“ഇന്ത്യൻ ഫുട്ബോളിന് കേരളം മാതൃകയാവുമ്പോൾ” | Santhosh Trophy

ആവേശകരമായ പോരാട്ടത്തിനൊടുവിൽ ബംഗാളിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. ഒരു കാലത്ത് ആരും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത സന്തോഷ് ട്രോഫി ഇന്ത്യൻ ഫുട്ബോളിന് മുന്നിൽ തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഒരു ദശകത്തിന് മുമ്പ് പേരിന് ഒരു പ്രൊഫഷണൽ ക്ലബ് പോലും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്ന കേരളത്തിന്റെ ഫുട്ബോൾ ലോകം ഇപ്പോൾ ഓർമ്മകളിൽ ഉള്ള ഫുട്ബോളിന്റെ പ്രതാപ കാലങ്ങളിലേക്ക് തിരികെ വരികയാണെന്ന് നിസ്സംശയം നമ്മുക്ക് പറയാം. കേരള ഫുട്ബോൾ ഇന്ത്യം ഫുട്ബോളിന്റെ തന്നെ തലപ്പത്ത് നിൽക്കുകയാണെന്ന് നമ്മൾ പറഞ്ഞാലും അധികം എതിർപ്പുകൾ വരാൻ സാധ്യതയില്ല.

ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന പോരാട്ടങ്ങളായിരുന്നു സന്തോഷ് ട്രോഫിയിൽ കാണാൻ സാധിച്ചിരുന്നത്. ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങൾ എല്ലാം തന്നെ അവരവരുടെ സംസ്ഥാങ്ങൾക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ ജേഴ്സിയണിഞ്ഞു.മത്സരങ്ങൾ കാണാൻ ആയിരകണക്കിന് ആരാധകർ എത്തുകയും ചെയ്തു. വളർന്നു വരുന്ന ഓരോ യുവ താരങ്ങളും സന്തോഷ് ട്രോഫിയിൽ കളിക്കുന്നത് സ്വപ്നം കാണുകയും ചെയ്തു. എന്നാൽ പതിയെ സന്തോഷ്ട്രോഫിയുടെ തിളക്കം ഇന്ത്യൻ ഫുട്ബോളിൽ നിന്നും നഷ്ടപ്പെട്ട് തുടങ്ങി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവും , ഐ ലീഗ് രണ്ടു ഡിവിഷനിലുകളിലുമായി കൂടുതൽ ശക്തി പ്രാപിച്ചതും കൂടുതൽ പ്രൊഫെഷണൽ ക്ലബ്ബുകൾ വന്നതും സന്തോഷ് ട്രോഫിയെ തളർത്തി.കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ രണ്ടാം നിര താരങ്ങളെ വെച്ചാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. കോവിഡ് മൂലം കഴിനാജ് രണ്ടു വര്ഷം ചാമ്പ്യൻഷിപ്പ് നടന്നതുമില്ല. രാജ്യത്തെ പ്രധാന ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റെന്ന നിലയിൽ സന്തോഷ് ട്രോഫിക്ക് അതിന്റെ തിളക്കം നഷ്ടപ്പെട്ടിട്ട് കുറച്ച് വർഷങ്ങളായി.മുൻനിര ക്ലബ്ബുകളെ ആകർഷിക്കാൻ ശ്രമിക്കുന്ന പുതുപുത്തൻ പ്രതിഭകൾക്കായുള്ള ഒരു യുവജന പരിപാടിയോ പ്രദർശനമോ ആയി ഇത് മാറിയിരിക്കുന്നു.

സന്തോഷ് ട്രോഫി ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്ത് വരുമെന്ന് പറഞ്ഞെങ്കിലും മുൻ വർഷങ്ങളിൽ നിന്നും കൂടുതലായി ഒന്നും ആരും പ്രതീക്ഷിച്ചില്ല.എന്നാൽ സംഘാടകരെയും കളിക്കാരെയും അത്ഭുത പെടുത്തുന്ന കാഴ്ചകളാണ് മലപ്പുറത്ത് നിന്നും കാണാൻ സാധിച്ചത്.റമദാനാണ്. നോമ്പ് കാലമാണ് കൂടാതെ മലപ്പുറവും, കളികാണാൻ ആളുണ്ടാകുമോ..? ഇതായിരുന്നു സന്തോഷ് ട്രോഫി ടൂർണമെന്‍റ് മലപ്പുറത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ സംഘാടകരുടെ പ്രധാന സംശയം. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയത്.നോമ്പടുത്ത് വന്ന പല ആരാധകരും നോമ്പ് തുറന്നതും നമസ്‌കരിച്ചതും ഗ്യാലറിയിലിരുന്നാണ്.

ഈ കിരീടം കേരള ഫുട്ബോളിനും സന്തോഷ് ട്രോഫിക്കും നൽകുന്ന ഉണർവ് ചെറുതല്ല. ഇങ്ങനെയും സന്തോഷ് ട്രോഫി നടത്താം എന്ന് ഇന്ത്യൻ ഫുട്ബോളിന് കാണിച്ചു കൊടുക്കാനും കേരളത്തിനായി.കേരള ഫുട്ബോൾ അസോസിയേഷൻ സന്തോഷ് ട്രോഫിക്ക് എതിരായി നിന്നപ്പോൾ ആണ് കേരള ഗവൺമെന്റ് ഒറ്റയ്ക്ക് നിന്ന് ഈ ടൂർണമെന്റ് ഏറ്റെടുത്തതും വലിയ വിജയമാക്കിയതും. ജീവനില്ലാതെ കിടന്ന ഒരുപാട് മൈതാനങ്ങൾക്ക് ജീവശ്വാസമായും ഈ ടൂർണമെന്റ് മാറി. അത്രക്ക്‌ ഗംഭീരമായിട്ടാണ് സര്‍ക്കാര്‍ ഈ ടൂര്‍ണമെന്‍റ് നടത്തിയത്. ഈ അടുത്തകാലത്തൊന്നും ഇന്ത്യയില്‍ ഇങ്ങനെ ഒരു ഫുട്ബോള്‍ ടൂർണമെന്റ് നടന്നിട്ടില്ല എന്നും പറയാം. കായിക മന്ത്രി വി അബ്ദുറഹ്മാൻ ആയിരുന്നു എല്ലാത്തിനും മുന്നിൽ ഉണ്ടായിരുന്നത്. അദ്ദേഹവും പ്രശംസ അർഹിക്കുന്നു. ഇനിയും പല വലിയ ടൂർണമെന്റുകളും കേരളത്തിലേക്ക് കൊണ്ടുവരാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. അങ്ങനെയെങ്കിൽ മുന്നിൽ ഉള്ളത് കേരള ഫുട്ബോളിന്റെ നല്ലകാലമാകും എന്ന് നിസ്സംശയം പറയാം.

പയ്യനാട്ടെ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയവും ആരാധകരെയും കണ്ട് അന്തോം വിട്ട് നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ഐഎസ്എൽ ക്ലബ്ബുകൾ. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ പയ്യനാട്ട് നടത്താനുള്ള ശ്രമങ്ങൾ ക്ലബ് ഇപ്പോഴേ ആരംഭിച്ചു കഴിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ലീഗ് അടക്കമുള്ള ചാമ്പ്യൻഷിപ്പുകൾ പയ്യനാട്ടേക്ക് കൊണ്ട് വരാനുളള ശ്രമത്തിലാണ് അധികൃതർ.

Rate this post