ബാഴ്‌സയിലേക്കല്ല; മെസ്സിയെ മറ്റൊരു ലാലിഗ ക്ലബ്ബിലേക്ക് ക്ഷണിച്ച് അർജന്റീനിയൻ താരങ്ങൾ

ലയണൽ മെസ്സി അടുത്ത സീസണിൽ ഏത് ക്ലബിന് വേണ്ടി കളിക്കുമെന്ന് കാര്യം ഇത് വരെയും വ്യക്തമായിട്ടില്ല. പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പിടാത്ത മെസ്സി അടുത്ത സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിക്കാനുള്ള സാദ്ധ്യതകൾ വളരെ കുറവാണ്. സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ മെസ്സിക്ക് മുന്നിൽ റെക്കോർഡ് ഓഫർ വെച്ചെങ്കിലും ഈ ഓഫറിനോട് മെസ്സി ഇത് വരെ പ്രതികരിച്ചിട്ടില്ല.

താരത്തിന്റെ മുൻ ക്ലബായ ബാഴ്‌സലോണയും താരത്തെ തിരികെയെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. ലാലിഗയിൽ സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇതിന് മുന്നിൽ ബാഴ്‌സയ്ക്ക് വെല്ലുവിളിയാകുന്നത്. ഈ സാമ്പത്തിക പ്രതിസന്ധി മറികടന്ന് കൊണ്ട് താരത്തെ ടീമിലെത്തിക്കാൻ ബാഴ്‌സ എലാവിധ നീക്കങ്ങളും നടത്തുന്നുണ്ട്.

ഇത്തരത്തിൽ മെസ്സിക്ക് വേണ്ടി പിടിവലികൾ നടക്കുമ്പോൾ മെസ്സിയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് രണ്ട് അർജന്റീനിയൻ താരങ്ങൾ. സ്‌പാനിഷ്‌ ക്ലബായ റയൽ ബെറ്റിസിൽ കളിക്കുന്ന ജർമൻ പെസല്ല, ഗുയ്‌ഡോ റോഡ്രിഗസ് എന്നിവരാണ് മെസിയെ ക്ലബ്ബിലേക്ക് ക്ഷണിച്ചത്.ഞങ്ങൾ മെസിക്ക് മുന്നിൽ വാതിലുകൾ തുറന്നിടുകയാണ്. മെസിക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ ഞങ്ങൾ (ബെറ്റിസ്) താരത്തെ തീർച്ചയായും സ്വന്തമാക്കുമെന്നാണ് ഇരു താരങ്ങളും പറഞ്ഞിരിക്കുന്നത്. സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡീപോർറ്റീവോയോടാണ് ഇരുവരും ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താരം ബെറ്റിസിലേക്ക് പോകാൻ സാധ്യതകളൊന്നുമില്ലെങ്കിലും അർജന്റീനിയൻ താരങ്ങൾ അവരുടെ ക്ലബ്ബിൽ മെസ്സി കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ മെസ്സി ബാഴ്‌സയിലേക്ക് പോകാനുള്ള സാദ്യതകൾ വർധിച്ചിരിക്കുകയാണ് എന്ന റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്. റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണ മുന്നോട്ടു വെച്ച പദ്ധതികൾ ലാ ലിഗ അംഗീകരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരാനുള്ള സാധ്യതകളുമുണ്ട്. ഇത്തരത്തിൽ സാമ്പത്തിക പരിഷ്കരണങ്ങളിൽ ലാലിഗ പുതിയ പ്രഖ്യാപനം നടത്തുന്നതോടെ ബാഴ്‌സയ്ക്ക് മെസ്സിയെ സ്വന്തമാക്കാം. ലാലീഗയുടെ പ്രഖ്യാപനത്തിന് പിന്നാലെ ലയണൽ മെസിക്ക് വേണ്ടിയുള്ള ഔദ്യോഗിക ഓഫർ ബാഴ്‌സലോണ നൽകുമെന്നാണ് ചില റിപോർട്ടുകൾ വ്യക്തമാക്കുന്നത്

Rate this post