ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നതു തടയാനുള്ള പദ്ധതികളുമായി റയൽ മാഡ്രിഡ്

2021-22 സീസണിനു മുന്നോടിയായാണ് അർജന്റീനിയൻ സൂപ്പർതാരമായ ലയണൽ മെസി ഇരുപത്തിയൊന്നു വർഷം നീണ്ട ബാഴ്‌സലോണ കരിയർ അവസാനിപ്പിക്കുന്നത്. ബാഴ്‌സലോണയിൽ തന്നെ തുടരുകയെന്നതായിരുന്നു മെസിയുടെ ലക്ഷ്യമെങ്കിലും പുതിയ കരാർ നൽകാൻ ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി അനുവദിക്കാത്തതു കൊണ്ടാണ് താരം പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. പിഎസ്‌ജിയുമായി രണ്ടു വർഷത്തെ കരാറൊപ്പിട്ട അർജന്റീന താരം തന്റെ അവസാനത്തെ സീസണാണ് കളിക്കുന്നതെങ്കിലും കരാർ നീട്ടാനുള്ള ശ്രമങ്ങൾ ഫ്രഞ്ച് ക്ലബ് നടത്തുന്നുണ്ട്.

2023ൽ അവസാനിക്കുന്ന ലയണൽ മെസിയുടെ കരാർ പുതുക്കാൻ പിഎസ്‌ജി ശ്രമം നടത്തുമ്പോൾ തങ്ങളുടെ ഇതിഹാസതാരത്തെ അടുത്ത സമ്മറിൽ ടീമിലേക്ക് തിരിച്ചെത്തിക്കാൻ ബാഴ്‌സലോണയും നീക്കങ്ങളാരംഭിച്ചുവെന്ന റിപ്പോർട്ടുകളുണ്ട്. ലയണൽ മെസി ക്ലബ് വിടാൻ കാരണമായ സാമ്പത്തിക പ്രതിസന്ധികളെല്ലാം ബാഴ്‌സലോണ ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഇതിനു പുറമെ പുതിയ മികച്ച താരങ്ങളെ ടീമിലെത്തിച്ച് സാവിയുടെ കീഴിൽ നല്ലൊരു ടീമിനെ വാർത്തെടുത്ത് സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനും ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടുണ്ട്.

അതേസമയം സ്‌പാനിഷ്‌ റേഡിയോസ്റ്റേഷനായ സിഓപിഇ വെളിപ്പെടുത്തുന്നതു പ്രകാരം ലയണൽ മെസിയുടെ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് തടയാൻ വേണ്ടി കാറ്റലൻ ക്ലബിന്റെ ചിരവൈരികളായ റയൽ മാഡ്രിഡ് ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഏതു രീതിയിലാണ് മെസിയുടെ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് തടയാൻ റയൽ മാഡ്രിഡ് നീക്കങ്ങൾ നടത്തുന്നതെന്നതു വ്യക്തമല്ല. റയലിന്റെ നീക്കങ്ങൾ വിജയിക്കുമോയെന്നറിയാൻ അടുത്ത സമ്മർ വരെ കാത്തിരിക്കേണ്ടി വരും.

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ സീസൺ ലയണൽ മെസിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടമല്ലാതെ മറ്റൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ വളരെ മോശം പ്രകടനമാണ് നടത്തിയത്. എന്നാൽ അതിന്റെ കുറവുകൾ പരിഹരിച്ച് ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം പിഎസ്‌ജി നടത്തുമ്പോൾ ലയണൽ മെസിയും മികച്ച ഫോമിലാണുള്ളത്.

നിലവിൽ അർജന്റീന ടീമിനൊപ്പം സൗഹൃദമത്സരങ്ങൾക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് ലയണൽ മെസി. ഹോണ്ടുറാസ്, ജമൈക്ക എന്നീ ടീമുകൾക്ക് എതിരെയാണ് അർജന്റീന സൗഹൃദമത്സരങ്ങൾ കളിക്കുക. ലോകകപ്പിന് ഇനി രണ്ടു മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ലയണൽ മെസി ഈ മത്സരങ്ങളിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങുമെന്നാണ് സൂചനകൾ.

Rate this post