തടുക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ കളിക്കാരൻ മെസിയാണ്, കാരണം വെളിപ്പെടുത്തി പ്രീമിയർ ലീഗ് താരം

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമെന്ന വിശേഷം നേരത്തെ തന്നെ സ്വന്തമാക്കിയിരുന്ന ലയണൽ മെസി ഖത്തർ ലോകകപ്പ് വിജയത്തോടെ അതുറപ്പിച്ചു കഴിഞ്ഞു. ലോകകപ്പ് നേടിയതോടെ ഇനി കരിയറിൽ മെസിക്ക് സ്വന്തമാക്കാൻ പ്രധാന ട്രോഫികളൊന്നും ബാക്കിയില്ല. കരിയറിൽ കളിച്ചിട്ടുള്ള ടൂർണമെന്റുകളിൽ ഫ്രഞ്ച് കപ്പ് കിരീടം മാത്രമേ മെസി നേടാതിരുന്നിട്ടുള്ളൂ. അത് ഈ സീസണിൽ സ്വന്തമാക്കാൻ താരത്തിന് അവസരവുമുണ്ട്.

ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസി തടുക്കാൻ ഏറ്റവും പ്രയാസമേറിയ താരമാണെന്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ റൈറ്റ് ബാക്കായ കീറോൺ ട്രിപ്പിയർ പറയുന്നത്. “ഞാൻ നേരിട്ടതിൽ ഏറ്റവും മികച്ച താരം ലയണൽ മെസിയാണ്, തീർച്ചയായും അതെ. മൈതാനത്ത് മെസിയൊരു മാന്ത്രികനാണ്. താരത്തിൽ നിന്നും പന്തെടുക്കാൻ പോലും കഴിയില്ല.” ട്രിപ്പിയർ ഗോളിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

2019 മുതൽ 2022 വരെയുള്ള സീസണുകളിൽ അത്ലറ്റികോ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കീറോൺ ട്രിപ്പിയർ. ആ സമയത്ത് ലയണൽ മെസിക്കെതിരെ താരം കളിച്ചിട്ടുള്ളതിൽ നിന്നാണ് മെസിയെ തടുക്കുന്നതിന്റെ ബുദ്ധിമുട്ട് താരം മനസിലാക്കിയതെന്നു വേണം അനുമാനിക്കാൻ. എങ്കിലും മെസി അടക്കമുള്ള ബാഴ്‌സലോണ ടീമിനെ പിന്നിലാക്കി 2020-21 സീസണിൽ സ്‌പാനിഷ്‌ ലീഗ് കിരീടം നേടാൻ ട്രിപ്പിയർക്ക് കഴിഞ്ഞിട്ടുണ്ട്.

ലയണൽ മെസിക്കെതിരെ നാല് തവണയാണ് ട്രിപ്പിയർ അത്ലറ്റികോ മാഡ്രിഡിനൊപ്പം ഇറങ്ങിയിരിക്കുന്നത്. രണ്ടു മത്സരങ്ങളിൽ ടീമിന് ക്ലീൻഷീറ്റ് നേടിക്കൊടുക്കാൻ ഇംഗ്ലണ്ട് താരത്തിന് കഴിഞ്ഞിരുന്നു. മറ്റു രണ്ടു മത്സരങ്ങളിലും ലയണൽ മെസി ഗോളുകൾ നേടുകയും ചെയ്‌തു. ട്രിപ്പിയർ ടോട്ടനത്തിൽ ആയിരിക്കുന്ന സമയത്ത് ചാമ്പ്യൻസ് ലീഗിൽ മെസിയുമായി ഏറ്റുമുട്ടിയപ്പോൾ രണ്ടു ഗോളുകൾ അർജന്റീന താരം നേടിയിരുന്നു.

3/5 - (3 votes)