റയൽ മാഡ്രിഡ് ടീമിൽ ഉറച്ച വിശ്വാസവുമായി സിദാൻ, പുതിയ താരങ്ങളെത്തില്ല

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് പുതിയ താരങ്ങളെത്തില്ലെന്ന് ഉറപ്പായി. ഇന്നലെ റയൽ ബെറ്റിസിനെതിരായ മത്സരം 3-2നു വിജയിച്ച മത്സരത്തിനു ശേഷം ഇക്കാര്യം സിദാൻ വ്യക്തമാക്കി. ഇതോടെ ലോണിൽ നിന്നും തിരിച്ചു വിളിച്ച താരങ്ങൾ മാത്രമേ ഈ സീസണിൽ റയൽ മാഡ്രിഡിൽ പുതിയതായി ഉണ്ടാവുകയുള്ളൂ.

“സമ്മർ ട്രാൻസ്ഫർ ജാലകം അടക്കുന്നതിനു മുൻപ് ഒരു താരത്തെയും റയൽ സ്വന്തമാക്കില്ല.” റയലിന്റെ പുതിയ ട്രാൻസ്ഫർ നീക്കങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് റയൽ ബെറ്റിസിനെതിരായ മത്സരത്തിനു ശേഷം സിദാൻ മറുപടി പറഞ്ഞു.

മാർട്ടിൻ ഒഡെഗാർഡ്, മയോറൽ, ഒഡ്രിയാസോള എന്നിങ്ങനെയുള്ള താരങ്ങൾ തിരിച്ചെത്തിയതോടെ ശക്തമായ സ്ക്വാഡായി തന്നെയാണ് റയൽ നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിൽ ആവശ്യമുള്ള അഴിച്ചുപണികൾ നടത്തി പുതിയ സ്ക്വാഡിനെ സിദാൻ ഒരുക്കിക്കഴിഞ്ഞു.

കൊറോണ വൈറസ് പ്രതിസന്ധികൾ ബാധിക്കാതിരിക്കാനാണ് റയൽ പുതിയ താരങ്ങളെ ഒഴിവാക്കിയത്. അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെ, ഹാലൻഡ്, കമവിംഗ എന്നിവരെ സ്വന്തമാക്കി റയൽ ഇതിനെ മറികടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.