കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസിനെ സ്വന്തമാക്കാൻ വമ്പൻ ഓഫറുമായി ഐഎസ്എൽ ക്ലബ് | Kerala Blasters

ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് വലിയ ഊർജ്ജം നൽകുന്ന താരമാണ് ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസ്. ഈ സീസണിലെ ലീഗിലെ ടോപ് സ്കോററായ ഡിമിട്രിയോസ് 15 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.മാത്രമല്ല ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരവും ദിമി തന്നെയാണ്.

ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ പരിക്കേറ്റ് പുറത്ത് പോയതിനു ശേഷം ഡിമിട്രിയോസിന്റെ മികവാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് നയിച്ചത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്ര സന്തോഷം നൽകുന്നതല്ല. ഗ്രീക്ക് താരത്തിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. താരവുമായുള്ള ക്ലബ്ബിന്റെ കരാർ വിപുലീകരണ ചർച്ചകൾ നിലവിൽ പുരോഗതി കാണിക്കുന്നില്ല.ദിമിത്രിയോസ് ഈ സീസൺ അവസാനിക്കുന്നതോടു കൂടി ക്ലബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. കാരണം കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ വേണ്ടിയുള്ള ഓഫർ ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ടെങ്കിലും പക്ഷേ താരം ഇക്കാര്യത്തിൽ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഗോവയുടെ മൊറോക്കൻ സൂപ്പർ താരം നോഹ സദൗയി കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഭാഗമാകാൻ സാധ്യതയുള്ളതിനാലും ദിമി ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കാറാനുള്ള സാധ്യത കൂടുതലാണ്.ഇന്ത്യയിലേക്കുള്ള ചുവടുമാറ്റം മുതൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഗ്രീക്ക് ഫോർവേഡ്. ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും പിന്നിലേക്ക് ട്രാക്ക് ചെയ്യാനും പ്രതിരോധിക്കാനും കഴിയുന്ന ഫോർവേഡാണ് ഡയമൻ്റകോസ്. എല്ലാ മത്സരങ്ങളിലുമായി 27 ഗോളുകളും ഏഴ് അസിസ്റ്റുകളും ദിമി നേടിയിട്ടുണ്ട്.

ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിനായി ഐഎസ്എല്ലിലെ നിരവധി ക്ലബുകൾ രംഗത്തുണ്ട്. ഇപ്പോൾ കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാൾ താരത്തിനായി വമ്പൻ ഓഫറുമായി പുറകേയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നേരത്തെ തന്നെ ഈസ്റ്റ് ബംഗാൾ താരത്തിന് വേണ്ടി രംഗത്തു വന്നിരുന്നു. ഇപ്പൊൾ നേരത്തെ നൽകിയതിനേക്കാൾ മികച്ച ഓഫറാണ് ഈസ്റ്റ് ബംഗാൾ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ തന്റെ ഭാവിയെക്കുറിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലാത്ത ദിമിത്രിയോസ് ഈ ഓഫറിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Rate this post