ബ്രസീൽ-സൗത്ത് കൊറിയ പ്രീ ക്വാർട്ടർ മത്സരം നടന്ന സ്റ്റേഡിയം ഇനിയുണ്ടാകില്ല|Qatar 2022

ബ്രസീലും സൗത്ത് കൊറിയയും തമ്മിലുള്ള ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരം നടന്ന സ്റ്റേഡിയം 974 ഇനിയുണ്ടാകില്ല. ലോകകപ്പിന്റെ ആവശ്യത്തിനായി മാത്രം കെട്ടിയുയർത്തിയ സ്റ്റേഡിയത്തിലെ അവസാനത്തെ മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അതിനു ശേഷം സ്റ്റേഡിയം പൊളിക്കുമെന്ന് ഖത്തർ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഇനി ഒരു മത്സരവും ഈ സ്റ്റേഡിയത്തിൽ നടക്കില്ലെന്നു മാത്രമല്ല, സ്റ്റേഡിയം 974 പൂർണമായും അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യും.

ഖത്തറിന്റെ ഇന്റർനാഷണൽ ഡയൽ കോഡായ 974 എന്നതിനെ അടിസ്ഥാനമാക്കി 974 കണ്ടൈനറുകളിലാണ് റാസ്‌ അബു അബൂദ് എന്ന പേരിലും അറിയപ്പെട്ടിരുന്ന സ്റ്റേഡിയം 974 കെട്ടിപ്പൊക്കിയത്. ഖത്തർ ലോകകപ്പിൽ എയർ കണ്ടീഷനിംഗ് ചെയ്യാത്ത ഒരേയൊരു സ്റ്റേഡിയം കൂടിയായിരുന്നു ഇത്. അതിനാൽ തന്നെ രാജ്യത്തെ ചൂടിൽ നിന്നും രക്ഷപ്പെടാൻ ഈ സ്റ്റേഡിയത്തിലെ മത്സരങ്ങളെല്ലാം വൈകുന്നേരവും രാത്രിയിലുമാണ് നടന്നിരുന്നത്. മറ്റു സ്റ്റേഡിയങ്ങളിലെ പോലെ പകൽ സമയത്ത് മത്സരങ്ങൾ ഇവിടെ നടന്നിരുന്നില്ല.

ബ്രസീൽ-സൗത്ത് കൊറിയ മത്സരമടക്കം ഏഴു മത്സരങ്ങളാണ് ഈ സ്റ്റേഡിയത്തിൽ നടന്നിട്ടുള്ളത്. സ്റ്റേഡിയം 974 പൊളിച്ചതിനു ശേഷം അതിൽ പുനരുപയോഗിക്കാൻ കഴിയുന്ന സാധനങ്ങൾ അവികസിത രാജ്യങ്ങളെ കായികമായി വികസിപ്പിക്കാൻ വേണ്ടി സംഭാവന നൽകാനാണ് ഖത്തർ ഒരുങ്ങുന്നത്. ലോകകപ്പിനായി ഖത്തർ നടത്തിയ ഗംഭീരമായ തയ്യാറെടുപ്പുകളെ കാണിച്ചു തരുന്നതു കൂടിയാണ് ടൂർണ്ണമെന്റിനായി മാത്രം കെട്ടിപ്പൊക്കി അതിനു ശേഷം പൊളിച്ചു കളയുന്ന സ്റ്റേഡിയം 974.

ഖത്തർ ലോകകപ്പ് എട്ടു സ്റ്റേഡിയങ്ങളിലായാണ് നടക്കുന്നത്. ഇതിൽ പല സ്റ്റേഡിയങ്ങളും ഖത്തർ പുതിയതായി കെട്ടിയുയർത്തിയ സ്റ്റേഡിയങ്ങൾ ആയിരുന്നു. ഇതിന്റെ പണിക്കിടെ നിരവധി കുടിയേറ്റ തൊഴിലാളികൾ മരിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും അതെല്ലാം പാശ്ചാത്യമാധ്യമങ്ങളുടെ തെറ്റായ പ്രചാരണങ്ങൾ കൂടിയാണെന്ന് പിന്നീട് തെളിഞ്ഞു. നിരവധി വിമർശനങ്ങൾ ഉണ്ടായിട്ടും കുറ്റമറ്റ രീതിയിൽ ടൂർണമെന്റ് നടത്താൻ ഖത്തറിനായിട്ടുണ്ട്.

Rate this post