ല ലീഗയിൽ ബെൻസിമ -ലെവെൻഡോസ്‌കി പോരാട്ടത്തിന് അങ്കം കുറിക്കുമ്പോൾ |Karim Benzema Vs Robert Lewandowski

സ്പാനിഷ് ലാ ലിഗയെ കഴിഞ്ഞ ദശകത്തിൽ ലോക ഫുട്ബോളിൽ ഏറ്റവും ഉയരങ്ങളിലെത്തിച്ചത് ലയണൽ മെസ്സി – ക്രിസ്റ്റ്യാനോ റൊണാഡോ പോരാട്ടത്തിലൂടെയായിരുന്നു. എന്നാൽ 2018 ൽ റൊണാൾഡോ യുവന്റസിലേക്ക് കൂടു മാറിയതോടെ അത് അവസാനിച്ചു. കഴിഞ്ഞ വര്ഷം ലയണൽ മെസ്സിയും ബാഴ്സ വിട്ടതോടെ യൂറോപ്യൻ ഫുട്ബോളിൽ ലാ ലീഗയുടെ സ്ഥാനം താഴേക്ക് പോവുകയും ചെയ്തു.

എന്നാൽ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതോടെ ആ അവസരം ഫലപ്രദമായി ഉപയോഗിച്ച ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസിമ ലാ ലീഗയുടെ സൂപ്പർ താരമായി ഉയർന്നു വരികയും ചെയ്തു.കഴിഞ്ഞ സീസണിൽ ബെൻസീമക്ക് ലാ ലീഗയിൽ എതിരാളികൾ ഇല്ലായിരുന്നു. എന്നാൽ ഈ സീസണിൽ ബയേൺ മ്യൂണിക്കിൽ നിന്നും പോളിഷ് ഗോളടി യന്ത്രം റോബർട്ട് ലെവെൻഡോസ്‌കിയെ ബാഴ്സലോണ എത്തിച്ചതോടെ നഷ്ടപ്പെട്ടുപോയ പഴയ പോരാട്ട വീര്യം ലാ ലീഗയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മുപ്പത്തിനാല് വയസുള്ള ഈ രണ്ടു താരങ്ങളുടെയും പ്രകടനം ഈ സീസണിൽ പുതിയൊരു പോരാട്ടത്തിനു കൂടി തുടക്കം കുറിച്ചിരിക്കുകയാണ്.

ഇതുവരെ ല ലീഗയിൽ മൂന്നു മത്സരങ്ങൾ അവസാനിച്ചപ്പോൾ ലെവെൻഡോസ്‌കി നാല് ഗോളുകളും ബെൻസിമ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ഇന്നലെ നടന്ന റയലിന്റെയും ബാഴ്സയുടെയും വിജയങ്ങളിൽ സൂപ്പർ സ്‌ട്രൈക്കർമാർ നിർണായക പങ്കാണ് വഹിച്ചത്.റോബർട്ട് ലെവൻഡോസ്‌കി റയൽ വയ്യഡോളിഡിനെതിരെ ബാഴ്‌സക്കു വേണ്ടി ഇരുപകുതികളിലുമായി രണ്ടു ഗോൾ നേടിയപ്പോൾ എസ്‌പാന്യോളിനെതിരെ കരിം ബെൻസിമയാണ് സമനിലയിലേക്ക് പോകുമായിരുന്ന കളി റയൽ മാഡ്രിഡിന് അനുകൂലമാക്കിയത് , മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ രണ്ടു ഗോളുകൾ കുറിച്ചത്.റോബർട്ട് ലെവൻഡോസ്‌കി ബയേൺ മ്യൂണിക്ക് വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ തീരുമാനിച്ച സമയത്തു തന്നെ ബെൻസിമയെ പിന്നിലാക്കണമെന്ന ആഗ്രഹം പോളിഷ് താരത്തിനുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

റയൽ മാഡ്രിഡ് 2021/22 ലാലിഗ സാന്റാൻഡർ കിരീടം നേടിയപ്പോൾ 27 ഗോളുകൾ നേടി ബെൻസെമ ടോപ് സ്‌കോറർ ആയിരുന്നു. കഴിഞ്ഞ സീസണിൽ ബയേണിന് വേണ്ടി ഗോളടിച്ചു കൂട്ടിയ പോളിഷ് സ്‌ട്രൈക്കർ 35 ഗോളുകൾ നേടി ബുണ്ടസ്‌ലീഗ ടോപ് സ്‌കോറർ ആയിരുന്നു.ജർമ്മനിയിലെ തന്റെ അവസാന സീസണിൽ, തന്റെ ഏഴാമത്തെ ടോപ്പ് സ്കോറർ പുരസ്‌കാരം നേടുകയും ചെയ്തു. 34 കാരന്റെ തുടർച്ചയായ അഞ്ചാമത്തേതായിരുന്നു.കൂടാതെ കഴിഞ്ഞ രണ്ട് ദി ബെസ്റ്റ് അവാർഡുകൾ (2020, 2021) ലെവൻഡോവ്‌സ്‌കിക്ക് ലഭിച്ചിട്ടുണ്ട്, കഴിഞ്ഞ രണ്ട് സീസണുകളിലെ ഗോൾഡൻ ബൂട്ടും അദ്ദേഹം നേടിയിട്ടുണ്ട്.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോററായിരുന്നു ഫ്രഞ്ചുകാരൻ, റയൽ മാഡ്രിഡിന്റെ കിരീടം നേടുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്തു.യുവേഫയുടെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത താരം 2022 ലെ ദി ബെസ്റ്റ്, ബാലൺ ഡി ഓർ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.റയൽ മാഡ്രിഡിന്റെ കളി മുന്നോട്ടു പോകുന്നത് ഫ്രഞ്ച് താരത്തിലൂടെ തന്നെയാണ്. ഒരിക്കലും തോൽക്കാൻ കഴിയില്ലെന്ന താരത്തിന്റെ മനോഭാവവും പലപ്പോഴും കളിക്കളത്തിൽ പ്രതിഫലിക്കുന്നു. അതുകൊണ്ടു തന്നെ ഈ സീസണിലും ബെൻസിമയെ പിടിച്ചു നിർത്താൻ മറ്റു ടീമുകൾക്ക് വളരെ ബുദ്ധിമുട്ടായിരിക്കും.

യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരായി അറിയപ്പെടുന്ന ഈ താരങ്ങൾ തമ്മിലായിരിക്കും ഇത്തവണ ലാ ലിഗ ടോപ് സ്‌കോറർ പുരസ്‌കാരത്തിനു വേണ്ടി പോരാടുന്നത്. യു ദ്ധം ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ,2023 ജൂൺ എത്തുമ്പോൾ ആരാണ് ഇവരിൽ വിജയിക്കുക എന്നറിയാം. രണ്ടു താരങ്ങളുടെയും പോരാട്ട വീര്യം ലാ ലിഗക്ക് പുതിയ മാനം നൽകും എന്ന കാര്യത്തിൽ സംശയമില്ല.

Rate this post