അത്ഭുതം നിറഞ്ഞ കണ്ണുകൾ,ഫ്ലയിങ് കിസ്സുകൾ,കെട്ടിപ്പിടുത്തങ്ങൾ,വൈറലായി മെസ്സിയെ കണ്ട കുരുന്നുകളുടെ വീഡിയോ.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മക്കാബി ഹൈഫയെ പരാജയപ്പെടുത്താൻ ഫ്രഞ്ച് ഭീമൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയം നേടിയത്. ഇസ്രായേലി ക്ലബായ മക്കാബി ഹൈഫയുടെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.

മത്സരത്തിൽ മികച്ച പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി നടത്തിയിട്ടുള്ളത്.പിഎസ്ജി ഒരു ഗോളിന് പിറകോട്ട് പോയ സമയത്ത് സമനില ഗോൾ നേടിക്കൊടുത്തത് മെസ്സിയായിരുന്നു. മാത്രമല്ല എംബപ്പേ ഗോൾ നേടിയപ്പോൾ അതിന് പിറകിൽ പ്രവർത്തിച്ചിരുന്നതും ലയണൽ മെസ്സി തന്നെയായിരുന്നു. പിന്നീട് വെരാറ്റി- നെയ്മർ കൂട്ടുകെട്ടിൽ നിന്നാണ് പിഎസ്ജിയുടെ മൂന്നാം ഗോൾ പിറന്നത്.

എന്നാൽ ഈ മത്സരത്തിലെ മറ്റൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.അതായത് മത്സരത്തിന് മുന്നോടിയായി അണിനിരക്കാൻ വരുന്ന സമയത്ത് ലയണൽ മെസ്സിയെ കണ്ട കുട്ടികളുടെ റിയാക്ഷനുകളാണ് ഇപ്പോൾ വൈറലായിട്ടുള്ളത്. മെസ്സി വരുന്ന സമയത്ത് ഒരുപറ്റം കുട്ടികൾ വിശ്വസിക്കാനാവാത്ത, അത്ഭുതം നിറഞ്ഞ കണ്ണുകളുമായി മെസ്സിയെ വരവേൽക്കുകയായിരുന്നു.

മാത്രമല്ല താരത്തെ കണ്ട ഉടനെ തന്നെ ചില കുട്ടികൾ മെസ്സിക്ക് ഫ്ലയിങ് കിസ്സുകൾ നൽകുന്നുണ്ട്. ഈ കുട്ടികളെ നിരാശരാക്കാൻ മെസ്സി തയ്യാറായിരുന്നില്ല.മെസ്സി അവരെ സമീപിക്കുകയായിരുന്നു. ഇതോടെ കുറച്ചു കുട്ടികൾ ഓടിവന്ന് മെസ്സിയെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മാത്രമല്ല മെസ്സിയും എംബപ്പേയുമൊക്കെ ഈ കുട്ടികളോട് കുശലം പറയുന്നതും വീഡിയോ ദൃശ്യങ്ങളിലൂടെ നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ്.

മെസ്സി എന്ന താരത്തിന്റെ ആരാധക പിന്തുണയും ജനപ്രീതിയുമാണ് ഇത് തെളിയിക്കുന്നത്.ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും പ്രായഭേദമന്യേ മെസ്സിക്ക് ആരാധകരുണ്ട്. കൊച്ചു കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ മെസ്സിയെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കുകയും ചെയ്യുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ നമ്മൾ ഏറെ കണ്ടതാണ്. അതിലേക്കുള്ള ഒരു ഉദാഹരണം കൂടിയാണ് ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സംഭവിച്ചിരിക്കുന്നത്.

Rate this post