ബാഴ്സയിലെ രണ്ടാമനാകണം, ക്ലബിനു മുന്നിൽ ആവശ്യമറിയിച്ച് ടെർ സ്റ്റെഗൻ

ബാഴ്സലോണയുമായുള്ള കരാർ പുതുക്കാൻ ക്ലബിൽ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരമായി മാറണമെന്ന ആവശ്യമറിയിച്ച് ജർമൻ ഗോൾ കീപ്പറായ മാർക് ആന്ദ്രേ ടെർ സ്റ്റെഗൻ. നായകനായ ലയണൽ മെസിക്കു പിന്നിൽ ടീമിലെ പ്രതിഫലക്കണക്കിലെ രണ്ടാം സ്ഥാനം ടെർ സ്റ്റെഗൻ അവശ്യപ്പെട്ടുവെന്ന് ഗോൾ ആണു റിപ്പോർട്ടു ചെയ്തത്. 2022ലാണ് ബാഴ്സലോണയുമായുള്ള ടെർ സ്റ്റെഗന്റെ കരാർ അവസാനിക്കുന്നത്.

നേരത്തെ ഒരു സീസണിൽ 24 മില്യൺ യൂറോ പ്രതിഫലമായി നൽകണമെന്ന ആവശ്യത്തിൽ നിന്നും ടെർ സ്റ്റെഗൻ പുറകോട്ടു പോയിട്ടുണ്ട്. പതിനെട്ടു മില്യൺ യൂറോ സീസണിൽ വേതനമായി നൽകണമെന്നാണ് താരത്തിന്റെ ഇപ്പോഴത്തെ ആവശ്യം. അങ്ങിനെയെങ്കിൽ നിലവിലെ കരാർ 2025 വരെ മൂന്നു വർഷത്തേക്കു കൂടി പുതുക്കാൻ താരം തയ്യാറാണ്. നിലവിൽ ഇതു സംബന്ധിച്ച ചർച്ചകളിൽ തീരുമാനമൊന്നും ആയിട്ടില്ല.

താരത്തിന്റെ കരാറുമായി ബന്ധപ്പെട്ട് ബാഴ്സലോണ നേതൃത്വം രണ്ടു തട്ടിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയൊരു തുകയുടെ ഡീൽ താരത്തിനു നൽകാൻ കഴിയില്ലെന്നാണ് ഒരു നേതൃത്വത്തിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ ബാഴ്സ തന്റെ തീരുമാനം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

നിലവിൽ കാൽപാദത്തിനേറ്റ പരിക്കിനു ശസ്ത്രക്രിയ നടത്തി വിശ്രമിക്കുകയാണ് ടെർ സ്റ്റെഗൻ. താരത്തിനു പകരക്കാരനായി ഇറങ്ങുന്ന ബ്രസീലിയൻ ഗോൾകീപ്പർ നെറ്റോ മികച്ച പ്രകടനം ടീമിനു വേണ്ടി കാഴ്ച വെക്കുന്നുണ്ട്.

Rate this post