അവസരങ്ങൾ ലഭിക്കാത്തതിൽ ക്ഷുഭിതനായി ബാഴ്‌സ സൂപ്പർ താരം.
റൊണാൾഡ് കൂമാനു കീഴിൽ ബാഴ്‌സലോണ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആരാധകരെയും ഫുട്‌ബോൾ ലോകത്തെയും ഒരു പോലെ സന്തോഷിപ്പിക്കുന്ന രീതിയിലാണ് ബാഴ്‌സയുടെ നിലവിലെ പ്രകടനം.
ക്ലബ്ബിന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ടീം കളിക്കുമ്പോൾ, കൂമാനു മുന്നിൽ ഇപ്പോഴും ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്.
കഴിഞ്ഞ സമ്മറിൽ ജുവെന്റ്‌സ്സിൽ നിന്നും 52 മില്യൺ പൗണ്ടിന് ബാഴ്സയിലെത്തിയ മിറലേം പ്യാനിചിന്, കൂമാൻ ടീമിൽ അവസരങ്ങൾ നൽകുന്നില്ല. ബോസ്നിയൻ താരമായ പ്യാനിച്ചിന് ബാഴ്സയിൽ അത്ര നല്ല തുടക്കമൊന്നുമല്ല ലഭിച്ചത്.
ബാഴ്സയിലെത്തിയ ശേഷം ലീഗ് മത്സരങ്ങളിൽ താരം ടീമിനായി കളി തുടങ്ങിയത് വെറും 5 മത്സരങ്ങളിൽ മാത്രം. ഇപ്പോൾ താരം ബാഴ്സയിലേ തന്റെ അവസ്ഥയെ കുറിച്ചു സംസാരിക്കുകയും ചെയ്തിരിക്കുന്നു.
ഫ്രഞ്ച് ഫുട്‌ബോൾ ടി.വി ഷോയായ ടെലിഫുട്ടിനോട് താരം സംഭവത്തെ കുറിച്ചു പറഞ്ഞതിങ്ങനെ:
“ഞാൻ കളിച്ച എല്ലാ ക്ലബ്ബിനു വേണ്ടിയും എല്ലാ പരിശീലകരുടെ കീഴിലും ഞാൻ കളിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു അവസ്ഥയെ ഞാൻ ഞാൻ ആദ്യമായിട്ടാണ് നേരിടുന്നത്. ഹ, ഇത് പ്രയാസകരമാണ്, ഞാൻ അതിനെ ഉൾക്കൊള്ളുകയും ചെയ്യുന്നു.”
“ഞാൻ എന്തുകൊണ്ട് കളിക്കാതെയിരിക്കുന്നു എന്നുള്ളതിന്റെ കൃത്യമായ കാരണമെന്താണെന്നു എനിക്ക് അറിയില്ല. ഞാൻ പരിശീലനം നടത്തുന്നുണ്ട്. പിന്നെ നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇവിടെയെടുക്കുന്ന തീരുമാനങ്ങളെ ബഹുമാനിക്കണം. എനിക്ക് എന്റേതായൊരു സ്ഥാനം കണ്ടെത്തിയേതീരു.”
Should Pjanic be getting more playing time? pic.twitter.com/f2MtYLdlho
— ESPN FC (@ESPNFC) February 14, 2021
കഴിഞ്ഞ സീസണിൽ മൗറീശ്യോ സാറിക്കു കീഴിൽ താരം സെൻട്രൽ മിഡ്ഫീൽഡറായിട്ടാണ് കളിച്ചിരുന്നത്. പക്ഷെ താരസമ്പന്നമായ ബാഴ്സയിൽ താരത്തിന് തന്റെ പൊസിഷനിൽ വ്യക്തമായൊരു ആധിപത്യം നേടിയെടുക്കാൻ ഇതു വരെയും സാധിച്ചിട്ടില്ല. ഡിഫെൻസിവ് മിഡ്ഫീൽഡർമാരായ ഫ്രങ്കി ഡി ജോങ്ങും, സെർജിയോ ബുസ്ക്കെറ്റ്സും ആ പൊസിഷനിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ അറ്റാക്കികിംഗ് മിഡ്ഫീൽഫിഡർമാരുടെ ഒരു നീണ്ട നിര തന്നെയുണ്ട് ബാഴ്സയ്ക്ക്.
ക്ലബ്ബ് ഇതിഹാസമായ ലയണൽ മെസ്സിയും പിന്നെ ഗ്രീസ്മാൻ, കുട്ടീന്യോ, ബാഴ്‌സയുടെ യുവ പ്രതിഭയായ പെഡ്രിയും അറ്റാക്കിങ് മിഡ്ഫീൽഡർമാരായി കളിക്കുന്നതും നാം കണ്ടതാണല്ലോ. കൂടാതെ ലാ മാസിയയിൽ നിന്നും റിക്വി പ്യൂജ്ജിന്റെയും ഇലായ്സ്സ് മോറിബയുടെയും വരവോട് കൂടി ബാഴ്‌സയുടെ മധ്യനിര ശക്തമായിരിക്കുകയാണ്.
ഈ സീസണിൽ ബാഴ്‌സ കളിച്ച എല്ലാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും താരം ഇറങ്ങിയിരുന്നു. അതു കൊണ്ട് തന്നെ പി.എസ്.ജിക്കെതിരായ ബാഴ്‌സയുടെ അടുത്ത മത്സരത്തിൽ താരം ഇറങ്ങിയെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കിന്നത്. ഈ വരുന്ന ചൊവ്വാഴ്ച ക്യാമ്പ് നൗലാണ് മത്സരം നടക്കുന്നത്.
30കാരനായ താരത്തിന് ഇനിയും അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ, ഒരു പക്ഷെ ഈ വരുന്ന സമ്മറിൽ താരം മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറിയേക്കും.