ലാ ലിഗയിൽ ലെവൻഡോസ്‌കി-ബെൻസിമ പോരാട്ടം ആരംഭിച്ചു

ഇന്നലെ ലാ ലിഗയിൽ ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നീ ക്ലബുകൾ മത്സരങ്ങൾക്കായി ഇറങ്ങുകയും മികച്ച വിജയം നേടുകയും ചെയ്‌തു. ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ വയ്യഡോളിഡിനെതിരെ വിജയം സ്വന്തമാക്കിയപ്പോൾ റയൽ മാഡ്രിഡ് എസ്‌പാന്യോളിനെതിരെ അവസാന മിനിറ്റുകളിൽ നേടിയ രണ്ടു ഗോളുകൾ വഴി ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയവും സ്വന്തമാക്കി. മൂന്നു ലാ ലിഗ മത്സരങ്ങളിലും നേടിയ വിജയത്തോടെ റയൽ മാഡ്രിഡ് ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ രണ്ടു ജയവും ഒരു സമനിലയുമായി ബാഴ്‌സലോണ ലീഗിൽ മൂന്നാം സ്ഥാനത്താണ്.

റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും വിജയത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയത് അവരുടെ സ്‌ട്രൈക്കർമാർ തന്നെയാണ്. രണ്ടു ടീമിനും വിജയം നേടിക്കൊടുക്കാൻ റോബർട്ട് ലെവൻഡോസ്‌കി, കരിം ബെൻസിമ എന്നീ താരങ്ങളുടെ പ്രകടനം നിർണായക പങ്കാണു വഹിച്ചത്. റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സക്കു വേണ്ടി ഇരുപകുതികളിലുമായി രണ്ടു ഗോൾ നേടിയപ്പോൾ കരിം ബെൻസിമയാണ് സമനിലയിലേക്ക് പോകുമായിരുന്ന കളി റയൽ മാഡ്രിഡിന് അനുകൂലമാക്കി, മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ രണ്ടു ഗോളുകൾ കുറിച്ചത്.

മുപ്പത്തിനാല് വയസുള്ള ഈ രണ്ടു താരങ്ങളുടെയും പ്രകടനം ഈ സീസണിൽ പുതിയൊരു പോരാട്ടത്തിനു കൂടി നാന്ദി കുറിച്ചിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരായി അറിയപ്പെടുന്ന ഈ താരങ്ങൾ തമ്മിലായിരിക്കും ഇത്തവണ ലാ ലിഗ ടോപ് സ്‌കോറർ പുരസ്‌കാരത്തിനു വേണ്ടി പോരാടുന്നത്. മൂന്നു ലീഗ് മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ കുറിച്ച ലെവൻഡോസ്‌കിയാണ് നിലവിൽ ലീഗ് ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അതേസമയം മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളും ഒരു അസിസ്റ്റും നേടിയ കരിം ബെൻസിമ ലെവൻഡോസ്‌കിക്ക് തൊട്ടു പുറകിൽ തന്നെയുണ്ട്.

റോബർട്ട് ലെവൻഡോസ്‌കി ബയേൺ മ്യൂണിക്ക് വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ തീരുമാനിച്ച സമയത്തു തന്നെ ബെൻസിമയെ പിന്നിലാക്കണമെന്ന ആഗ്രഹം പോളിഷ് താരത്തിനുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതിനു പുറമെ കോവിഡ് മൂലം തനിക്ക് നഷ്‌ടപ്പെട്ടു പോയ ബാലൺ ഡി ഓർ പുരസ്‌കാരം നേടാനുള്ള അവസരം കൂടിയായാണ് ബാഴ്‌സലോണയിലേക്കുള്ള വരവിനെ താരം കാണുന്നത്. കഴിഞ്ഞ സീസണിൽ ബെൻസിമ നടത്തിയ പ്രകടനം താരത്തിനെ വരുന്ന ബാലൺ ഡി ഓറിന്‌ അർഹമാക്കുമെന്നിരിക്കെ ഫ്രഞ്ച് താരത്തെ വെല്ലുന്ന പ്രകടനം തന്നെയാവും ലെവൻഡോസ്‌കി ഉന്നം വെക്കുന്നത്.

തന്റെ പരിചയസമ്പത്ത് ബാഴ്‌സലോണയുമായി ഇണങ്ങിച്ചേരാൻ ലെവൻഡോസ്‌കി മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചുവെന്നത് ഇതുവരെയുള്ള മത്സരങ്ങളിലെ പ്രകടനം തെളിയിക്കുന്നു. ഗോളിലേക്ക് അവസരങ്ങൾ തുറക്കാനും മറ്റുള്ളവർക്ക് മുന്നേറാനുള്ള വഴിയൊരുക്കാനും താരത്തിനു കഴിയുന്നുണ്ട്. ക്ലബിലെത്തി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ താരം ടീമുമായി ഇണങ്ങിച്ചേർന്നത് ആരാധകർക്ക് വളരെ സന്തോഷം നൽകുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ലെവൻഡോസ്‌കി നടത്തിയ പ്രകടനത്തെ പരിശീലകൻ സാവി പ്രശംസിക്കുകയും ചെയ്‌തിരുന്നു.

അതേസമയം ഇനിയൊന്നും തെളിയിക്കാനില്ലെന്ന അനായാസത ബെൻസീമക്കുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി റയൽ മാഡ്രിഡിന്റെ കളി മുന്നോട്ടു പോകുന്നത് ഫ്രഞ്ച് താരത്തിലൂടെ തന്നെയാണ്. ഒരിക്കലും തോൽക്കാൻ കഴിയില്ലെന്ന താരത്തിന്റെ മനോഭാവവും പലപ്പോഴും കളിക്കളത്തിൽ പ്രതിഫലിക്കുന്നു. അതുകൊണ്ടു തന്നെ ഈ സീസണിലും ബെൻസിമയെ പിടിച്ചു നിർത്താൻ മറ്റു ടീമുകൾക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. രണ്ടു താരങ്ങളും മത്സരബുദ്ധിയും മികച്ച ഫോമും നിലനിർത്തിയാൽ അത് ആരാധകർക്കും വിരുന്നായിരിക്കും.

Rate this post