ക്രിസ്റ്റ്യാനോ സിറ്റിയിൽ എത്തുന്നതിന്റെ തൊട്ടരികിലെത്തി,തടസ്സമായത് ബാഴ്സ.
ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ എൽ മുണ്ടോ പുറത്ത് വിട്ടിരുന്നു.റൊണാൾഡോയും അദ്ദേഹത്തിന്റെ ഏജന്റായ ജോർഹെ മെൻഡസും പിരിയാനുള്ള കാരണമായിരുന്ന പ്രധാനമായും ഇവർ വെളിപ്പെടുത്തിയിരുന്നത്. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സമീപകാലത്തെ ട്രാൻസ്ഫറുകളെ കുറിച്ചുള്ള ഒരുപാട് വിവരങ്ങളും ഇവർ റിപ്പോർട്ട് ചെയ്തിരുന്നു.
അതിലൊന്നായിരുന്നു റൊണാൾഡോയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവാനുള്ള ശ്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ. 2021ൽ യുവന്റസ് വിടാൻ തീരുമാനിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ യഥാർത്ഥത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരാനായിരുന്നു പദ്ധതി ഇട്ടിരുന്നത്.ഏജന്റായ ജോർഹെ മെൻഡസ് അതിനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. റൊണാൾഡോ സിറ്റിയിലേക്ക് വരുന്നതിൽ പരിശീലകനായ പെപ് ഗാർഡിയോളക്ക് യാതൊരുവിധ എതിർപ്പുകളും ഉണ്ടായിരുന്നില്ല. ഇതോടെ റൊണാൾഡോക്ക് മുന്നിൽ വഴി തെളിയുകയായിരുന്നു.
പക്ഷേ ഒരൊറ്റ കാര്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിറ്റി സൂപ്പർ താരമായ റഹീം സ്റ്റെർലിങ് ക്ലബ്ബ് വിടണമായിരുന്നു. അദ്ദേഹം ബാഴ്സയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.ബാഴ്സ മറ്റൊരു മാഞ്ചസ്റ്റർ സിറ്റി താരമായ സെർജിയോ അഗ്വേറോയെ ടീമിലേക്ക് എത്തിച്ച ഒരു സന്ദർഭമായിരുന്നു അത്.സ്റ്റെർലിംഗിന് മുന്നിൽ ബാഴ്സ കുറച്ച് നിബന്ധനകൾ വെക്കുകയായിരുന്നു. എന്നാൽ ഈ നിബന്ധനകൾ അംഗീകരിക്കാൻ താരം തയ്യാറായില്ല.
ഇതോടുകൂടി സ്റ്റെർലിങ്ങിന്റെ ബാഴ്സയിലേക്കുള്ള പോക്ക് മുടങ്ങി. അദ്ദേഹം സിറ്റിയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ഇതോടുകൂടിയാണ് റൊണാൾഡോ വേണ്ട എന്ന തീരുമാനത്തിലേക്ക് സിറ്റി എത്തിയത്. ഒരർത്ഥത്തിൽ റൊണാൾഡോയുടെ സിറ്റി ട്രാൻസ്ഫറിന് തടസ്സമായത് ബാഴ്സയാണ് എന്ന് വേണമെങ്കിൽ പറയാം. പിന്നീട് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തുകയായിരുന്നു.
പക്ഷേ കാര്യങ്ങൾ നല്ല രൂപത്തിലല്ല പോയത്. ഒന്നര വർഷത്തിനുശേഷം ഒരുപാട് വിവാദങ്ങൾ യുണൈറ്റഡിൽ ഉണ്ടാക്കിക്കൊണ്ട് റൊണാൾഡോ ക്ലബ്ബ് വിടേണ്ടിവന്നു. ഇപ്പോൾ യൂറോപ്പിന് പുറത്ത് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്.ഒരുപക്ഷേ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയിരുന്നെങ്കിൽ ഇതിനേക്കാൾ നല്ല രൂപത്തിലുള്ള ഒരു കരിയർ റൊണാൾഡോക്ക് ലഭിക്കുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ വിശ്വസിക്കുന്നത്.