ബാഴ്സയുടെ തോൽവി ,ലാലിഗ കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ് | Real Madrid

നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്‌ക്കെതിരെ ജിറോണ ജയം സ്വന്തമാക്കിയതോടെ ലാ ലിഗ കിരീടം ഉറപ്പിച്ച് റയൽ മാഡ്രിഡ്. ലീഗിൽ നാല് മത്സരങ്ങൾ ശേഷിക്കെയാണ് റയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്.34 മത്സരങ്ങളില്‍ നിന്നും 27 ജയവും ആറ് സമനിലയും സ്വന്തമാക്കിയ റയലിന് 87 പോയിന്‍റാണ് ഉള്ളത്.

ബാഴ്‌സലോണയെ തകര്‍ത്ത് ജിറോണ രണ്ടാം സ്ഥാനത്തേക്ക് എത്തിയെങ്കിലും റയലിനേക്കാള്‍ 13 പോയിന്‍റ് പിന്നലാണ് അവരുള്ളത്. ബാഴ്‌സയാകട്ടെ റയലിനേക്കാള്‍ 14 പോയിന്‍റ് പിന്നിലുമാണുള്ളത്.ലാ ലിഗയില്‍ റയലിന്‍റെ 36-ാം കിരീട നേട്ടമാണിത്. ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ ടീമും റയലാണ്. ജിറോണ ബാഴ്‌സലോണയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപെടുത്തിയപ്പോൾ റയൽ മാഡ്രിഡ് കാ‍ഡിസിനെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് പരാജയപ്പെടുത്തി.

51-ാം മിനിറ്റിൽ ബ്രാഹിം ഡയസ്, 68-ാം മിനിറ്റിൽ ജൂഡ് ബെല്ലിംങ്ഹാം, 93-ാം മിനിറ്റിൽ ഹോസെലു എന്നിവർ ​ഗോളുകൾ നേടി.ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിന് മുന്നോടിയായി ആൻസലോട്ടി തൻ്റെ ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു.രണ്ടാം പാദ മത്സരത്തിന് മുന്നോടിയായി വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, അൻ്റോണിയോ റൂഡിഗർ, ടോണി ക്രൂസ് തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി.

പരിക്കിന് ശേഷം ഒമ്പത് മാസത്തിന് ശേഷം തിബോട്ട് കോർട്ടോയിസ് തൻ്റെ ആദ്യ തുടക്കം കുറിച്ചു.ലാ ലിഗയിൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ലൂക്കാ മോഡ്രിച്ച് ചരിത്രം കുറിച്ചു.