റയൽ മാഡ്രിഡിന്റെ നീക്കങ്ങളെ തകർത്തെറിയാനൊരുങ്ങി ലിവർപൂൾ!

പി.എസ്.ജിയുടെ സൂപ്പർ താരമായ കിലിയൻ എംബാപ്പേയെ റയൽ മാഡ്രിഡ് ടീമിലെത്തിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി കൊണ്ടിരിക്കുകയാണ്. പക്ഷെ താരവുമായി ധാരണയിലെത്താൻ സാധിക്കാത്ത റയൽ മാഡ്രിഡിന് ഇപ്പോൾ പ്രീമിയർ ലീഗിൽ നിന്നും എതിരാളികളുണ്ട്. മറ്റാരുമല്ല

ലിവർപൂൾ!

ലിവർപൂൾ താരത്തെ ടീമിലെത്തിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും, ഇപ്പോഴിതാ അത് ഏതാണ്ട് നടക്കുമെന്ന മട്ടിലാണ്.

ലാ ലീഗാ വമ്പന്മാരായ റയൽ മാഡ്രിഡും താരത്തെ ലക്ഷ്യം വച്ചു മുന്നേറുകയാണ്. ലോക ഫുട്‌ബോളിലെ തന്നെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ എംബാപ്പേയുടെ നിലവിലെ കരാർ പ്രകാരം ഇനി 18 മാസങ്ങൾ കൂടിയേ താരത്തിനു പി.എസ്.ജിയിൽ കളിക്കാൻ സാധിക്കുകയുള്ളൂ. ഈ ചുരുങ്ങിയ കാലം മാത്രം മുന്നിൽ നിൽക്കെ പി.എസ്.ജി അധികൃതർ കരാർ പുതുക്കുന്നതിന് പറ്റി ഇതു വരെയും ചിന്തിച്ചിട്ടില്ല.

എല്ലാവരും കരുതിയിരുന്നത് താരം സിദാന്റെ റയലിലേക്ക് ചേക്കേറിയെക്കുമെന്നാണ്. പക്ഷെ അതു സാധ്യമാവണമെങ്കിൽ റയലിന്റെ ബ്രസീലിയൻ വിങ്ങറായ വിനിശ്യസ് ജൂനിയറിനെ പി.എസ്.ജിക്കു വിൽക്കേണ്ടി വരും.

കോവിഡ്-19 റയൽ മാഡ്രിഡിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ വ്യക്തമായ ഫണ്ട് ക്ലബ്ബ് ശേഖരിച്ചിട്ടില്ലെങ്കിൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാകും. ഒരു വർഷത്തിൽ ഒരു ബില്യൺ വരുമാനം എന്ന അപൂർവ റെക്കോർഡ് കൈവരിക്കാനിരുന്ന ബാഴ്സയ്ക്ക് ഇപ്പോൾ 1 ബില്യനോളം വരുന്ന കടക്കെണിയിൽ അകപ്പെട്ടതിന് നാം സാക്ഷ്യം വഹിച്ചതാണ്. അപ്പോൾ റയൽ താരത്തെ ടീമിലെത്തിക്കുകയാണെങ്കിൽ വ്യക്തമായ ഫണ്ട് കണ്ടെത്തൽ നിർബന്ധമാണ്.

ഈ സാഹചര്യത്തെ മുതലെടുക്കാനാണ് ലിവർപൂൾ ശ്രമിക്കുന്നത്. ഒരുപക്ഷേ ലിവർപൂൾ റയലിനേക്കാളും പണം നൽകുവാൻ തയ്യാറാവുകയാണെങ്കിൽ ഭാവിയിൽ ഫ്രഞ്ച് യുവ താരത്തെ ആൻഫീൽഡിലെ ആർത്തിരമ്പുന്ന ആയിരങ്ങൾക്ക് മുന്നിൽ കളിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും.

എംബാപ്പേ 2022 വരെ പി.എസ്.ജിയിൽ തുടരുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കിൽ 2022ൽ താരത്തിന്റെ കരാർ അവസാനിക്കുമ്പോൾ ഫ്രീ ട്രാൻസ്‌ഫറായി റയലിന് താരത്തെ ടീമിലെടുക്കാം.

പക്ഷെ എംബാപ്പേ ഇതിൽ നിന്നുമെല്ലാം വ്യത്യസ്തമായ പ്രതികരണമാണ് നൽകിയത്. ഈ മാസത്തിന്റെ ആദ്യവാരം, പി.എസ്.ജിയിൽ താൻ സന്തോഷവാനാണെന്നു പറഞ്ഞു.

“ഞങ്ങൾ ക്ലബ്ബുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഞാനും അതിനെ പറ്റി ചിന്തിക്കുന്നുണ്ട്. ഞാൻ ഇവിടെ സൈൻ ചെയ്യുകയാണെകിൽ അതു എന്റെ ദീർഘകാല നിക്ഷേപമായിരിക്കും.” –
– എംബാപ്പേ

എംബാപ്പേ പി.എസ്.ജിയിൽ തന്നെ തുടരുമോ? കാത്തിരുന്നു കാണാം…