ഇനിയില്ല ആ നാല് താരങ്ങൾ,ക്ലബ്ബ് വിടുന്ന താരങ്ങൾ ആരൊക്കെ സ്ഥിരീകരിച്ച് ലിവർപൂൾ |Liverpool

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ അടുത്ത മത്സരത്തിൽ ആസ്റ്റൻ വില്ലയെയാണ് നേരിടുക.അടുത്ത ശനിയാഴ്ച്ചയാണ് ഈ മത്സരം നടക്കുക. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡാണ് ഈ മത്സരത്തിന് വേദിയാവുക.ഈ സീസണിൽ ലിവർപൂൾ സ്വന്തം മൈതാനത്ത് വെച്ച് കളിക്കുന്ന അവസാനത്തെ മത്സരം കൂടിയാണിത്.

ഈ മത്സരത്തിന് മുന്നേ ഒരു ഒഫീഷ്യൽ അറിയിപ്പ് ഇപ്പോൾ ലിവർപൂൾ പുറത്തുവിട്ടിട്ടുണ്ട്. ഈ സീസണിന് ശേഷം ക്ലബ്ബ് വിടുന്ന നാല് താരങ്ങളെയാണ് ഇവർ സ്ഥിരീകരിച്ചിട്ടുള്ളത്.അതായത് ഈ നാല് താരങ്ങളുടെയും ആൻഫീൽഡിലെ അവസാനത്തെ മത്സരമാണ് ഇനി വരാനിരിക്കുന്നതെന്ന് ലിവർപൂൾ സ്ഥിരീകരിച്ചു കഴിഞ്ഞു.നിലവിലെ കോൺട്രാക്ട് പൂർത്തിയായി ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബിനോട് വിട പറയുന്ന താരങ്ങളുടെ ലിസ്റ്റാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ബ്രസീലിയൻ സൂപ്പർതാരമായ റോബെർട്ടോ ഫിർമിനോ, ജെയിംസ് മിൽനർ,നബി കെയ്റ്റ,അലക്സ് ഓക്സ്ലെയ്ഡ് ചേമ്പർലേയ്ൻ എന്നീ നാല് താരങ്ങളാണ് ഈ സീസണോടുകൂടി ലിവർപൂളിനോട് വിട പറയുന്നത്.യുർഗൻ ക്ലോപിന് കീഴിൽ ഒരുപാട് കാലം കളിച്ച താരങ്ങളാണ് ഈ നാല് താരങ്ങൾ.യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവുമൊക്കെ ഈ താരങ്ങൾ ലിവർപൂളിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

ഇത്രയും കാലത്തെ ക്ലബ്ബിനുള്ള സേവനത്തിന് ക്ലബ് താരങ്ങൾക്ക് നന്ദി പറഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ഭാവിക്ക് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്.ഈ നാല് താരങ്ങളെ കൂടാതെ മറ്റു പല താരങ്ങളും ക്ലബ്ബ് വിടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ പ്രതീക്ഷിച്ച ഒരു നിലവാരത്തിലേക്ക് ഉയരാൻ ലിവർപൂളിന് കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.അതുകൊണ്ടുതന്നെ യുർഗൻ ക്ലോപ് തനിക്ക് ആവശ്യമില്ലാത്ത കൂടുതൽ താരങ്ങളെ ഒഴിവാക്കിയേക്കും. മധ്യനിരയിൽ കൂടുതൽ അഴിച്ചു പണികൾ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ ലിവർപൂൾ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക എന്നുള്ളത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.സീസണിന്റെ തുടക്കത്തിലെ മോശം പ്രകടനമാണ് യഥാർത്ഥത്തിൽ ലിവർപൂളിന് വിനയായിട്ടുള്ളത്.ഈ സീസണിൽ ആകെ പ്രീമിയർ ലീഗിൽ 9 മത്സരങ്ങളിൽ ലിവർപൂളിന് തോൽവി അറിയേണ്ടി വന്നിട്ടുണ്ട്.

Rate this post