വളർന്നു വന്നത് നിരവധി സൂപ്പർ താരങ്ങൾ, യുവതാരങ്ങളെ വളർത്തിയെടുക്കുന്നത് പതിവാക്കി കൂമാൻ.

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നടന്ന യുവന്റസിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയം കൈവരിക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രകടനമായിരുന്നു പെഡ്രി. താരത്തിന്റെ പൊസിഷനിൽ അപകടം വിതച്ച പെഡ്രി ഡിഫൻസീവിലും മികച്ചു നിൽക്കുന്നതാണ് കണ്ടത്.പതിനേഴുകാരനായ താരത്തിന് കൂമാൻ നൽകിയ അവസരം താരം മുതലെടുക്കുകയായിരുന്നു.

പതിനേഴുകാരനായ ഫാറ്റിയും കൂമാന്റെ ഇലവനിലെ സ്ഥിരസാന്നിധ്യമാണ്. മാത്രമല്ല ഈ സീസണിലെ ബാഴ്‌സയുടെ ടോപ് സ്‌കോറർ കൂടിയാണ് താരം. ഇനി ഫുൾ ബാക്ക് ആയ സെർജിനോ ഡെസ്റ്റിന്റെ കാര്യത്തിലും കൂമാൻ സമാനസമീപനം തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. പത്തൊൻപതുകാരനായ ഡെസ്റ്റിനും കൂമാൻ അവസരങ്ങൾ നൽകി. ഇങ്ങനെ യുവതാരങ്ങൾക്ക് അവസരങ്ങൾ നൽകി കൊണ്ട് അവരെ വളർത്തിയെടുക്കുന്നതിൽ കൂമാൻ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. എന്നാൽ ഇത് ആദ്യമായിട്ടുമല്ല. ഇതിന് മുമ്പും ഒട്ടേറെ സൂപ്പർ താരങ്ങൾ കൂമാന് കീഴിൽ വളർന്നു വന്നിട്ടുണ്ട്.

കൂമാൻ അയാക്സിന്റെ പരിശീലകനായ സമയത്താണ് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് ക്ലബ്ബിൽ തിളങ്ങാൻ സാധിക്കുന്നത്. കൂടാതെ മറ്റു സൂപ്പർ താരങ്ങളെയും കൂമാൻ അയാക്സിൽ വെച്ച് വാർത്തെടുത്തു. വെസ്ലി സ്നൈഡറെയും റാഫേൽ വാൻ ഡർ വാർട്ടിനെയും. ഇനി വലൻസിയയുടെ കാര്യത്തിലേക്ക് വന്നാലും ഒരുപിടി യുവതാരങ്ങൾക്ക് കൂമാൻ അവസരം നൽകിയത് കാണാം. അവരിൽ പെട്ടവരാണ് യുവാൻ മാറ്റയും എവർ ബനേഗയും. ഇരുവരും കൂമാന് കീഴിൽ വളർന്നവരാണ്.

ഇനി സതാംപ്റ്റണിൽ ആയ കാലത്തും സൂപ്പർ താരങ്ങളെ വാർത്തെടുക്കാൻ കൂമാന് കഴിഞ്ഞു. നിലവിൽ ലിവർപൂളിന്റെ സൂപ്പർ താരങ്ങളായ സാഡിയോ മാനെ, വാൻ ഡൈക്ക് എന്നിവർ സതാംപ്റ്റണിൽ കൂമാനു കീഴിൽ ആയിരുന്നു. ഹോളണ്ട് പരിശീലകനായ കാലത്ത് ഫ്രങ്കി ഡിജോങ്ങിനെയും മത്യാസ് ഡിലൈറ്റിനെയും മുൻനിരയിലേക്ക് കൊണ്ടുവരാൻ കൂമാനു കഴിഞ്ഞിരുന്നു. ഇപ്പോൾ ഫാറ്റിയും പെഡ്രിയുമാണ് ആ ലിസ്റ്റിൽ ഉള്ളത്.

Rate this post