ഗോളടിച്ചതിന് പിന്നാലെ മെസ്സിയുടെ സെലിബ്രേഷൻ അനുകരിച്ച് സെർജിയോ അഗ്വേറോ

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം തന്റെ ഫുട്ബോൾ കരിയർ നേരത്തെ അവസാനിപ്പിക്കേണ്ടി വന്ന സൂപ്പർതാരമാണ് സെർജിയോ അഗ്വേറോ. എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന സമയത്തായിരുന്നു ഈ ആരോഗ്യ പ്രശ്നം കണ്ടെത്തിയിരുന്നത്. പിന്നീട് ഫുട്ബോളിൽ നിന്ന് തന്നെ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. പക്ഷേ മറ്റു പല പ്രവർത്തികളാലും അദ്ദേഹം ഫുട്ബോൾ ലോകത്തെ ഇപ്പോൾ സജീവമാണ്.

അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ ആ ടീമിന്റെ ഭാഗമായി അഗ്വേറോ ഉണ്ടായിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം അദ്ദേഹം കളിക്കളത്തിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. കിംഗ്സ് ലീഗിൽ നടന്ന മത്സരത്തിൽ കുനിസ്പോർട്സിന് വേണ്ടിയായിരുന്നു അഗ്വേറോ ബൂട്ടണിഞ്ഞിരുന്നത്. സ്പാനിഷ് ഡിഫൻഡറായിരുന്ന ജെറാർഡ് പീക്കെയുടെ ടീമിലായിരുന്നു താരം അണിനിരന്നിരുന്നത്.

മത്സരത്തിൽ പത്താം നമ്പർ ജേഴ്സിയായിരുന്നു അഗ്വേറോ അണിഞ്ഞിരുന്നത്. മത്സരത്തിന്റെ 35ആം മിനിറ്റിൽ തന്റെ ടീം ഒരു ഗോളിന് പിറകിൽ നിൽക്കുന്ന സമയത്ത് സെർജിയോ അഗ്വേറോ മിന്നുന്ന ഒരു ഗോൾ നേടിയിരുന്നു. നിലം പറ്റെയുള്ള ഒരു ഷോട്ടിലൂടെയാണ് അഗ്വേറോ ഗോൾ കണ്ടെത്തിയിട്ടുള്ളത്.

അതിനുശേഷം താരം അനുകരിച്ചത് അർജന്റീനയുടെ നായകനും തന്റെ മുൻ സഹതാരവുമായിരുന്ന ലയണൽ മെസ്സിയുടെ സെലിബ്രേഷനാണ്. ചെവിക്ക് പിറകിൽ കൈകൾ വിടർത്തി കൊണ്ടുള്ള ആ സെലിബ്രേഷനാണ് പിന്നീട് അഗ്വേറോ നടത്തിയത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ലയണൽ മെസ്സി സെലിബ്രേഷൻ നടത്തിക്കൊണ്ട് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ഹോളണ്ടിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷമാണ് അവരുടെ പരിശീലകന് നേരെ തിരിഞ്ഞു നിന്നുകൊണ്ട് മെസ്സി ഈ സെലിബ്രേഷൻ നടത്തിയിരുന്നത്. നേരത്തെ അർജന്റീനയുടെ ഇതിഹാസമായ യുവാൻ റോമൻ റിക്വൽമി ഈ സെലിബ്രേഷൻ നടത്തിയിരുന്നു. അതിന്റെ അനുകരണമാണ് മെസ്സി നടത്തിയിരുന്നത്. അത് തന്നെയാണ് ഇപ്പോൾ അഗ്വേറോയും ആവർത്തിച്ചിരിക്കുന്നത്.

ഏതായാലും ഒരിക്കൽക്കൂടി ഇനി സെർജിയോ അഗ്വേറോയെ കളിക്കളത്തിൽ കാണാൻ കഴിഞ്ഞേക്കും.ഇക്വഡോറിയൻ ക്ലബ്ബായ SC ബാഴ്സലോണക്ക് വേണ്ടി സൗഹൃദ മത്സരത്തിൽ താൻ കളിക്കും എന്നുള്ള കാര്യം നേരത്തെ തന്നെ അഗ്വേറോ പ്രഖ്യാപിച്ചിരുന്നു.ഈ മാസത്തിന്റെ അവസാനത്തിലാണ് ഈ സൗഹൃദമത്സരം നടക്കുക.

Rate this post