ടെൻ ഹാഗ് എഫക്ട് , വിജയം തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് : തകർപ്പൻ ജയവുമായി ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വല വിജയം. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് നേടിയത്.മത്സരത്തിന്റെ തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആധിപത്യം ആണ് കാണാൻ ആയത്. ഫ്ലൂ കാരണം യുണൈറ്റഡ് ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നു എങ്കിലും അവരുടെ പ്രകടനത്തിൽ അതിന്റെ പ്രശ്നങ്ങൾ ഒന്നും കണ്ടില്ല.

സ്ട്രൈക്കർ റോളിൽ ആന്റണി മാർഷ്യലിനെ മുൻ നിർത്തിയാണ് കോച്ച് എറിക് ടെൻ ഹാഗ് ഫോർമേഷൻ നടപ്പിലാക്കിയത്.മത്സരത്തിന്റെ 19-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആദ്യ ഗോൾ നേടിയത്. ക്രിസ്റ്റ്യൻ എറിക്സന്റെ കോർണറിൽ നിന്നാണ് ഗോൾ പിറന്നത്.ഈ സീസണിൽ ഓൾഡ് ട്രാഫോർഡിൽ മാർക്കസ് റാഷ്ഫോർഡിന്റെ എട്ടാം ഗോളാണിത്. രണ്ട് മിനിറ്റിനുള്ളിൽ ആന്റണി മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. കളിയുടെ 22-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡിന്റെ അസിസ്റ്റിലാണ് ആന്റണി മാർഷ്യൽ ഗോൾ നേടിയത്.ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ലോഫ്റ്റഡ് ബോൾ മാർക്കസ് റാഷ്ഫോർഡ് ആന്റണി മാർഷ്യലിന് കൈമാറി. ആന്റണി മാർഷ്യലിന്റെ ആദ്യ ഷോട്ട് നോട്ടിംഗ്ഹാം ഗോൾകീപ്പർ ഹെന്നസിയെ മറികടന്ന് വലയിലെത്തി. തുടർന്ന് ഇരു ടീമുകളിൽ നിന്നും തുടർച്ചയായ ആക്രമണങ്ങൾ വന്നു തുടങ്ങി.

മത്സരത്തിന്റെ 42-ാം മിനിറ്റിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ഒരു ഗോൾ മടക്കിയനെകിലും VAR പരിശോധന ഗോൾ അനുവദിച്ചില്ല.ഒടുവിൽ മത്സരത്തിന്റെ 87-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ഗോൾ നേടി. കാസെമിറോയുടെ അസിസ്റ്റിൽ ഫ്രെഡ് മൂന്നാം ഗോൾ നേടി.നോട്ടിംഗ്ഹാം ഫോറസ്റ്റ് നീക്കത്തെ തടഞ്ഞ് പന്ത് കൈക്കലാക്കിയ കാസെമിറോ, പെനാൽറ്റി ഏരിയയിൽ ഫ്രെഡിനെ അടയാളപ്പെടുത്താതെ കണ്ടെത്തുകയും പാസ് നൽകുകയും ചെയ്തു. ഫ്രെഡ് പന്ത് സ്വീകരിച്ച് പിഴവുകളില്ലാതെ ഗോളാക്കി മാറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഓൾഡ് ട്രാഫോർഡിൽ തുടർച്ചയായി 6 മത്സരങ്ങൾ ജയിച്ചു. ജയത്തോടെ 15 കളികളിൽ നിന്ന് 29 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുന്നു.

പ്രീമിയർ ലീഗിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന കുമായിട്ടൊരു മത്സരത്തിൽ ബോൺമൗത്തിനെ 2-0ന് തോൽപ്പിച്ച് ചെൽസി പ്രീമിയർ ലീഗ് ആക്ഷനിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി.ഒക്‌ടോബർ 8-ന് ശേഷം ഹോം ഗ്രൗണ്ടിൽ ലീഗിൽ വിജയിക്കാതിരുന്ന ഗ്രഹാം പോട്ടറിന്റെ ടീം ആദ്യ പകുതിയുടെ തുടക്കത്തിൽ കൈ ഹാവേർട്‌സ്, മേസൺ മൗണ്ട് എന്നിവരിലൂടെ തുടർച്ചയായി രണ്ട് തവണ സ്‌കോർ ചെയ്തു വിജയം ഉറപ്പിക്കുകയായിരുന്നു.

തുടക്കം മുതൽ തന്നെ ചെൽസി ആധിപത്യം പുലർത്തുകയും ഒക്ടോബറിനു ശേഷം തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് ഗോൾ പിറന്നത് 16 ആം മിനുട്ടിലാണ്.സ്റ്റെർലിംഗ് വലതു വിങ്ങിൽ നിന്ന് നൽകിയ പാസ് ഒരു ടാപിന്നിലൂടെ ഹവേർട്സ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. 24 ആം മിനുട്ടിൽ കായ് കവേർട്സിന്റെ പാസിൽ നിന്നും മൌണ്ട് ചെൽസിയുടെ രണ്ടാമത്തെ ഗോൾ നേടി .വിജയത്തോടെ ചെൽസി 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

Rate this post