‘കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി’ : അപ്പീൽ തള്ളി എഐഎഫ്എഫ് , രണ്ടാഴ്ചക്കുള്ളിൽ പിഴ മുഴുവൻ അടക്കണം

2023 മാർച്ച് 3 ന് ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫിൽ ബെംഗളൂരു എഫ്‌സിക്കെതിരായ വിവാദ മത്സരത്തിൽ മത്സരത്തിൽ മോശം പെരുമാറ്റത്തിനും കളി ഉപേക്ഷിച്ചതിനും ചുമത്തിയ 4 കോടി രൂപ പിഴയ്‌ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അപ്പീൽ ചെയർപേഴ്‌സൺ അക്ഷയ് ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള എഐഎഫ്എഫ് അപ്പീൽ കമ്മിറ്റി തള്ളി.

5 ലക്ഷം രൂപ പിഴയ്‌ക്കെതിരെയും 10 കളികളുടെ വിലക്കിനെതിരെയും ഇവാൻ വുകുമാനോവിച്ചിന്റെ അപ്പീലും കമ്മിറ്റി തള്ളി. രണ്ട് കേസുകളിലും, അച്ചടക്ക സമിതിയുടെ മുൻ തീരുമാനങ്ങൾ അപ്പീൽ കമ്മിറ്റി ശരിവച്ചു.കേരള ബ്ലാസ്റ്റേഴ്സും പരിശീലകനും രണ്ടാഴ്ചയ്ക്കകം പിഴ അടക്കണമെന്നാണ് നിർദേശം.2023 മാർച്ച് 31 ലെ പ്രാരംഭ തീരുമാനത്തിൽ, ക്ലബും പരിശീലകനും പരസ്യമായി മാപ്പ് പറയേണ്ടതുണ്ടെന്നും അല്ലെങ്കിൽ പിഴ യഥാക്രമം 6 കോടി രൂപയായും 10 ലക്ഷം രൂപയായും വർധിപ്പിക്കുമെന്നും അച്ചടക്ക സമിതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണിലെ മത്സരത്തിൽ എക്‌സ്ട്രാ ടൈമിൽ ഛേത്രി നേടിയ ഗോളാണ് വലിയ വിവാദങ്ങൾ ഉയർത്തിയത്. താരങ്ങൾ വോൾ ഒരുക്കും മുമ്പേയാണ് ഛേത്രി ഫ്രീ കിക്ക് എടുത്തത്. റഫറി അതനുവദിക്കുകയും ചെയ്‌തു. സംഭവത്തിൽ പ്രതിഷേധിച്ച് മത്സരം മുഴുവനാക്കാതെ തന്റെ താരങ്ങളെ പരിശീലകൻ തിരിച്ചു വിളിച്ചു. വലിയ ഒച്ചപ്പാടുകളാണ് ഈ സംഭവം ഉണ്ടാക്കിയത്.പിന്നീട് ബ്ലാസ്റ്റേഴ്സ് തിരിച്ചു വരാതിരുന്നതോടെ മത്സരം ബെം​ഗളുരു ജയിച്ചതായി പ്രഖ്യാപിച്ചു. ഈ സംഭവത്തിലാണ് ഫ‍െഡറേഷന്റെ അച്ചടക്കസമിതി ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ വിധിച്ചത്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാന്, അഞ്ച് ലക്ഷം രൂപ പിഴയും പത്ത് മത്സരങ്ങളിൽ നിന്ന് വിലക്കും ഏർപ്പെടുത്തി. ഇരുകൂട്ടരോടും പരസ്യമായി ക്ഷമാപണം നടത്താനും ആവശ്യപ്പെട്ടിരുന്നു.

ബ്ലാസ്റ്റേഴ്സും ഇവാനും സമൂഹമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയിരുന്നു. എങ്കിലും പിഴയ്ക്കും വിലക്കിനുമെതിരെ അപ്പീൽ നൽകി. പക്ഷെ ഈ അപ്പീൽ തള്ളുകയായിരുന്നു. മാത്രവുമല്ല രണ്ട് ആഴ്ചയ്ക്കുള്ളിൽ പിഴത്തുക അടച്ചുതീർക്കണമെന്നും അപ്പീൽ കമ്മിറ്റി വിധിച്ചു.ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ആഘാതം തന്നെയാണ്. മാത്രമല്ല അടുത്ത സീസണിലെ ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ ഇവാന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് ലഭിക്കില്ല. കഴിഞ്ഞ ഹീറോ സൂപ്പർ കപ്പിൽ സേവനമനുഷ്ഠിക്കാൻ ഇവാന് സാധിച്ചിരുന്നുമില്ല.

Rate this post