പെറുവിനെതിരെ മൂന്നെണ്ണമടിച്ചു, റൊണാൾഡോയെ മറികടന്ന നെയ്മർക്ക്‌ മുന്നിൽ ഇനി പെലെ മാത്രം.

ഇന്നലെ നടന്ന ഖത്തർ വേൾഡ് കപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ പെറുവിനെതിരെ 4-2 ന്റെ വിജയം കരസ്ഥമാക്കിയിരുന്നു. രണ്ട് തവണയും പിറകിൽ നിന്ന ശേഷമാണ് കാനറിപ്പട മത്സരത്തിലേക്ക് തിരിച്ചു വന്ന് വിജയം കൊയ്തത്. ഹാട്രിക് നേടിയ നെയ്മർ ജൂനിയറുടെ ഉഗ്രൻ പ്രകടനമാണ് ബ്രസീലിന് രണ്ടാം മത്സരത്തിലും ഉജ്ജ്വല വിജയം നേടികൊടുത്തത്.

മത്സരത്തിന്റെ 28, 83, 90 മിനുട്ടുകളിലാണ് നെയ്മർ ജൂനിയർ തന്റെ ഗോളുകൾ കണ്ടെത്തിയത്. 28, 83 മിനിറ്റുകളിൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നെയ്മർ ഒരു പിഴവുകളും കൂടാതെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ബ്രസീലിന്റെ ശേഷിച്ച ഗോൾ മുന്നേറ്റനിര താരം റിച്ചാർലീസണാണ് നേടിയത്. ജയത്തോടെ ആറു പോയിന്റുകൾ നേടിയ ബ്രസീൽ തന്നെയാണ് ഒന്നാമത്. രണ്ട് മത്സരങ്ങളിൽ ഒമ്പത് ഗോളുകൾ നേടിയ ബ്രസീൽ രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

അതേസമയം ഇന്നലെ നേടിയ ഹാട്രിക്കോടെ മറ്റൊരു സുവർണ്ണനേട്ടം കൈവരിച്ചിരിക്കുകയാണ് നെയ്മർ ജൂനിയർ. ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറാൻ നെയ്മർക്ക്‌ ഇന്നത്തെ മത്സരത്തോടെ സാധിച്ചു. ബ്രസീലിന് വേണ്ടി 103 മത്സരങ്ങളിൽ നിന്ന് 64 ഗോളുകളും 43 അസിസ്റ്റുകളുമാണ് നെയ്മർ ഇതുവരെ നേടിയിട്ടുള്ളത്. 62 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡോയുടെ റെക്കോർഡാണ് നെയ്മർ ഇപ്പോൾ മറികടന്നത്.

ഇനി നെയ്മർക്ക് മുന്നിലുള്ള സാക്ഷാൽ പെലെയാണ്. 77 ഗോളുകളാണ് പെലെ ബ്രസീലിന് വേണ്ടി നേടിയിട്ടുള്ളത്. പെലെയെ കൂടി മറികടന്നാൽ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ഖ്യാതി നെയ്മർക്ക്‌ സ്വന്തമാകും. അവസാനമായി നെയ്മർ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് നെയ്മർ നേടിയത്. കൂടാതെ മൂന്ന് അസിസ്റ്റുകളും നേടികഴിഞ്ഞു. ബ്രസീലിന് വേണ്ടി മിന്നുന്ന ഫോമിലാണ് താരം നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്.

Rate this post