” ടീമിൽ മാറ്റങ്ങളോടെ ജയിക്കാനുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു “

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ പ്ലേ ഓഫ് രണ്ടാം പാദത്തിൽ ജെംഷദ്പുർ എഫ്സിയെ നേരിടാനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനെ പ്രഖ്യാപിച്ചു.ആദ്യപാദ സെമി കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. പരിക്കുമാറി നിഷുകുമാര്‍ തിരിച്ചെത്തിയപ്പോള്‍ സന്ദീപും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. അതേസമയം, ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ആദ്യഇലവനിലോ പകരക്കാരുടെ ലിസ്റ്റിലോ ഇല്ല.

പതിവ് ഫോർമേഷനിൽ നിന്ന് മാറ്റമുള്ള ടീമിനെ വുകമാനോവിച് അണിനിരത്തുന്നത്. പ്രഭ്സുഖാൻ ​ഗില്ലാണ് ഇന്നും ബ്ലാസ്റ്റേഴ്സ് ​ഗോൾവല കാക്കുക. ഹർമൻജ്യോത് ഖബ്ര റൈറ്റ്ബാക്കാകുമ്പോൾ ലെഫ്റ്റ് ബാക്ക് റോൾ സന്ദീപിനാണ്. റൂയിവ ഹോർമിപാം-മാർക്കോ ലെസ്കോവിച്ച് സഖ്യമാണ് സെന്റർ ബാക്ക് ജോഡിയായെത്തുന്നത്. മധ്യനിരയിൽ പ്യൂയ്റ്റിയ-ആയുഷ് അധികാരി സഖ്യം തുടരും. വിങ്ങുകളിൽ നിഷുവും അഡ്രിയാൻ ലൂണയും കളിക്കും. അൽവാരോ വാസ്ക്വസ്-ജോർജ് പെരേയ്ര ഡയസ് സഖ്യമാണ് ആക്രമണത്തിൽ കളിക്കുക.

സഹല്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ ടീമിന്‍റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.അതേസമയം സഹലിന് പുറമെ ഭൂട്ടാനീസ് താരം ചെൻചോയും പകരകകരുടെ നിരയിലില്ല.

കേരള ബ്ലാസ്റ്റേഴ്സ്; ഗിൽ, സന്ദീപ്, ഹോർമിപാം, ലെസ്‌കോവിച്ച്, ഖബ്ര, നിഷു, ആയുഷ്, പ്യൂട്ടിയ, ലൂണ, ഡയസ്, വാസ്‌ക്വസ്