‘അൺസ്‌റ്റോപ്പബിൾ ലൗട്ടാരോ മാർട്ടിനെസ്’ : തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നു പോകുന്ന അർജന്റീന സ്‌ട്രൈക്കർ|Lautaro martinez

കോപ്പ ഇറ്റാലിയ ഫൈനലിൽ ഫിയോറെന്റീനയെ കീഴടക്കി മറ്റൊരു കിരീടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്റർ മിലാൻ. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ ജയമാണ് ഇന്റർ മിലാൻ നേടിയത്.ലൗട്ടാരോ മാർട്ടിനെസിന്റെ ഇരട്ട ഗോളിന്റെ മികവിൽ ആയിരുന്നു ഇന്റർ കിരീടം ഉയർത്തിയത്.നേരത്തെ ഇറ്റാലിയൻ സൂപ്പർകപ്പ് എസി മിലാനെ കീഴടക്കി സ്വന്തമാക്കിയ ഇന്റർ ഈ സീസണിൽ രണ്ടാമത്തെ കിരീടമാണ് സ്വന്തമാക്കിയത്.

സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസിനെ സംബന്ധിച്ചിടത്തോളം, വ്യക്തിഗത തലത്തിലും ഇത് വളരെ വിജയകരമായ ഒരു കാലഘട്ടമാണ്. ഡിസംബറിൽ അർജന്റീനയ്‌ക്കൊപ്പം ഫിഫ ലോകകപ്പ് മാർട്ടിനെസ് സ്വന്തമാക്കിയിരുന്നു. ബെൻഫിക്കയ്‌ക്കെതിരെയും സിറ്റി എതിരാളികളായ എസി മിലാനെതിരെയും പ്രധാന ഗോളുകൾ നേടിയതിന് ശേഷം ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒരു സ്ഥാനം ഉറപ്പാക്കാന്നതിലും മാർട്ടിനെസ് നിർണായക പങ്കു വഹിച്ചിരുന്നു.തന്റെ ക്ലബ് ട്രോഫികൾ നേടുന്നതിൽ 25 കാരനായ താരം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

സീസൺ പൂർത്തിയാകുന്നതിന് മുമ്പ് ഇന്ററിന് ഒരു ട്രോഫി കൂടി നേടാനുള്ള ഒരുക്കത്തിലാണ്.ജൂൺ 10-ന് ഇസ്താംബൂളിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ നെരാസുറി മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.“ഇതാണ് ഫുട്ബോൾ, വിജയിക്കുക എന്നതാണ് ലക്‌ഷ്യം ഞങ്ങൾ മത്സരം മോശമായി ആരംഭിച്ചു, പക്ഷേ ഞങ്ങൾ നന്നായി ചെയ്തു, തിരിച്ചുവന്ന് കിരീടം നേടാൻ സാധിച്ചു “ഫിയോറന്റീനയ്‌ക്കെതിരായ വിജയത്തോട് പ്രതികരിച്ചുകൊണ്ട് മാർട്ടിനെസ് പറഞ്ഞു.

“മിലാനിൽ കപ്പ് നിലനിർത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” സ്‌ട്രൈക്കർ കൂട്ടിച്ചേർത്തു. “ടീമിന് എന്റെ സംഭാവനകൾ നൽകി വിജയിച്ചുകൊണ്ടേയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്റർ മിലാനെ ഞെട്ടിച്ച് ഫിയോറെന്റീനയാണ് മത്സരത്തിൽ മുന്നിലെത്തിയത്. മൂന്നാം മിനുട്ടിൽ അർജന്റീന താരം നിക്കോ ഗോൺസാലസാണ് ഫിയോറെന്റീനക്കായി ഗോൾ നേടിയത്. കോൺഫറൻസ് ലീഗ് ഫൈനലിലെത്തിയ ടീം ഇന്ററിനെ അട്ടിമറിക്കുമോയെന്ന് സംശയിച്ചെങ്കിലും അവരുടെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. ഇരുപത്തിയൊമ്പതാം മിനുട്ടിൽ ബ്രോസോവിച്ചിന്റെ പാസ് സ്വീകരിച്ച് മികച്ചൊരു ഫിനിഷിംഗിലൂടെ ഇന്റർ മിലൻറെ ഹീറോയായ ലൗടാരോ മാർട്ടിനസ് സമനില ഗോൾ നേടി. എട്ടുമിനുട്ടിനകം താരത്തിന്റെ തന്നെ വകയായി വിജയഗോളും പിറന്നു. ബാരല്ല നൽകിയ ക്രോസ് ഒരു അക്രോബാറ്റിക് ഫിനിഷിലൂടെ താരം വലയിലെത്തിച്ചാണ് വിജയഗോൾ നേടിയത്.

ഇന്റർ മിലാനു വേണ്ടി നൂറു ഗോളുകളെന്ന നേട്ടവും ലൗടാരോ മാർട്ടിനസ് ഇന്നലത്തെ മത്സരത്തോടെ സ്വന്തമാക്കി. എക്‌സ്‌ട്രാ ടൈമിൽ യുവന്റസിനെ തോൽപ്പിച്ചാണ് നെരാസുറി കഴിഞ്ഞ സീസണിൽ കോപ്പ ഇറ്റാലിയ നേടിയത്.ഡിസംബറിൽ ഖത്തറിൽ അർജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയ ലൗട്ടാരോ മാർട്ടിനെസിന് 2022-23 കാമ്പെയ്‌ൻ വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു.ഇപ്പോൾ സീസണിലെ എല്ലാ മത്സരങ്ങളിൽ നിന്നും കരിയറിലെ ഏറ്റവും മികച്ച 27 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.ഈ സീസണിൽ ഇന്ററിന്റെ 54 മത്സരങ്ങളിലും പ്രത്യക്ഷപ്പെട്ട ഏക കളിക്കാരൻ കൂടിയാണ് അദ്ദേഹം.

Rate this post