ബാഴ്‌സയെ തിരഞ്ഞെടുത്തത് റയൽ മാഡ്രിഡിനെ തഴഞ്ഞു കൊണ്ട്, വെളിപ്പെടുത്തലുമായി യുവപ്രതിഭ.

ഈ സീസണിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരങ്ങളിൽ ഒരാളാണ് ബാഴ്‌സയുടെ യുവപ്രതിഭ കൊൺറാഡ്. കേവലം പത്തൊൻപത് വയസ്സ് മാത്രമുള്ള ഈ താരം പ്രീ സീസണിലെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും കളത്തിലിറങ്ങിയിരുന്നു. മാത്രമല്ല ബാഴ്‌സക്ക് വേണ്ടി കളിക്കുന്ന ആദ്യത്തെ അമേരിക്കൻ താരമെന്ന ഖ്യാതി ഈ താരം സ്വന്തമാക്കിയിരുന്നു.കൂടാതെ പരിശീലകൻ റൊണാൾഡ് കൂമാന്റെ പ്രീതി പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചിരുന്നു. താരം ഈ രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്.

ഇപ്പോഴിതാ താരം മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ബാഴ്സയുടെ ചിരവൈരികളായ റയൽ മാഡ്രിഡിൽ നിന്നും തനിക്ക് ചെറുപ്പത്തിൽ ഓഫർ വന്നിരുന്നുവെന്നും എന്നാൽ താനും കുടുംബവും അത്‌ നിരസിക്കുകയുമായിരുന്നു എന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. താരത്തിന്റെ പതിനൊന്നാം വയസ്സിലായിരുന്നു സംഭവം. താരത്തിന്റെ പിതാവ് മാഡ്രിഡിൽ ജോലി ചെയ്തു കൊണ്ടിരുന്ന കാലത്തായിരുന്നു റയൽ അദ്ദേഹത്തെ സമീപിച്ചത്. അന്ന് താരം എസ്ക്കുല ടെക്നോഫുട്ബോളിന് കളിക്കുന്ന സമയമായിരുന്നു.

അന്ന് ബാഴ്സ താരത്തെ നോട്ടമിട്ട വിവരം കൊൺറാഡ് അറിഞ്ഞിട്ടില്ലായിരുന്നു. എന്നാൽ താരത്തിന്റെ പ്രകടനം മെച്ചപ്പെട്ടതോടെ ബാഴ്സ ഗൗരവമായ രീതിയിൽ താരത്തെ പരിഗണിക്കുകയായിരുന്നു. എന്നാൽ മറുഭാഗത്ത് റയൽ നീക്കങ്ങൾ ആരംഭിച്ചിരുന്നു. താരത്തിന്റെ പിതാവിനെയാണ് റയൽ സമീപിച്ചിരുന്നത്. റയൽ നല്ല മെച്ചപ്പെട്ട ഒരു ഓഫറും താരത്തിന് നൽകിയിരുന്നു. എന്നാൽ താരത്തിന്റെ കരിയറിന് ബാഴ്സയാണ് നല്ലത് എന്ന് മനസ്സിലാക്കിയ താരത്തിന്റെ കുടുംബം ബാഴ്സയോട് സമ്മതം മൂളുകയായിരുന്നു. തുടർന്ന് അവർ ബാഴ്സയിലേക്ക് താമസം മാറുകയും ചെയ്യുകയായിരുന്നു.

തുടർന്ന് ബാഴ്സയിൽ പ്രകടനം താരം മെച്ചപ്പെടുത്തി. ഫലമായി ഈ സീസണിൽ പ്രീ സീസൺ മത്സരങ്ങൾ വരെ കളിക്കാൻ സാധിച്ചു. ഈ യുവപ്രതിഭ ഈയിടെ ബാഴ്സയുമായി കരാർ പുതുക്കിയിരുന്നു. നിലവിൽ വിങ്ങർ ആയാണ് താരം കളിക്കുന്നത്. എന്നാൽ സെന്റർ സ്‌ട്രൈക്കർ ആയും കളിക്കാൻ കളിക്കാൻ കെൽപ്പുള്ള താരമാണ് കൊൺറാഡ്. ബാഴ്സയുടെ ഭാവി വാഗ്ദാനമായ താരത്തെ ജിറോണക്കെതിരെയുള്ള മത്സരത്തിന് ശേഷം പരിശീലകൻ കൂമാൻ പുകഴ്ത്തിയിരുന്നു. പക്ഷെ സീനിയർ ടീമിലേക്ക് ഇപ്രാവശ്യം സ്ഥാനക്കയറ്റം കിട്ടാൻ സാധ്യത കുറവാണ്. ബി ടീമിൽ തന്നെ താരം തുടരാനാണ് സാധ്യത.