ഏഴാം നമ്പർ ജേഴ്സി അണിയാൻ ഭയമില്ല, തന്നെ യുണൈറ്റഡിൽ എത്തിച്ചത് ആ താരം, കവാനി പറയുന്നു.

ഈ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനദിവസമാണ് ഉറുഗ്വൻ സൂപ്പർ താരം എഡിൻസൺ കവാനിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. ഫ്രീ ഏജന്റ് ആയിരുന്ന കവാനിക്ക്‌ രണ്ട് വർഷം യുണൈറ്റഡിൽ തുടരാൻ അവസരമുണ്ട്. തുടർന്ന് യുണൈറ്റഡിന്റെ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്സി താരത്തിന് നൽകുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, എറിക് കന്റോണ എന്നിവർ അണിഞ്ഞ ജേഴ്സിയാണ് കവാനിക്ക്‌ യുണൈറ്റഡ് നൽകിയത്.

എന്നാൽ ഈ ജേഴ്സി അണിയുന്നതിൽ തനിക്ക് ഭയമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് എഡിൻസൺ കവാനി. ഇത് വളരെ വലിയ വെല്ലുവിളിയും ഉത്തരവാദിത്തവുമാണെന്ന് അറിയാമെന്നും എന്നാൽ ഇത് ഏറ്റെടുക്കാൻ താൻ തയ്യാറാണ് എന്നുമാണ് കവാനി അറിയിച്ചത്. കൂടാതെ താൻ യുണൈറ്റഡിൽ എത്താൻ കാരണം ആൻഡർ ഹെരേരയാണെന്നും കവാനി വെളിപ്പെടുത്തി.മുൻ യുണൈറ്റഡ് താരവും നിലവിൽ പിഎസ്ജി താരവുമാണ് ഹെരേര.

” ഇത് വലിയൊരു വെല്ലുവിളിയും ഉത്തരവാദിത്തവുമാണ് എന്നറിയാം. പക്ഷെ ഇത് ഞാൻ സ്വീകരിച്ചു കഴിഞ്ഞു. ഈ നമ്പറിനെ ഞാൻ ഭയക്കുന്നില്ല. എന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ കഠിനാദ്ധ്യാനം ചെയ്യും. മികച്ച രീതിയിൽ കളിച്ചാൽ മാത്രമേ ഈ ജേഴ്സിയോട് എനിക്ക് നീതിപുലർത്താനാവൂ. മുമ്പ് ഒരുപാട് മികച്ച താരങ്ങൾ അണിഞ്ഞ ജേഴ്സിയാണ് ഇതെന്നറിയാം.പക്ഷെ കളത്തിന് പുറത്ത് ഈ നമ്പറുകൾക്ക്‌ വലിയ സ്വാധീനമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” കവാനി തുടർന്നു.

” ഞാൻ ആൻഡർ ഹെരേരയോടും എയ്ഞ്ചൽ ഡി മരിയയോടും ഒരുപാട് സംസാരിച്ചിരുന്നു. ഹെരേരയാണ് എന്നെ ഇവിടെ എത്താൻ സഹായിച്ചത്. അവസാനനിമിഷം ഞാൻ ഹെരേരയെ വിളിക്കുകയും സംസാരിക്കുകയും ചെയ്തു. അതിന് ശേഷം ഞാൻ ക്ലബുമായി കരാറിൽ ഒപ്പിടുകയായിരുന്നു. എനിക്ക് ഒരുപാട് വിശ്വാസമുള്ള വ്യക്തിയാണ് ഹെരേര. കുറഞ്ഞ നാളത്തെ പരിചയം ഉള്ളുവെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് ” കവാനി പറഞ്ഞു.

Rate this post