മെസിയും എംബാപ്പയുമല്ല, പിഎസ്‌ജിയിലെ യഥാർത്ഥ പ്രശ്‌നം വെളിപ്പെടുത്തി പരിശീലകൻ

ദിശാബോധമില്ലാതെ ഒരു ടീമിനെ പടുത്തുയർത്തി അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഫ്രഞ്ച് ക്ലബായ പിഎസ്‌ജി. വമ്പൻ താരങ്ങളെ ടീമിലെത്തിച്ചപ്പോൾ സന്തുലിതമായൊരു ടീമിനെ സൃഷ്‌ടിക്കാൻ മറന്ന അവർ ഈ സീസണിൽ മോശം പ്രകടനമാണ് നടത്തിയത്. ആകെ ഫ്രഞ്ച് ലീഗ് കിരീടത്തിൽ മാത്രമേ അവർക്ക് ഇപ്പോൾ പ്രതീക്ഷയുള്ളൂ.

പിഎസ്‌ജിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയെന്നത്. എന്നാൽ കഴിഞ്ഞ രണ്ടു സീസണുകളിലും അവർ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പുറത്തു പോയി. സന്തുലിതമായ ഒരു ടീം ഇല്ലാത്തതു തന്നെയാണ് പിഎസ്‌ജിക്ക് യൂറോപ്യൻ പോരാട്ടങ്ങളിൽ തിരിച്ചടി നൽകിയത്. ടീമിന്റെ ദൗർബല്യങ്ങൾ മുതലെടുത്ത എതിരാളികൾ അവരെ കൃത്യമായി പരാജയപ്പെടുത്തി.

അതിനിടയിൽ ലയണൽ മെസി, കിലിയൻ എംബാപ്പെ തുടങ്ങിയ താരങ്ങൾ തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങളും അവരുടെ പൊസിഷനിങ്ങിലുള്ള പ്രശ്‌നങ്ങളുമാണ് പിഎസ്‌ജിയുടെ മോശം ഫോമിന് കാരണമെന്ന് പലരും വിലയിരുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരെ കാണുമ്പോൾ പിഎസ്‌ജി പരിശീലകനായ ഗാൾട്ടിയർ പൂർണമായും നിഷേധിച്ചു.

“മത്സരത്തിനിടയിൽ പന്ത് ലഭിക്കാൻ എപ്പോഴും ആഗ്രഹിക്കുന്ന താരങ്ങളാണ് ലയണൽ മെസിയും കിലിയൻ എംബാപ്പെയും. അവർ തമ്മിലുള്ള പൊസിഷനിംഗ് അല്ല പ്രശ്‌നമാവുന്നത്, മറിച്ച് അവർക്ക് തുടർച്ചയായി പന്ത് നൽകാൻ കഴിവുള്ള താരങ്ങളില്ലാത്തതാണ്.” പിഎസ്‌ജി മധ്യനിരയും പ്രതിരോധവും വേണ്ടത്ര മികവ് കാണിക്കുന്നില്ലെന്ന സൂചന നൽകി അദ്ദേഹം പറഞ്ഞു.

പരിശീലകന്റെ വാക്കുകൾ ശരിയാണെന്ന് പിഎസ്‌ജിയുടെ മത്സരം കാണുന്നവർക്ക് വ്യക്തമായി മനസിലാവും. മധ്യനിരയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാൽ ലയണൽ മെസിക്ക് ഡീപ്പിൽ ഇറങ്ങിപ്പോയി അവസരങ്ങൾ സൃഷ്‌ടിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെയാണ് ഗോളുകൾ നേടുന്നതിനേക്കാൾ ഗോളവസരങ്ങൾ മെസി ഒരുക്കി നൽകാൻ കാരണം.

3.8/5 - (6 votes)