” മുന്നിൽ നിന്നും നയിച്ച് സാദിയോ മാനെ , സെനഗൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ “

യൗണ്ടെയിലെ അഹ്മദൗ അഹിദ്‌ജോ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന സെമിയിൽ ബുർക്കിന ഫാസോയെ 3-1ന് കീഴടക്കി സെനഗൽ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ കലാശ പോരാട്ടത്തിന് യോഗ്യത ഉറപ്പാക്കി.

അവസാന 20 മിനുട്ടിൽ മൂന്ന് ഗോളുകൾ നേടികൊണ്ടാണ് സെനഗൽ വിജയം നേടിയെടുത്തത്.എഴുപതാം മിനിറ്റിൽ ലഭിച്ച ഒരു കോർണറിൽ ക്ലോസ് റേഞ്ചിൽ നിന്നും അബ്ദുൾ ഡിയാല്ലോ സെനഗലിനെ മുന്നിലെത്തിച്ചു. ആറു മിനുട്ടിനു ശേഷം ഇദ്രിസ് ഗുയെയുടെ ഗോൾ സെനഗലിന്റെ ലീഡ് ഇരട്ടിയാക്കി.82-ാം മിനിറ്റിൽ ബ്ലാറ്റി ടൂറെ ബുർക്കിനോ ഫാസോക്ക് വേണ്ടി ഒരു ഗോൾ മടക്കി സ്കോർ 2 -1 ആക്കി മാറ്റി.

അഞ്ച് മിനിറ്റിന് ശേഷം സാഡിയോ മാനെ ഒരു തകർപ്പൻ ഗോളിലൂടെ ഫൈനൽ സ്ഥാനം ഉറപ്പിച്ചു.2019ലെ അവസാന പതിപ്പിൽ രണ്ടാം സ്ഥാനക്കാരായ സെനഗൽ ഫൈനലിൽ ആതിഥേയരായ കാമറൂണിനെയോ ഈജിപ്തിനെയോ നേരിടും.ആദ്യ പകുതിയിൽ സെനഗലിന് രണ്ട് പെനാൽറ്റി ലഭിച്ചെങ്കിലും ‘വാർ’ ഇടപെട്ട് അത് തടഞ്ഞത് ബുർകിന ഫാസോക്ക് തുണയായി.

Rate this post