‘വിനീഷ്യസ് ഇരയാണ്’: റയൽ മാഡ്രിഡ് താരത്തിനെതിരെയുള്ള വംശീയാധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് കാർലോ ആഞ്ചലോട്ടി

ലാ ലിഗയിൽ ഇന്നലെ വലൻസിയക്കെതിരെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയർ വംശീയാധിക്ഷേപത്തിനു ഇരയായി മാറിയിരുന്നു.സ്പാനിഷ് ഫുട്‌ബോളിന് വംശീയ വിദ്വേഷ പ്രശ്‌നമുണ്ടെന്നും മത്സരങ്ങൾ നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി പറഞ്ഞു.“സ്പാനിഷ് ലീഗിന് ഒരു പ്രശ്നമുണ്ട്, വിനീഷ്യസ് പ്രശ്നമല്ല. വിനീഷ്യസാണ് ഇര. വളരെ ഗുരുതരമായ ഒരു പ്രശ്നമുണ്ട്,” ആൻസലോട്ടി പറഞ്ഞു.

മെസ്റ്റല്ലയിലെ സംഭവങ്ങൾക്ക് ശേഷം വിനീഷ്യസ് “ദുഃഖത്തിലായിരുന്നു, ദേഷ്യപ്പെട്ടില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എതിരാളികളായ ടീം ആരാധകരിൽ നിന്നുള്ള വംശീയ അധിക്ഷേപത്തിന്റെ ഒന്നിലധികം സന്ദർഭങ്ങളെ ഇതിനകം നേരിട്ട വിനീഷ്യസ് മത്സരത്തിനിടെ കരയുകയും ചെയ്തു.നാടകീയ സംഭവങ്ങൾ അരങ്ങേറിയ പോരാട്ടത്തിന് ഒടുവിൽ സൂപ്പർ താരം വിനീഷ്യസ് ചുവപ്പ് കാർഡ് കണ്ടതും ലോസ് ബ്ലാങ്കോസിന് തിരിച്ചടിയായി. ഇഞ്ചുറി ടൈമിൽ വലൻസിയ താരം ഹ്യൂഗോ ഡുറോയുടെ മുഖത്ത് തൊഴിച്ചതിന് വാറിന്റെ സഹായത്തോടെ വിനീഷ്യസിന് റെഡ് കാർഡ് നൽകാൻ തീരുമാനിക്കുകയായിരുന്നു.

ഇരു ടീമുകളുടെയും താരങ്ങൾ തമ്മിലുള്ള രൂക്ഷമായ വാക്ക് തകർക്കങ്ങൾക്ക് ഒടുവിൽ 97 ആം മിനിറ്റിലായിരുന്നു സംഭവം.മൈതാനത്തിന് അകത്തും പുറത്തും വിനീഷ്യസിന് നേരെ തുടർച്ചയായ പ്രകോപനങ്ങൾ ഉണ്ടായി. മത്സരത്തിനിടെ വലൻസിയ ആരാധകർ നിരവധി തവണയാണ് ബ്രസീലിയൻ വിംഗറെ വംശീയമായി അധിക്ഷേപിച്ചത്. സ്റ്റേഡിയം മുഴുവനും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുന്ന ചാന്റുകൾ മുഴക്കുന്ന അവസ്ഥ വരെ ഉണ്ടായി. അധിക്ഷേപം നടത്തുന്നവരെ താരം കാണിച്ചു കൊടുത്തതിനെ തുടർന്ന് മത്സരം കുറച്ച് സമയം നിർത്തി വെക്കേണ്ടി വന്നു.ഈ സീസണിൽ സ്പെയിനിലെ നിരവധി സ്റ്റേഡിയങ്ങളിൽ വിനീഷ്യസ് വംശീയമായി അധിക്ഷേപിക്കപ്പെട്ടു, കൂടാതെ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ സ്പാനിഷ് തലസ്ഥാനത്തെ ഒരു പാലത്തിൽ അദ്ദേഹത്തിന്റെ ഒരു പ്രതിമ തൂക്കിയിടുകയും ചെയ്തു.

ലാ ലിഗ ഈ സീസണിൽ ഒന്നിലധികം തവണ സ്പാനിഷ് അധികാരികൾക്ക് നിയമപരമായ പരാതികൾ നൽകിയിട്ടുണ്ട്.എന്നിരുന്നാലും, ഇത് സഹായിക്കുന്നില്ലെന്ന് അൻസലോട്ടി പറഞ്ഞു.”എന്താണ് സംഭവിച്ചത്? റിപ്പോർട്ടുകൾ, അതിൽ നിന്ന് ഒന്നും വന്നിട്ടില്ല. കളി നിർത്തുകയാണ് പ്രതിവിധി,” കോച്ച് തുടർന്നു.അവൻ ഒരു കുട്ടിയാണ്, അവൻ ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നു, എന്നാൽ ഈ സാഹചര്യങ്ങളിൽ അത് വളരെ സങ്കീർണ്ണമാണ്.” അദ്ദേഹം പറഞ്ഞു.ലാ ലിഗയിൽ തുടർച്ചയായി വംശീയ അധിക്ഷേപങ്ങൾ നടന്നിട്ടും അധികൃതർ ശക്തമായ നടപടി എടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി പറഞ്ഞു. താരങ്ങളും മാനേജറും പ്രതിഷേധവുമായി മൈതാനം വിട്ടാൽ മാത്രമെ ഇതിൽ നടപടി ഉണ്ടാകുകയുള്ളുവെന്നും റയൽ പരിശീലകൻ പറഞ്ഞു.

മത്സരം നിർത്താൻ താൻ റഫറിയോട് ആവശ്യപ്പെട്ടെങ്കിലും ആദ്യം ആരാധകരോട് ഒരു അറിയിപ്പ് നടത്തുക എന്നതാണ് പ്രോട്ടോകോൾ, പ്രശ്നം തുടർന്നാൽ മറ്റ് നടപടികളെടുക്കുക എന്നായിരുന്നു പറഞ്ഞതെന്ന് അൻസലോട്ടി പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും വിദ്വേഷ കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ലാ ലിഗ പ്രസ്താവനയിൽ പറഞ്ഞു.

Rate this post