‘ഒരുകാലത്ത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുടേതായിരുന്ന ലീഗ് ഇപ്പോൾ വംശീയവാദികളുടേതാണ്’

ഇന്നലെ വലൻസിയക്കെതിരെ നടന്ന റയൽ മാഡ്രിഡിന്റെ ലാ ലിഗ മത്സരത്തിനിടെ റയൽ മാഡ്രിഡിന്റെ സ്റ്റാർ ബ്രസീലിയൻ വിംഗർ വിനീഷ്യസ് ജൂനിയർ വീണ്ടും വംശീയ അധിക്ഷേപത്തിന് ഇരയായി. മത്സരത്തിൽ വലൻസിയെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടിയിരുന്നു.എതിരാളികളായ ടീം ആരാധകരിൽ നിന്നുള്ള വംശീയ അധിക്ഷേപത്തിന്റെ ഒന്നിലധികം സന്ദർഭങ്ങളെ ഇതിനകം നേരിട്ട വിനീഷ്യസ് മത്സരത്തിനിടെ കരയുകയും ചെയ്തു.

നാടകീയ സംഭവങ്ങൾ അരങ്ങേറിയ പോരാട്ടത്തിന് ഒടുവിൽ സൂപ്പർ താരം വിനീഷ്യസ് ചുവപ്പ് കാർഡ് കണ്ടതും ലോസ് ബ്ലാങ്കോസിന് തിരിച്ചടിയായി. ഇഞ്ചുറി ടൈമിൽ വലൻസിയ താരം ഹ്യൂഗോ ഡുറോയുടെ മുഖത്ത് തൊഴിച്ചതിന് വാറിന്റെ സഹായത്തോടെ വിനീഷ്യസിന് റെഡ് കാർഡ് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇരു ടീമുകളുടെയും താരങ്ങൾ തമ്മിലുള്ള രൂക്ഷമായ വാക്ക് തകർക്കങ്ങൾക്ക് ഒടുവിൽ 97 ആം മിനിറ്റിലായിരുന്നു സംഭവം.മൈതാനത്തിന് അകത്തും പുറത്തും വിനീഷ്യസിന് നേരെ തുടർച്ചയായ പ്രകോപനങ്ങൾ ഉണ്ടായി.

മത്സരത്തിനിടെ വലൻസിയ ആരാധകർ നിരവധി തവണയാണ് ബ്രസീലിയൻ വിംഗറെ വംശീയമായി അധിക്ഷേപിച്ചത്. സ്റ്റേഡിയം മുഴുവനും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുന്ന ചാന്റുകൾ മുഴക്കുന്ന അവസ്ഥ വരെ ഉണ്ടായി. അധിക്ഷേപം നടത്തുന്നവരെ താരം കാണിച്ചു കൊടുത്തതിനെ തുടർന്ന് മത്സരം കുറച്ച് സമയം നിർത്തി വെക്കേണ്ടി വന്നു.“ഇത് ആദ്യമായല്ല, രണ്ടാമത്തേതും മൂന്നാമത്തേതും അല്ല. ലാലിഗയിൽ വംശീയത സാധാരണമാണ്. സ്പാനിഷ് ഫെഡറേഷനും ഇത് സാധാരണമാണെന്ന് കരുതുന്നു, എതിരാളികൾ അതിനെ പ്രോത്സാഹിപ്പിക്കുന്നു. ഒരുകാലത്ത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുടേതായിരുന്ന ലീഗ് ഇപ്പോൾ വംശീയവാദികളുടേതാണ്. “വിനീഷ്യസ് പറഞ്ഞു.

ലാ ലിഗയിൽ തുടർച്ചയായി വംശീയ അധിക്ഷേപങ്ങൾ നടന്നിട്ടും അധികൃതർ ശക്തമായ നടപടി എടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി പറഞ്ഞു. താരങ്ങളും മാനേജറും പ്രതിഷേധവുമായി മൈതാനം വിട്ടാൽ മാത്രമെ ഇതിൽ നടപടി ഉണ്ടാകുകയുള്ളുവെന്നും റയൽ പരിശീലകൻ പറഞ്ഞു.മത്സരം നിർത്താൻ താൻ റഫറിയോട് ആവശ്യപ്പെട്ടെങ്കിലും ആദ്യം ആരാധകരോട് ഒരു അറിയിപ്പ് നടത്തുക എന്നതാണ് പ്രോട്ടോകോൾ, പ്രശ്നം തുടർന്നാൽ മറ്റ് നടപടികളെടുക്കുക എന്നായിരുന്നു പറഞ്ഞതെന്ന് അൻസലോട്ടി പറഞ്ഞു.

3.7/5 - (3 votes)