ഞാനായിരുന്നുവെങ്കിൽ മെസ്സിയെ ബാഴ്സ വിടാൻ അനുവദിക്കില്ല : ബ്രസീലിയൻ റൊണാൾഡോ.

എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരം ലയണൽ മെസ്സി ക്ലബ് വിടുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് ഫുട്ബോൾ ലോകത്തെങ്ങും. ബാഴ്സയുടെ പുതിയ പരിശീലകൻ കൂമാനുമായി സംസാരിക്കുന്ന വേളയിലാണ് മെസ്സി ക്ലബ് വിടുന്ന കാര്യം പരിഗണിച്ചേക്കും എന്ന് വെളിപ്പെടുത്തിയത്. ഇതേതുടർന്ന് മെസ്സി ബാഴ്സ വിടുമെന്നുള്ള ഊഹാപോഹങ്ങൾ വളരെ വലിയ തോതിൽ വ്യാപിക്കുകയായിരുന്നു. യൂറോപ്പിലെ മുൻനിര മാധ്യമങ്ങൾ ഒക്കെ തന്നെയും ആദ്യമായി മെസ്സി ക്ലബ് വിടാനുള്ള സാധ്യതകൾ ചൂണ്ടിക്കാണിച്ചിരുന്നു. കൂമാനുമായുള്ള സംഭാഷണം ചോർന്നതിൽ മെസ്സി കോപാകുലനായി എന്നും സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ട്‌ ചെയ്തിരുന്നു.

എന്നാലിപ്പോൾ മെസ്സിയുടെ കാര്യത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായം അറിയിച്ചിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ. കഴിഞ്ഞ ദിവസം സാന്റാന്റർ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു റൊണാൾഡോ. താനായിരുന്നു ബാഴ്‌സയിൽ എങ്കിൽ മെസ്സിയെ ക്ലബ് വിടാൻ അനുവദിക്കുമായിരുന്നില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മെസ്സിയെ ക്ലബ് വിടാൻ അനുവദിച്ചത് കൊണ്ട് മാത്രം ബാഴ്സയുടെ ഒരു പ്രശ്നങ്ങൾക്കും പരിഹാരമാവില്ലെന്നും റൊണാൾഡോ അറിയിച്ചു. അത്പോലെ തന്നെ ലൂയിസ് സുവാരസിനെ പിന്തുണക്കാനും റൊണാൾഡോ സമയം കണ്ടെത്തി. ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കെർമാരിലൊളാരാണ് സുവാരസ് എന്നാണ് റൊണാൾഡോ പറഞ്ഞത്.

” ഈ സന്ദർഭത്തിൽ അദ്ദേഹത്തെ ക്ലബ് വിടാൻ അനുവദിക്കുന്നത് വളരെയധികം നിഷ്ഫലമായ ഒരു നീക്കമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് ബാഴ്‌സ ഇത്രയും പ്രതിസന്ധിയിൽ നിൽക്കുന്ന ഈ സമയത്ത്. ഈയൊരു അവസ്ഥയിൽ അദ്ദേഹത്തെ ക്ലബിൽ നിന്നും പോവാൻ അനുവദിച്ചത് കൊണ്ട് മാത്രം ബാഴ്‌സയുടെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കാണാനാവില്ല. എഫ്സി ബാഴ്സലോണക്ക് അത്രയും നിർണായകമായ ഒരു മധ്യസ്ഥനാണ് മെസ്സി. ഞാൻ ബാഴ്‌സയിൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തെ ക്ലബ് വിടാൻ അനുവദിക്കുമായിരുന്നില്ല. അദ്ദേഹത്തിന് ക്ലബുമായി മഹത്തായ-കരുത്തേറിയ ഒരു ബന്ധമുണ്ട്. ആ ബന്ധവും സ്നേഹവും അവസാനിപ്പിക്കാൻ മെസ്സി തയ്യാറാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന സ്ട്രൈക്കെർമാരാണ് കരിം ബെൻസിമയും റോബർട്ട് ലെവന്റോസ്ക്കിയും അവരെ പോലെ തന്നെ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കെർമാരിൽ ഒരാളാണ് ലൂയിസ് സുവാരസും ” റൊണാൾഡോ പറഞ്ഞു.

Rate this post