ഒടുവിൽ റയൽ മാഡ്രിഡിൽ മഞ്ഞുരുക്കം, വിനീഷ്യസും ബെൻസിമയും തമ്മിലുള്ള പ്രശ്നം ഒത്തുതീർന്നതിങ്ങനെ.

ചാമ്പ്യൻസ് ലീഗിൽ നടന്ന റയൽ മാഡ്രിഡിന്റെ ഷാക്തർ ഡോണസ്‌ക്കിനെതിരെയുള്ള മത്സരത്തിൽ ബെൻസിമ മെന്റിക്ക് നൽകിയ ഉപദേശം ഏറെ വിവാദമായിരുന്നു. വിനീഷ്യസിന് പാസ് നൽകരുതെന്നും അദ്ദേഹം നമ്മൾക്കെതിരെയാണ് കളിക്കുന്നത് എന്നുമായിരുന്നു ബെൻസിമ മെന്റിയോട് പറഞ്ഞത്. ഇതിന്റെ വീഡിയോ ഫുട്ടേജുകൾ പുറത്തു വന്നതോടെ സംഭവം ഫുട്ബോൾ ലോകത്ത് വളരെ വേഗത്തിൽ പ്രചരിച്ചു.

ഇതിനെ തുടർന്ന് ബെൻസിമയും വിനീഷ്യസും തമ്മിൽ പിണക്കത്തിലാണ് എന്ന രൂപേണയുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ പ്രശ്നം പരിഹരിച്ചതായാണ് സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ റയൽ മാഡ്രിഡിന്റെ പരിശീലനവേളയിൽ വെച്ചാണ് ഈ സംഭവവികാസത്തിൽ ഇരു താരങ്ങളും തങ്ങളുടെ ഭാഗങ്ങൾ വ്യക്തമാക്കുകയും വ്യക്തത കൈവരുത്തുകയും ചെയ്തത്.

മത്സരത്തിന്റെ ദേഷ്യത്തിലും ചൂടിലുമാണ് താൻ അങ്ങനെ പറഞ്ഞു പോയത് എന്നാണ് വിനീഷ്യസിനെ ബെൻസിമ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, താൻ അങ്ങനെ പറയാനുണ്ടായ സാഹചര്യമെല്ലാം ബെൻസിമ വ്യക്തമായി വിവരിക്കുകയും വിനീഷ്യസിനോട് താരം മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്.ഈ മാപ്പ് വിനീഷ്യസ് സ്വീകരിക്കുകയും ചെയ്തതായാണ് മാർക്ക പറയുന്നത്.

മാത്രമല്ല മുന്നോട്ടുള്ള പാതയിൽ ഇത് സംബന്ധിച്ച ഒരു പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ഇരുവരും ഉറപ്പ് നൽകിയിട്ടുണ്ട്.രണ്ടു പേരും ഇനിയുള്ള നാളുകളിൽ കരുത്തുറ്റതും ആരോഗ്യപരവുമായ ബന്ധത്തിലായിരിക്കുമെന്നും മത്സരങ്ങളിലും പുറത്തും പരസ്പരസഹകരണമുണ്ടാവുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഏതായാലും രണ്ട് ഗോളിന് തോറ്റു നിൽക്കുന്ന ആ സാഹചര്യത്തിൽ ഉണ്ടായതാണ് ആ പരാമർശമെന്നും അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നുമാണ് ബെൻസിമയുടെ പക്ഷം.

Rate this post