മുപ്പത്തിയഞ്ചാം വയസിലും തകർപ്പൻ പ്രകടനം തുടരുന്നുണ്ടെങ്കിലും റൊണാൾഡോയെ ഈ സീസണിനപ്പുറം യുവന്റസ് ടീമിനൊപ്പം നിലനിർത്തില്ലെന്നു യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്യുന്നു. 2022ൽ ഇറ്റാലിയൻ ക്ലബുമായുള്ള കരാർ അവസാനിക്കുന്ന താരത്തെ ഒരു വർഷം മുൻപു തന്നെ, അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കാനുള്ള തീരുമാനത്തിലാണ് യുവന്റസ്.
റൊണാൾഡോയുടെ വേതനക്കരാറാണ് യുവന്റസ് താരത്തെ ഒഴിവാക്കാൻ തീരുമാനിക്കാനുള്ള പ്രധാന കാരണം. യുവന്റസിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന റൊണാൾഡോ വേതനക്കാരാറിൽ രണ്ടാമതു നിൽക്കുന്ന ഡിബാലയേക്കാൾ അഞ്ചിരട്ടി തുകയാണു വാങ്ങുന്നത്. കൊറോണ പ്രതിസന്ധി ബാധിച്ച യുവന്റസിന് മുന്നോട്ടു പോകാൻ ഇത്രയും കൂടിയ തുക നൽകുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
മുപ്പതു ദശലക്ഷം യൂറോയിലധികമാണ് റൊണാൾഡോയുടെ വാർഷിക പ്രതിഫലം. ടീമിനെ അഴിച്ചു പണിയുന്നതിനു പുതിയ താരങ്ങളെ അടുത്ത ട്രാൻസ്ഫർ ജാലകങ്ങളിൽ എത്തിക്കേണ്ടത് യുവൻറസിന് അത്യാവശ്യമാണ്. അതു സുഗമമായി നടക്കണമെങ്കിൽ റൊണാൾഡോയുടെ പ്രതിഫലം ഒഴിവാക്കിയേ തീരു. ഒരു വർഷം കരാറിൽ ബാക്കിയുള്ളപ്പോൾ താരത്തെ വിറ്റാൽ ലഭിക്കുന്ന ട്രാൻസ്ഫർ തുകയും യുവൻറസ് കണക്കുകൂട്ടുന്നു.
ഇപ്പോഴും മികച്ച ഫോമിലാണ് റൊണാൾഡോ യുവന്റസിൽ കളിക്കുന്നത്. ആറു ഗോളുകൾ സീരി എയിൽ സ്വന്തമാക്കിയിട്ടുള്ള താരം ലീഗിലെ ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്താണ്. ഇപ്പോഴും മികച്ച പ്രകടനം തുടരുന്നതു കൊണ്ട് റൊണാൾഡോക്കു വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ടാവും. എന്നാൽ താരം എവിടേക്കാണു ചേക്കേറുകയെന്നാണ് ആരാധകരുടെ ആകാംക്ഷ.