ബെൻസിമ -വനിഷ്യസ് കൂട്ടുകെട്ടിൽ റയൽ മാഡ്രിഡ് ; മെസ്സിയില്ലാത്ത പിഎസ്ജി യെ സമനിലയിൽ പിടിച്ച് ലൈപ്സിഗ്
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ജയം.ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ യുക്രൈൻ ക്ലബ് ഷാക്തറിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്പാനിഷ് വമ്പന്മാർ കീഴടക്കിയത്. കരീം ബെൻസിമ-വിനീഷ്യസ് കൂട്ടുകെട്ടിലാണ് റയലിന്റെ രണ്ട് ഗോളുകളും പിറന്നത്.ആദ്യ പകുതിയിൽ 14ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. ശക്തർ ഡിഫൻസിന്റെ കയ്യിൽ നിന്ന് പെനാൾട്ടി ബോക്സിൽ നിന്ന് പന്ത് തട്ടിയെടുത്ത വിനീഷ്യസ് ബെൻസീമയ്ക്ക് പാസ് ർ ഒരുക്കുക ആയിരുന്നു. ബെൻസീമ ലക്ഷ്യം തെറ്റാതെ വലയിൽ പന്ത് എത്തിച്ചു.എന്നാൽ, പതറാതെ കളിച്ച ഷാക്തർ 39 ആം മിനിറ്റിൽ റയൽ മാഡ്രിഡിന് മറുപടി നൽകി. ഷാക്തറിന്റെ സമനില ഗോൾ ഫെർണാണ്ടോയാണ് നേടിയത്. ആദ്യ പകുതിയിൽ ഷാക്തർ പലപ്പോഴും റയൽ പ്രതിരോധ നിരയ്ക്ക് തലവേദന ഉണ്ടാക്കി.
61 ആം മിനിറ്റിൽ വിനീഷ്യസും കാസെമിറോയും ബെൻസിമയും ചേർന്ന് നടത്തിയ മനോഹര നീക്കമാണ് റയൽ മാഡ്രിഡിന്റെ വിജയത്തിന് ആധാരമായ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.ബെൻസീമയുടെ ചാമ്പ്യൻസ് ലീഗിലെ 75ആം ഗോളായിരുന്നു ഇത്.രണ്ട് അസിസ്റ്റും ഏഴ് അവസരങ്ങളും സൃഷ്ടിച്ച ബ്രസീലിയൻ യുവതാരം വിനീഷ്യസ് കളിയിൽ ഉടനീളം തിളങ്ങി. കരീം ബെൻസിമയുടെ ആദ്യ ഗോളിലൂടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 1000 ഗോൾ നേടുന്ന ടീം എന്ന ചരിത്രം നേട്ടവും കാർലോസ് ആൻസലോട്ടിയുടെ ടീം സ്വന്തമാക്കി. നാല് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഗ്രൂപ്പ് ഡി യിൽ റയൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ലയണൽ മെസ്സിയുടെ അഭാവത്തിൽ ചാമ്പ്യൻസ് ലീഗിൽ ആർ.ബി ലൈപ്സിഗിനോട് സമനില വഴങ്ങി പാരീസ് സെന്റ് ജർമൻ. മികച്ച പോരാട്ടം കണ്ട മത്സരത്തിൽ പി.എസ്.ജിയെ എല്ലാ നിലക്കും ലൈപ്സിഗ് ബുദ്ധിമുട്ടിച്ചു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച പി.എസ്.ജിയെ പിന്നീട് ഗോൾ തിരിച്ചടിച്ചു ആണ് ലൈപ്സിഗ് സമനിലയിൽ പിടിച്ചത്.ൻകുങ്കുവിലൂടെ എട്ടാം മിനിറ്റിൽ ലെയ്പ്സിഗ് ലീഡ് നേടി. 12 ആം മിനിറ്റിൽ ലെയ്പ്സിഗിന് ലഭിച്ച പെനാൽറ്റി സേവ് ചെയ്ത് പിഎസ്ജി ഗോൾ കീപ്പർ ഡോണാരുമ എതിരാളികൾ ലീഡ് വീണ്ടും ഉയർത്തുന്നത് തടഞ്ഞു.മത്സരത്തിലെ 21 മത്തെ മിനിറ്റിൽ മികച്ച ഒരു പി.എസ്.ജി നീക്കത്തിന് ഒടുവിൽ എമ്പപ്പയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ജിനോ വൈനാൾഡം ഫ്രഞ്ച് ടീമിന് മത്സരത്തിൽ സമനില സമ്മാനിച്ചു.തുടർന്ന് 39 മത്തെ മിനിറ്റിൽ ഡി മരിയയുടെ കോർണറിൽ നിന്നു മാർക്വീനോസ് ഹെഡറിലൂടെ നൽകിയ പന്ത് ഹെഡറിലൂടെ വലയിൽ എത്തിച്ച വൈനാൾഡം പി.എസ്.ജിയെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ അടക്കം സമനിലക്ക് ആയി പൊരുതുന്ന ജർമ്മൻ ടീമിനെ ആണ് മത്സരത്തിൽ കണ്ടത്. ഒടുവിൽ 91 മത്തെ മിനിറ്റിൽ എൻകുങ്കുവിനെതിരായ കിമ്പമ്പയുടെ അപകടകരമായ ഫൗളിന് വാർ പെനാൽട്ടി വിധിച്ചപ്പോൾ സമനില നേടാനുള്ള അവസരം ജർമ്മൻ ടീമിന് ലഭിച്ചു. ഇത്തവണ പെനാൽട്ടി എടുത്ത ഹംഗേറിയൻ താരം ഡൊമിനിക് സൊബോസലയ് അനായാസം ഡോണരുമയെ മറികടന്നപ്പോൾ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ തങ്ങളുടെ ആദ്യ പോയിന്റ് ലൈപ്സിഗ് സ്വന്തമാക്കി. പാരീസിൽ നടന്ന ആദ്യ പോരാട്ടത്തിൽ ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ പിഎസ്ജി ലെയ്പ്സിഗിനെ തോൽപ്പിച്ചിരുന്നു. ഗ്രൂപ്പിൽ 9 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തെത്തി. 8 പോയിന്റുള്ള പിഎസ്ജി രണ്ടാമതാണ്.
എ സി മിലാന്റെ ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് മോശമായി തന്നെ തുടരുന്നു. സീരി എയിൽ ഗംഭീര പ്രകടനമാണ് നടത്തുന്നത് എങ്കിലും ചാമ്പ്യൻസ് ലീഗിൽ ഒട്ടും തിളങ്ങാൻ മിലാന് ഇതുവരെ ആയിരുന്നില്ല. സാൻസിരോയിൽ നടന്ന മത്സരത്തിൽ പോർട്ടോക്ക് എതിരെയും മിലാന് ജയിക്കാൻ ആയില്ല. 1-1 എന്ന സമനിലയിൽ ആണ് ഇന്നത്തെ മത്സരം അവസാനിച്ചത്. ഇന്ന് മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ ലൂയിസ് ഡയസിലൂടെ സന്ദർശകരായ പോർട്ടോ ലീഡ് എടുത്തു.ഇതിനു മറുപടി നൽകാൻ മിലാന് രണ്ടാം പകുതി ആകേണ്ടി വന്നു. 61ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു മിലാൻ സമനില നേടി.