ചാമ്പ്യൻസ് ലീഗടക്കം മൂന്നു കിരീടങ്ങൾ ചെൽസിക്കു നേടിക്കൊടുത്ത ടുഷെലിനെ പുറത്താക്കാനുള്ള കാരണങ്ങളിതാണ്

തോമസ് ടുഷെലിനെ ചെൽസി പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കിയ വാർത്ത ക്ലബിന്റെ ആരാധകർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും. ഈ സീസണിൽ ക്ലബിന്റെ ഫോം മോശമാണെങ്കിലും ഇത്ര വേഗത്തിൽ ടുഷെൽ ടീമിൽ നിന്നും പുറത്തു പോകുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. ഫ്രാങ്ക് ലാംപാർഡിനു പകരക്കാരനായി 2021 ജനുവരിയിൽ ചെൽസി പരിശീലകനായി എത്തിയ ടുഷെൽ ബ്ലൂസിനൊപ്പം ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർകപ്പ്, ക്ലബ് ലോകകപ്പ് എന്നീ കിരീടങ്ങൾ നേടുകയും എഫ്എ കപ്പ്, ഇഎഫ്എൽ കപ്പ് എന്നിവയിൽ റണ്ണേഴ്‌സ് അപ്പ് ആവുകയും ചെയ്‌തിട്ടുണ്ട്‌.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്രബിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ജർമൻ പരിശീലകനെ പുറത്താക്കാനുള്ള തീരുമാനം ചെൽസി ഉടമയായ ടോഡ് ബോഹ്‍ലി എടുക്കുന്നത്. ഈ സീസണിലെ ചെൽസിയുടെ മോശം ഫോം അതിനൊരു കാരണമായെങ്കിലും അതിനു പുറമെയും ചില കാരണങ്ങൾ ഈ പുറത്താക്കലിനു പിന്നിലുണ്ട്. മോശം ഫോമിനു പുറമെ ടുഷെലിന്റെ പെരുമാറ്റവും മുൻ ചെൽസി ഉടമയായ റോമൻ അബ്രമോവിച്ച് നിയമിച്ച പരിശീലകനാണെന്നതും പുറത്താക്കാനുള്ള കാരണമായി ദി എക്‌സ്പ്രസ് വെളിപ്പെടുത്തുന്നു.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം തുക ചിലവാക്കിയ ക്ലബാണ് ചെൽസി. വെസ്‌ലി ഫൊഫാന, മാർക് കുകുറയ്യ, റഹീം സ്റ്റെർലിങ്, കലിഡു കൂളിബാളി, കാർണി ചുക്വുമേക, പിയറി എമറിക് ഒബാമയാങ്, ഗബ്രിയേൽ സ്ളാനിന എന്നിവരെ സ്ഥിരം കരാറിലും ഡെനിസ് സക്കറിയയെ ലോണിലും ചെൽസി ടീമിൽ എത്തിച്ചിരുന്നു. എന്നാൽ ഇതുവരെയും ഈ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ തോമസ് ടുഷെലിനു കഴിഞ്ഞിട്ടില്ല. സീസൺ ആരംഭിച്ചതിനു ശേഷം ഏഴു മത്സരങ്ങൾ കളിച്ച ചെൽസി ആകെ മൂന്നെണ്ണത്തിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ.

വളരെ പക്വതയോടെ പ്രവർത്തിക്കുന്ന പരിശീലകനാണെങ്കിലും അടുത്തിടെ ടുഷെൽ പ്രകോപനപരമായി പെരുമാറിയ സാഹചര്യങ്ങൾ ചെൽസി ഉടമകളിൽ അതൃപ്‌തി സൃഷ്‌ടിച്ചിട്ടുണ്ട്. ടോട്ടനം ഹോസ്‌പറുമായുള്ള മത്സരത്തിൽ സമനില വഴങ്ങിയതിനു ശേഷം അന്റോണിയോ കൊണ്ടെയുമായുണ്ടായ കയ്യാങ്കളി ഇതിനു ഉദാഹരണമാണ്. ഇതിനു പുറമെ ചെൽസിയുടെ മുൻ ഉടമയായ റോമൻ അബ്രമോവിച്ച് നിയമിച്ച പരിശീലകനാണ് ടുഷെലെന്നതും ബോഹ്‍ലി അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് വഴിയൊരുക്കിയ കാരണമാണ്. പുതിയ ഉടമയായ ടോഡ് ബോഹ്‍ലിക്ക് താൻ നിയമിച്ച പരിശീലകൻ ടീമിനൊപ്പം വേണമെന്ന ചിന്തയുണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇതിനു പുറമെ മികച്ച പരിശീലകർ ഇപ്പോൾ ലഭ്യമാണെന്നതും ടുഷെലിനെ പുറത്താക്കാൻ കാരണമായിട്ടുണ്ട്. മുൻ ടോട്ടനം ഹോസ്‌പർ, പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ, മുൻ റയൽ മാഡ്രിഡ് മാനേജർ സിനദിൻ സിദാൻ, ബ്രൈറ്റണിന്റെ ഗ്രഹാം പോട്ടർ, മുൻ ജർമനി പരിശീലകൻ ജോക്കിം ലോ, മുൻ ലീഡ്‌സ് മാനേജർ മാഴ്‌സലോ ബിയൽസ, അർജന്റീനയുടെ മുൻ പരിശീലകനായ ജോർജ് സാംപോളി എന്നിവരെല്ലാം നിലവിൽ ലഭ്യമായ മികച്ച പരിശീലകനാണ്.