സാഫ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; സഹൽ ടീമിൽ

ഒക്ടോബറില്‍ മാലദ്വീപില്‍ നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യയുടെ 23 അംഗ സംഘത്തെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. മലയാളി താരം സഹല്‍ അബ്ദുൾ സമദ് ടീമില്‍ ഇടം നേടി. യുവതാരങ്ങളായ യാസിര്‍ മുഹമ്മദ്, ലിസ്റ്റണ്‍ കൊളാസോ, മന്‍വീര്‍ സിങ് തുടങ്ങിയവരും ടീമിലുണ്ട്. അതേസമയം മറ്റൊരു മലയാളി താരമായ ആഷിഖ് കുരുണിയൻ ടീമിലിടം നേടിയിട്ടില്ല.

ഇന്ത്യ ഉൾപ്പെടെ ആകെ അഞ്ചു ടീമുകൾ മാത്രമാണ് ഇത്തവണ സാഫ് കപ്പിൽ പങ്കെടുക്കുന്നത്. ഇന്ത്യയെ കൂടാതെ ആതിഥേയരായ മാലദ്വീപ്, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾ. ഭൂട്ടാൻ നേരത്തെ തന്നെ ടൂർണമെന്റിൽ നിന്നും പിന്മാറിയിരുന്നു. സസ്പെൻഷൻ നേരിടുന്നതിനാൽ പാകിസ്താന് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയില്ല.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീട്ടിവച്ചതിന് ശേഷമാണ് സാഫ് കപ്പ് ആരംഭിക്കുന്നത്. ഇത്തവണ ബയോ ബബ്ള്‍ സുരക്ഷാ സംവിധാനത്തിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. 2018-ല്‍ ബംഗ്ലാദേശില്‍ നടന്ന അവസാന സാഫ് കപ്പില്‍ ഇന്ത്യയെ 2-1ന് പരാജയപ്പെടുത്തി മാലദ്വീപാണ് കിരീടം നേടിയത്.

ദക്ഷിണ ഏഷ്യൻ രാജ്യങ്ങളുടെ സംയുക്ത സംഘടനയായ ദക്ഷിണ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലെ പുരുഷ ഫുട്ബോൾ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റാണ് സാഫ് കപ്പ്. ദക്ഷിണ ഏഷ്യയിലെ ഏഴ് രാജ്യങ്ങൾക്കും ഈ ടൂർണമെന്റിൽ മത്സരിക്കാനുള്ള യോഗ്യതയുണ്ട്. 1993 മുതൽ ഓരോ രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന ഈ ടൂർണമെന്റിൽ ഇതുവരെ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയിട്ടുള്ളത് ഇന്ത്യ തന്നെയാണ്. ഏഴ് തവണയാണ് ഇന്ത്യ സാഫ് കപ്പ് നേടിയിട്ടുള്ളത്.

സാഫ് കപ്പിനുള്ള ഇന്ത്യന്‍ ടീം

ഗോള്‍കീപ്പര്‍മാർ : ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, വിശാല്‍ കെയ്ത്.പ്രതിരോധ താരങ്ങള്‍: പ്രീതം കോട്ടല്‍, സെറിറ്റണ്‍ ഫെര്‍ണാണ്ടസ്, ചിങ്ലെന്‍സന സിങ്, രാഹുല്‍ ഭെകെ, സുഭാശിഷ് ബോസ്, മന്ദര്‍ റാവു ദേശായ്മധ്യനിര താരങ്ങള്‍: ഉദാന്ത സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലാലെന്മാവിയ, അനിരുദ്ധ് താപ്പ, സഹല്‍ അബ്ദുൾ സമദ്, ജീക്‌സണ്‍ സിങ്, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, സുരേഷ് സിങ് വാങ്ജാം, ലിസ്റ്റണ്‍ കൊളാസോ, യാസിര്‍ മുഹമ്മദ്മുന്നേറ്റതാരങ്ങൾ : മന്‍വീര്‍ സിങ്, റഹീം അലി, സുനില്‍ ഛേത്രി, ഫാറൂഖ് ചൗധരി

Rate this post