അവസാനശ്രമത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ലക്ഷ്യം റയൽ മാഡ്രിഡ്‌ സൂപ്പർ സ്‌ട്രൈക്കർ.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഡോണി വാൻ ഡി ബീക്കിനെ സൈൻ ചെയ്തു എന്നല്ലാതെ എടുത്തുപറയാനുള്ള സൈനിങ്‌ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിട്ടില്ല. സമീപകാലത്ത് ഒട്ടും ആശാവഹമല്ലാത്ത പ്രകടനം നടത്തിയിട്ടും ആവിശ്യമായ സൈനിംഗുകൾ യുണൈറ്റഡ് നടത്തിയിട്ടില്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ്. പരിശീലകൻ സോൾഷ്യാർ നിരവധി താരങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ടീം മാനേജ്മെന്റിന്റെ അലംഭാവമാണ് പരിശീലകനെ കുഴക്കുന്നത്.

ഇപ്പോഴിതാ പരിശീലകൻ സോൾഷ്യാർ തന്റെ അവസാനവട്ട ശ്രമങ്ങൾക്കുള്ള ഒരുക്കത്തിലാണ്. മുന്നേറ്റനിരയിലേക്കാണ് അദ്ദേഹം ഒരു താരത്തെ നോട്ടമിട്ടിരിക്കുന്നത്. റയൽ മാഡ്രിഡിന്റെ സെർബിയൻ സ്‌ട്രൈക്കർ ലുക്ക ജോവിച്ചാണ് യുണൈറ്റഡിന്റെ ലക്ഷ്യം. നിലവിലെ സ്‌ട്രൈക്കർമാരായ മാർക്കസ് റാഷ്ഫോർഡ്, ആന്റണി മാർഷ്യൽ, മാസോൺ ഗ്രീൻവുഡ് എന്നിവർക്കിടയിൽ ഒരു മത്സരം നടക്കാൻ വേണ്ടിയാണ് ജോവിച്ചിനെയും സോൾഷ്യാർ ലക്ഷ്യം വെക്കുന്നത്.

ഒക്ടോബറിൽ ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുമ്പ് റയൽ മാഡ്രിഡ്‌ ലോണിൽ വിടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരമാണ് ജോവിച്ച്. റയൽ മാഡ്രിഡിൽ കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ താരത്തിന് കഴിയാതെ വന്നപ്പോൾ സിദാൻ താരത്തെ തഴഞ്ഞിരുന്നു. പിന്നീട് താരവും സിദാനും തമ്മിൽ അത്ര രസത്തിലല്ല എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ.

എസി മിലാൻ ആയിരുന്നു താരത്തെ ടീമിൽ എത്തിക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചു കൊണ്ടിരുന്നത്. കൂടാതെ സിരി എയിലെ തന്നെ റോമ, ഇന്റർമിലാൻ എന്നിവർക്കും താരത്തിൽ ഒരു കണ്ണുണ്ടായിരുന്നു. താരത്തെ വിൽക്കാൻ റയൽ മാഡ്രിഡ്‌ ഒരുക്കമല്ല. പകരം ലോണിൽ പറഞ്ഞയക്കാനാണ് റയൽ ഒരുങ്ങുന്നത്. അതിനാൽ തന്നെ യുണൈറ്റഡ് താരത്തെ ലോണിൽ ആയിരിക്കും എത്തിക്കുക. കൂടാതെ പോർട്ടോയുടെ അലക്സ് ടെല്ലസിന്റെ കാര്യവും യുണൈറ്റഡ് ഗൗരവത്തോടെ പരിഗണിക്കുന്നുണ്ട്.

Rate this post