രക്ഷയില്ല മക്കളെ, സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനു തടയിട്ട് ബാഴ്‌സ

സീസൺ തുടങ്ങുന്നതിനു മുൻപു തന്നെ ബാഴ്സ പരിശീലകൻ റൊണാൾഡ്‌ കൂമാൻ സൂപ്പർതാരം ലൂയിസ് സുവാരസിനെ ആവശ്യമില്ലെന്നു വെളിപ്പെടുത്തിയതാണ്. സുഹൃത്ത് ലയണൽ മെസിയും ക്ലബ്ബ് വിടുന്നതിനെക്കുറിച്ച് ചിന്തിച്ചതിലെ കാരണങ്ങളിലൊന്നും സുവാരസിനോട് ബോർഡ് കാണിച്ച അനീതിയാണ്. ലയണൽ മെസി ഒരു വർഷം കൂടി ബാഴ്സയിൽ കാണുമെങ്കിലും സുവാരസിന്റെ കാര്യത്തിൽ ക്ലബ്ബ് വിടണമെന്ന ഉറച്ച തീരുമാനത്തിലാണ് ബാഴ്സ.

സുവാരസുമായുള്ള കരാർ അവസാനിപ്പിച്ചതായി ബാഴ്സ പ്രഖ്യാപിക്കുകയും ചെയ്തു. യുവന്റസിലേക്ക് ചേക്കേറുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇറ്റാലിയൻ പാസ്പോർട്ട്‌ ലഭിക്കുന്നതിന് കാലതാമസമെടുക്കുന്നതിനാൽ കരാർ ഉപേക്ഷിക്കുകയായിരുന്നു. എന്നാലിപ്പോൾ താരത്തിനായി അത്ലറ്റിക്കോ മാഡ്രിഡ്‌ രംഗത്തെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. ഫ്രീ ട്രാൻസ്ഫറിൽ അത്ലറ്റികോയിലേക്ക് ചേക്കേറാനാണ് സുവാരസിന്റെ ശ്രമം.

എന്നാൽ ഈ ട്രാൻസ്ഫറിന് ബാഴ്‌സ തടയിട്ടേക്കുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. അത്ലറ്റിക്കോ മാഡ്രിഡിനെ സുവാരസിന് കൂടുമാറാൻ വിലക്കുള്ള വീറ്റോ ചെയ്ത ക്ലബ്ബുകളുടെ ലിസ്റ്റിലേക്ക് ചേർക്കാനൊരുങ്ങുകയാണ് ബാഴ്‌സ. സുവാരസിനെ വിറ്റൊഴിക്കാനാണ് ബാഴ്സയുടെ തീരുമാനമെങ്കിലും ബാഴ്‌സ ചീഫുകൾക്ക് താത്പര്യമുള്ള ക്ലബ്ബിലേക്ക് മാത്രമേ സുവാരസിന് കൂടുമാറാനാവൂ എന്നാണ് നിലപാട്.

സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം സുവാരസിന് കൂടുമാറാൻ വിലക്കുള്ള റയൽ മാഡ്രിഡ്‌, മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി എന്നീ വീറ്റൊ ചെയ്ത ക്ലബ്ബുകളുടെ പട്ടികയിലേക്ക് അത്ലറ്റിക്കോ മാഡ്രിഡിഡിനെയും ബാഴ്‌സ ചേർക്കാനൊരുങ്ങുകയാണെന്നാണ്. അതായത് ഫ്രീ ട്രാൻസ്ഫറിൽ അത്ലറ്റികോയിലേക്ക് പോവാൻ സുവാരസിന് ഇനി സാധിച്ചേക്കില്ല. എന്നാൽ ഇതിനെതിരെ നിയമപരമായി മുന്നോട്ടുപോവാനൊരുങ്ങുകയാണ് സുവാരസും ഏജന്റും.

Rate this post