സുവാരസിനെ ബാഴ്സ കയ്യൊഴിയുന്നു, മടങ്ങുക മുൻ ക്ലബിലേക്കെന്ന് സൂചനകൾ.

ബാഴ്സയുടെ ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസിനെ ഈ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സ കൈവിട്ടേക്കുമെന്ന് സൂചനകൾ. സ്പെയിനിൽ നിന്നുള്ള സ്പോർട്ടും മുണ്ടോ ഡീപോർട്ടീവോയുമടക്കമുള്ള മാധ്യമങ്ങളാണ് ഈ വാർത്ത ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്. താരത്തിന് ഒരു വർഷം കൂടി കരാർ അവശേഷിക്കുന്നതിനിടെയാണ് ബാഴ്സ താരത്തെ മറ്റേതെങ്കിലും ക്ലബിന് കൈമാറാൻ ആലോചിക്കുന്നത്.

മുപ്പത്തിമൂന്നുകാരനായ താരത്തിന് ഈ സീസണിൽ വേണ്ടവിധത്തിൽ തിളങ്ങാനായില്ല. മോശം ഫോമും പ്രായാധിക്യവുമാണ് ഇപ്പോൾ ബാഴ്സയെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. ബയേണിനോടേറ്റ തോൽവിക്ക് പിന്നാലെ ടീമിൽ വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടാവുമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണമാണ് ആറു വർഷക്കാലം ബാഴ്സയിൽ സ്ഥിരസാന്നിധ്യമായ താരത്തെ കൈവിടാൻ ബാഴ്സ ഒരുങ്ങുന്നത്. അതേസമയം അടുത്ത സീസൺ കൂടി താരത്തിന് കരാർ അവസാനിക്കുന്നുണ്ട്. വരും സീസണിൽ ബാഴ്സയുടെ 60 % ശതമാനം മത്സരങ്ങളിൽ സുവാരസ് കളിച്ചാൽ താരത്തിന്റെ കരാർ ഓട്ടോമാറ്റിക് ആയി പുതുക്കപ്പെടും.

അതേസമയം സുവാരസിന് വേണ്ടി താരത്തിന്റെ മുൻ ക്ലബ് അയാക്സ് ബാഴ്സയെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ട്രാൻസ്ഫർ വാർത്തകൾ ചെയ്യുന്ന ഫൂട്ട് മെർക്കാറ്റോയാണ് ഈ വാർത്ത പുറത്ത് വിട്ടത്. 2007 ഓഗസ്റ്റ് മുതൽ 2011 ജനുവരി വരെ താരം അയാക്സിൽ കളിച്ചിരുന്നു. ക്ലബിന് വേണ്ടി 159 മത്സരങ്ങളിൽ 111 ഗോളുകൾ ആണ് താരം അടിച്ചു കൂട്ടിയത്.

ഇതിനെ തുടർന്നാണ് താരം പിന്നീട് ലിവർപൂളിൽ എത്തുന്നത്. പിന്നീട് 2011 മുതൽ 2014 വരെ ലിവർപൂൾ തുടർന്ന താരം ബാഴ്സയിലേക്ക് ചേക്കേറുകയായിരുന്നു. അനുയോജ്യമായ ഓഫറുകൾ വന്നാൽ താരത്തിനെ കൈവിടാൻ തന്നെയാണ് ഇപ്പോൾ ബാഴ്സയുടെ തീരുമാനം. മുൻപ് എംഎൽഎസ്സിൽ നിന്നും ഖത്തർ ക്ലബിൽ നിന്നും താരത്തിന് ഓഫർ വന്നിരുന്നു.

Rate this post