‘ഇന്ത്യക്കായി വേണ്ടി കളിക്കുമെന്ന് ഞാൻ ചിന്തിക്കുകയോ സ്വപ്നത്തിൽ പോലും കരുതുകയോ ചെയ്തിരുന്നില്ല’ : സുനിൽ ഛേത്രി | Sunil Chhetri 

അന്താരാഷ്ട്ര ഫുട്‌ബോളിൽ 150 ആം മത്സരം കളിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. നാളെ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കുമ്പോൾ ഛേത്രി ഇന്ത്യൻ ജേഴ്സിയിൽ വമ്പൻ നാഴികക്കല്ല് പിന്നിടും.മാർച്ച് 22-ന് സൗദി അറേബ്യയിലെ അബഹയിൽ നടന്ന എവേ ലെഗ് ഗ്രൂപ്പ് എ മത്സരത്തിൽ അഫ്ഗാനെതിരെ ഇന്ത്യ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

പ്രായം 39 ആണെങ്കിലും ഇന്ത്യൻ ഫുട്ബോളിന്റെ എല്ലാമെല്ലാമാണ് ഛേത്രി. നാളെ ഗുവാഹാട്ടിയിൽ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് യോഗ്യതാ ഫുട്‌ബോൾ മത്സരത്തിന് മുമ്പ് ഛേത്രിയെ ആദരിക്കുമെന്ന് എ.ഐ.എഫ്.എഫ്. അറിയിച്ചു.2005 ജൂൺ 12-നാണ് ഛേത്രി അരങ്ങേറ്റംകുറിച്ചത്. പാകിസ്താനെതിരേയായിരുന്നു ആദ്യമത്സരം. കളിയിൽ ഗോളടിച്ച ഛേത്രിയിലൂടെ ഇന്ത്യ സമനില നേടി.

ഇതുവരെ 149 കളിയിൽനിന്ന് 93 ഗോളുകളും 11 ട്രോഫികളും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾനേട്ടത്തിൽ മൂന്നാമതാണ് ഛേത്രി. ക്രിസ്റ്റ്യാനോ റൊണാൾഡോ (128), ലയണൽ മെസ്സി (106) എന്നിവരാണ് ഛേത്രിക്കുമുന്നിൽ. രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍ സുനിൽ ഛേത്രി

“ഡല്‍ഹിയില്‍ സുബ്രതോ കപ്പില്‍ അരങ്ങേറ്റം നടത്തുമ്പോള്‍, രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ഞാന്‍ ചിന്തിക്കുകയോ, അല്ലെങ്കില്‍ അത്തരത്തില്‍ സ്വപ്‌നം കാണുകയോ ചെയ്‌തിരുന്നില്ല. എന്നെ സംബന്ധിച്ച് ഒരു പ്രൊഫഷണല്‍ ക്ലബിന്‍റെ സജ്ജീകരണത്തിന് എത്തുകയെന്നത് തന്നെ പ്രയാസകരമായിരുന്നു. കാരണം ലക്ഷ്യസ്ഥാനവുമായി എന്‍റെ പ്രവർത്തനങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല.ഇപ്പോൾ അങ്ങനെയല്ല, ഏതെങ്കിലും ക്ലബ്ബിൽ കളിക്കുന്ന ഒരു കുട്ടിക്ക് അവർ ആഗ്രഹിക്കുന്നിടത്ത് എത്താൻ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. അക്കാലത്ത് അങ്ങനെയായിരുന്നില്ല. അതുകൊണ്ട് തന്നെ രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നില്ല” ഛേത്രി പറഞ്ഞു.

”ഒരു ദിവസം രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സത്യം പറഞ്ഞാല്‍ അന്താരാഷ്‌ട്ര കരിയറില്‍ 150 മത്സരമെന്ന നാഴികക്കല്ലിന് അരികെയാണ് ഞാനുള്ളതെന്ന് കുറച്ച് ദിനങ്ങള്‍ക്ക് മുമ്പ് എനിക്ക് അറിയില്ലായിരുന്നു. തീര്‍ത്തും ഇതൊരു അവിശ്വസനീയമായ നേട്ടമാണ്” സുനില്‍ ഛേത്രി കൂട്ടിച്ചേര്‍ത്തു. സുനിൽ ഛേത്രി ഇന്ത്യൻ ഫുട്‌ബോളിൻ്റെ ഐക്കണാണ്, ടീം ഇന്ത്യക്ക് വേണ്ടി ചരിത്രപരമായ 150-ാം മത്സരത്തിന് കളത്തിലിറങ്ങുമ്പോൾ,സ്‌പോർട്‌സിനായി അദ്ദേഹം ചെയ്‌ത എല്ലാത്തിനും ആദ്യം നന്ദി പറയുന്നതിനും അദ്ദേഹത്തിൻ്റെ എല്ലാ ഭാവി ഉദ്യമങ്ങൾക്കും ആശംസകൾ നേരുകായും ചെയ്യാം.

Rate this post