടീമിനെ എത്രത്തോളം സഹായിക്കുന്നു എന്നതിന്റെ തെളിവു കൂടിയായിരുന്നു അന്റോണിയോ റൂഡിഗർ നേടിയ ഗോൾ.95-ാം മിനിറ്റിൽ പാർക്കിന്റെ മധ്യത്തിൽ നിന്നും സാവധാനം പന്തുമായി മുന്നേറിയ ക്രൂസ് പിൻനിരയിൽ നിന്നിരുന്ന റുഡിഗറെ വിളിച്ച് മുന്നേറ്റനിരയിലേക്ക് പോകാൻ പറഞ്ഞു. താരം ഓടി ഷക്തറിന്റെ ബോക്‌സിൽ എത്തിയപ്പോൾ മനോഹരമായൊരു ക്രോസ് മിഡ്ഫീൽഡർ നൽകി ഒരു തളികയിൽ എന്ന പോലെ എത്തിയ പന്ത് മികച്ചൊരു ഹെഡ്ഡറിലൂടെ ഗോൾകീപ്പർ അനറ്റോലി ട്രൂബിനെ മറികടന്ന് വലയിലാക്കി.

അതേസമയം ഗോൾ നേടിയതിനു പിന്നാലെ അന്റോണിയോ റുഡിഗർക്ക് പരിക്കു പറ്റിയത് റയൽ മാഡ്രിഡിന് തിരിച്ചടിയായി. ഹെഡറിനിടെ ഷാക്തർ ഗോളിയുമായി കൂട്ടിയിടിച്ച് മുഖത്ത് നിന്നും ചോരയൊലിപ്പിച്ചാണ് ജർമൻ താരം കളിക്കളം വിട്ടത്. എതിരാളികളുടെ പിഴവുകളും തങ്ങൾക്ക് മുതലെടുക്കാൻ കഴിയുന്ന ദൗർബല്യങ്ങളും കൃത്യമായി മനസിലാക്കി മത്സരത്തെ വായിച്ച് തന്ത്രങ്ങൾ മെനയാൻ കഴിയുന്ന ക്രൂസിനെപ്പോലൊരു താരം റയൽ മാഡ്രിഡിന് നിർണായകമായ പോരാട്ടങ്ങളിൽ മേധാവിത്വം നൽകുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. ഗോൾ നേടുന്നതിന് മുൻപും രണ്ടു ജർമൻ താരങ്ങളും ഇത് പരീക്ഷിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

ഷക്തറിനെതിരെ മത്സരത്തിൽ റയലിന് വേണ്ടി ക്രൂസ് മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ജർമൻ മിഡ്ഫീൽഡറാണ്(5 )പാസുകൾ പൂർത്തിയാക്കിയ (115-ൽ 108), മൊത്തം ടച്ചുകൾ (139) വീണ്ടെടുക്കലുകൾ (12). അഞ്ചു ടാക്കിളും ഒരു അസിസ്റ്റും നൽകി . എണ്ണയിട്ട യന്ത്രം പോലെയാണ് ക്രൂസ് കളിച്ചത്.

Rate this post