ഏത് പരിശീലകന് കീഴിലാണ് മെസ്സി ഏറ്റവും കൂടുതൽ തിളങ്ങിയത്? കണക്കുകൾ ഇങ്ങനെ.

അങ്ങനെ ഒരു പരിശീലകൻ കൂടി ബാഴ്സയിൽ മെസ്സിയെ പരിശീലിപ്പിച്ചു കൊണ്ട് കളമൊഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബാഴ്സ പുറത്താക്കിയ കീക്കെ സെറ്റിയൻ കുറഞ്ഞ നാളുകളിൽ കൂടി ആണെങ്കിലും മെസ്സിയെ പരിശീലിപ്പിച്ച കോച്ചുമാരുടെ ലിസ്റ്റിൽ ഇടംനേടാൻ സെറ്റിയന് കഴിഞ്ഞു. ഇനി റൊണാൾഡ്‌ കൂമാന്റെ ഊഴമാണ്. ഇത് വരെ ഏഴ് പരിശീലകരാണ് ബാഴ്‌സ ജേഴ്സിയിൽ മെസ്സിയെ പരിശീലിപ്പിച്ചത്. വിശദാംശങ്ങൾ ഇങ്ങനെ.

1- ഫ്രാങ്ക് റൈക്കാർഡ് ( 2004-2008)

1992-ന് ശേഷം ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് നേടികൊടുത്ത പരിശീലകൻ. കൗമാരക്കാരനായ മെസ്സിയെ സീനിയർ ടീമിലേക്ക് കൊണ്ട് വന്നു അരങ്ങേറാൻ അവസരം നൽകി. ഇദ്ദേഹത്തിന് കീഴിൽ 110 മത്സരങ്ങളിൽ നിന്ന് 42 ഗോളുകളും 27 അസിസ്റ്റുകളും നേടി. 2005, 2006 ലാലിഗ കിരീടം സ്വന്തമാക്കി, 2006-ൽ റയലിനെതിരെ മെസ്സിയുടെ ഹാട്രിക് ഇദ്ദേഹത്തിന് കീഴിൽ ആയിരുന്നു.

2- പെപ് ഗ്വാർഡിയോള ( 2008-2012)

മെസ്സിയുടെ സുവർണ്ണകാലഘട്ടം. 219 മത്സരങ്ങളിൽ നിന്ന് 211 ഗോളുകളും 93 അസിസ്റ്റുകളും. രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പടെ 14 കിരീടങ്ങൾ. മെസ്സിക്ക് ബാലൺ ഡിയോർ നേട്ടവും.

3- ടിറ്റോ വിലോനോവ (2012-2013)

ഒരുവർഷക്കാലം മാത്രം ബാഴ്സയെ പരിശീലിപ്പിച്ചു. ഇദ്ദേഹത്തിന് കീഴിൽ 50 മത്സരങ്ങളിൽ നിന്ന് 60 ഗോളുകളും 16 അസിസ്റ്റുകളും. ഒരു കലണ്ടർ വർഷത്തിൽ എല്ലാ കോംപിറ്റീഷനുകളിലുമായി 91 ഗോളുകൾ നേടി റെക്കോർഡ് സ്ഥാപിച്ചത് ഈ കാലഘട്ടത്തിൽ.

4-ജെറാർഡോ മാർട്ടീനോ (2013-2014)

ഇദ്ദേഹത്തിന് കീഴിൽ 46 മത്സരങ്ങളിൽ 41 ഗോളുകൾ. സൂപ്പർ കോപ ഡി എസ്പാന അല്ലാതെ ഒന്നും നേടാൻ ബാഴ്സക്ക് കഴിഞ്ഞില്ല.

5-ലൂയിസ് എൻറിക്വ (2014-2017)

എംഎസ്എൻ ത്രയത്തിന്റെ തുടക്കം. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം. 158 മത്സരങ്ങളിൽ നിന്നായി 153 ഗോളുകളും 70 അസിസ്റ്റുകളും. ബാലൺ ഡിയോർ നേട്ടം.

6-ഏണെസ്റ്റോ വാൽവെർദെ (2017-2020)

മെസ്സിയെ കൂടുതൽ ആശ്രയിച്ച പരിശീലകൻ.ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും രണ്ട് ലാലിഗ, രണ്ട് കോപ ഡെൽ റേ, രണ്ട് സൂപ്പർ കോപ്പ എന്നിവ ഷെൽഫിൽ എത്തിച്ചു. 128 മത്സരങ്ങളിൽ നിന്ന് 113 ഗോളുകളും 50 അസിസ്റ്റുകളും. ഒടുവിൽ പുറത്താക്കപ്പെട്ടു.

7-കീക്കെ സെറ്റിയൻ (2020)

മിഡിസീസണിൽ പരിശീലകനായി. മുൻ റയൽ ബെറ്റിസ്‌ പരിശീലകൻ. മെസ്സിയെ പരിശീലിപ്പിച്ചവരിൽ ഒരു കിരീടം പോലും നേടാനാവാത്ത പരിശീലകൻ. അര സീസണിൽ മെസ്സി നേടിയത് 14 ഗോളുകൾ മാത്രം. മെസ്സിയുടെ 2004-ലെ അരങ്ങേറ്റത്തിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനം. ഇനി റൊണാൾഡ്‌ കൂമാന്റെ ഊഴം.

Rate this post